നിപ; പോരാട്ടം സമ്പൂര്‍ണ വിജയത്തിലേക്ക്

Web Desk
Posted on June 10, 2019, 6:35 pm

കൊച്ചി : നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു. യുവാവിന്‍റെ സാമ്പിളുകൾ വീണ്ടും പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. നിലവിൽ ഐസൊലേഷൻ വാർഡിലുളള ആർക്കും നിപ രോഗ ബാധയില്ലെന്ന്  സ്ഥിരീകരിച്ചിരുന്നു.രോഗബാധിതനായ യുവാവിന് ഇന്നലെ പനി അനുഭവപെട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു . പരസഹായമില്ലാതെ നടന്ന് തുടങ്ങി

കളമശേരി മെഡിക്കൽ കോളേജിൽ 30 പേരെ പാർപ്പിക്കാവുന്ന പുതിയ ഐസൊലേഷൻ യൂണിറ്റും ഇന്നലെ സജ്ജമാക്കി. ഇതിന്‍റെ ട്രയൽ റൺ പൂർത്തീകരിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന്‍റെ ഭാഗമായിട്ടാണിതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.രോഗി ആംബുലിസില്‍ എത്തുന്നത് മുതല്‍ ഐസലേഷന്‍ വാര്‍ഡില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ട്രയല്‍ റണ്‍ നടത്തിയത്.

നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.  വരാപ്പുഴ സ്വദേശിയാണ്.  മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡില്‍ 8 രോഗികളാണുള്ളത്. ഇവരുടെ നില കുഴപ്പമില്ലാതെ  തുടരുന്നു.

എറണാകുളം മെഡിക്കല്‍ കോളജില്‍ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം ഇന്നലെ  അഞ്ച് സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ്, ഇടുക്കി ജില്ലാ ആസ്പത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാമ്പിളുകളും  എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ  രണ്ടാം ഘട്ട പരിശോധനക്കായി ശേഖരിച്ച സാമ്പിളും ഉള്‍പ്പെടുന്നു.

ആകെ 329 പേരാണ് സമ്പര്‍ക്ക ലിസ്റ്റിലുള്ളത്. 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം തൊടുപുഴ, മുട്ടം മേഖലകളില്‍ നിന്നുള്ള 52 പഴം തീനി വവ്വാലുകളില്‍ നിന്ന് ഇതേവരെ സാമ്പിളുകള്‍ ശേഖരിച്ചു.
ഇന്ന് ഇവിടെ നിന്ന് 22 സാമ്പിളുകളാണ് പൂനെ എന്‍ ഐ വി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ
ശേഖരിച്ചത്. ഈ സാംപിളുകള്‍ ശേഖരിച്ച് പുനെയിലേക്ക് അയക്കും.ഇന്ന്  ആലുവ, പറവൂര്‍ മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയാണ് നടക്കുന്നത്.  ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. ഗോഖലെ, ഡോ: ബാലസുബ്രഹ്മണ്യന്‍ എന്നീ ശാസ്ത്രജ്ഞരും ഉണ്ട്.

നിപ കണ്‍ട്രോള്‍ റൂമില്‍ സംശയനിവാരണത്തിനായി ഇതുവരെ എത്തിയത് 596 കോളുകളാണ്. 7 കോളുകളാണ് ഇന്നലെ  ലഭിച്ചത്.

nipah

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ 2327 പേര്‍ക്ക് പരിശീലനം നല്‍കി. ഇതോടെ ആകെ പരിശീലനം ലഭിച്ചവരുടെ എണ്ണം 18655 ആയി.
ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് വരയ്ക്കാം ആരോഗ്യത്തിനായി എന്ന പേരില്‍ ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, വിഎച്ച്എസ്ഇ, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 12ന് സ്‌കൂള്‍ തലത്തില്‍ മത്സരം നടത്തും.  എല്ലാ വിദ്യാര്‍ത്ഥികളേയും സ്‌കൂള്‍തല മത്സരത്തില്‍ പങ്കെടുപ്പിക്കും.  സ്‌കൂള്‍ തലത്തിലെയും ഉപജില്ലാ തലത്തിലെയും ജില്ലാ തലത്തിലെയും  ഏറ്റവും മികച്ച രചന തെരഞ്ഞെടുത്ത് സമ്മാനം നല്‍കും.  പ്രത്യേകം തയ്യാറാക്കിയ ബോധവല്‍കരണസന്ദേശം 12ന് എല്ലാ സ്‌കൂളുകളിലും രാവിലത്തെ അസംബ്ലിയില്‍ വായിക്കും.

അതിഥി തൊഴിലാളികളില്‍ നിപ ജാഗ്രത സന്ദേശം എത്താക്കാന്‍ വേണ്ടി  എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ബംഹാളി, തമിഴ്, ഹിന്ദി ഭാഷകളില്‍ തയ്യാറാക്കിയ വീഡിയോയും, ആരോഗ്യവകുപ്പ് തയ്യാറാക്കിയ  ശബ്ദ സന്ദേശങ്ങളും  തൊഴിലാളികള്‍ ജോലി ചെയുന്ന സ്ഥലങ്ങളില്‍ പ്രദശിപ്പിക്കുകയും കേള്‍പ്പിക്കുകയും ചെയ്തു. കൂടാതെ തൊഴിലാളികള്‍ക്ക് ഇടയില്‍ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നതിന് അതി ഥി തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴില്‍ ഉടമകള്‍ക്കും, കരാറുകാര്‍ക്കും  ബോധവല്‍ക്കരണ ക്ലാസുംനടത്തും .