നിപ: മരണം 17 ആയി, ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്

Web Desk

കോഴിക്കോട്

Posted on May 31, 2018, 10:37 pm

നിപ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 17 ആയി. കോട്ടൂര്‍ പഞ്ചായത്ത് പൂനത്ത് പാറപ്പുറത്ത് മീത്തല്‍ വീട്ടില്‍ രസില്‍ (25) ആണ് ഇന്നലെ മരിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ രസില്‍ നേരത്തെ പനിയെ തുടര്‍ന്ന് ബാലുശ്ശേരി മുക്കിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതേസമയത്ത് നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച കോട്ടൂര്‍ സ്വദേശി ഇസ്മയിലും ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് രസിലിന് നിപ വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. രസില്‍ പനി മാറി വീട്ടിലെത്തിയെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 27നാണ് രോഗ ലക്ഷണങ്ങളോടെ രസിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അച്ഛന്‍: ഭാസ്‌കരന്‍. അമ്മ: ഇന്ദിര. സഹോദരി: രസ്‌ന.

നിപ വൈറസ് ബാധയേറ്റ് ബുധനാഴ്ച കോഴിക്കോട് രണ്ടുപേര്‍ മരണമടഞ്ഞിരുന്നു. കോഴിക്കോട് നെല്ലിക്കോട് ഡിവൈന്‍ വീട്ടില്‍ മധുസൂദനന്‍ (55), കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശി അഖില്‍ (28) എന്നിവരാണ് മരിച്ചത്. ഇന്നലെ നാലുപേരെ പുതുതായി നിപ രോഗബാധ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ ലഭിച്ച 186 പരിശോധനാ ഫലങ്ങളില്‍ 18 എണ്ണം പോസിറ്റീവാണ്. 1407 പേര്‍ രോഗികളുമായി അടുത്തിടപഴകിയ സമ്പര്‍ക്ക ലിസ്റ്റിലുണ്ട്. ആദ്യഘട്ടത്തില്‍ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ സാബിത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെങ്കില്‍ രസിലിന് ഇസ്മയിലില്‍ നിന്നാണ് പകര്‍ന്നതെന്നത് വൈറസ് രോഗബാധയുടെ രണ്ടാം ഘട്ടമെന്നാണ് സൂചിപ്പിക്കുന്നത്. രോഗ പ്രതിരോധത്തിന് ജനങ്ങള്‍ ജാഗ്രത വര്‍ദ്ധിപ്പിക്കേണ്ടതാണെന്ന സാഹചര്യം നിലവിലുണ്ട്. ആസ്‌ട്രേലിയയില്‍ നിന്നുള്ള ഹ്യൂമണ്‍ മോണോക്ലോണ്‍ എം. 102.4 മരുന്നിന്റെ 50 സാമ്പിളുകള്‍ ഇന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗത്തിന്റെ രണ്ടാം ഘട്ട വരവിനെ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

ജില്ലാ കോടതിയില്‍ സിറ്റിംഗ് രണ്ടാഴചത്തേക്ക് നിര്‍ത്തിവെക്കണമെന്ന ബാര്‍ അസോസിയേഷന്റെ നിവേദനത്തിന് ഹൈക്കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ യുവി ജോസ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍, ഡിഎംഒ ഡോ. വി ജയശ്രീ എന്നിവര്‍ സംബന്ധിച്ചു.