നിപ: കണ്ടെത്തിയത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ്

Web Desk

കോഴിക്കോട്

Posted on May 29, 2018, 5:59 pm

മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരിയായ നിപാ വൈറസാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പ്. മലേഷ്യയില്‍ കണ്ടത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആയിരുന്നു. എന്നാല്‍ കോഴിക്കോട് പേരാമ്പ്രയില്‍ കണ്ടെത്തിയത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന തരം വൈറസാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിന് സമാനമാണ് കോഴിക്കോടും കണ്ടെത്തിയത്. നിലവില്‍ ഒരു കുടുംബവുമായി ബന്ധമുള്ളവരില്‍ മാത്രമാണ് അസുഖംകണ്ടത്. നിലവിലുള്ള വൈറസ് ബാധയെ നിയന്ത്രിക്കാന്‍ സാധിച്ചാലും അടുത്ത വര്‍ഷവും വൈറസിനെതിരെ ജാഗ്രത വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. നിപാവൈറസുമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞെന്ന് യോഗം വിലയിരുത്തി. പുതിയ കേസുകള്‍ ഇപ്പോള്‍ വരുന്നില്ലെന്നും നേരത്തെ രോഗം വന്നു മരിച്ചവരുമായി ബന്ധമുള്ളവരെല്ലാം ഇപ്പോഴും നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.

വൈറസ് ബാധയ്ക്ക് രണ്ടാം ഘട്ടം ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാനുള്ള സംവിധാനങ്ങളും തയ്യാറെടുപ്പും ഒരുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. വൈറസ് ബാധ കണ്ടെത്തെന്നുവരുമായി ബന്ധമുള്ളവര്‍ക്ക് നേരിട്ട് കാര്യം അറിയിക്കാനുള്ള സംവിധാനം ഒരുക്കും. എന്‍ 5 മാസ്‌കുള്‍പ്പെടെയുള്ള കൂടുതല്‍ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായികഴിഞ്ഞു. നിപ്പ ബാധിതര്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടാകും.

അടുത്ത മാസം 10 വരെ നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണം തുടരും. ഉത്സവം, ആഘോഷം എന്നിങ്ങനെയുള്ള പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലത്ത് രോഗിയുമായി ബന്ധമുള്ളവര്‍ പോകാന്‍ പാടില്ലെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ സ്ഥിരം ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കാനും വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. നിലവില്‍ ഒമ്പതുപേരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.