Janayugom Online
nipah burial

നിപാ നമ്മെ എന്ത് പഠിപ്പിക്കുന്നു?

Web Desk
Posted on May 27, 2018, 1:28 am

ജോസ് ഡേവിഡ്

മഴപ്പനി നമുക്ക് പുത്തരിയല്ല. ഡെങ്കി, ചിക്കൻ ഗുനിയ, ടൈഫോയ്ഡ്, ന്യുമോണിയ, ഹേ ഫീവർ തുടങ്ങി പലവിധ പനികൾ കാലവർഷത്തോടൊപ്പം കേരളത്തിലേക്ക് വരുന്നത് നാം സ്ഥിരമായി കാണുന്നു. ഇക്കുറി വന്നത് നിപാ വൈറസ്. അത് പനിയല്ല, മരുന്ന് പോലും കൃത്യമായി കണ്ടു പിടിക്കാൻ കഴിയാത്ത, പിടിപെട്ടുകഴിഞ്ഞാൽ മരണത്തിനു വഴങ്ങുകയേ മാർഗ്ഗമുള്ളുവെന്നു ഇപ്പോൾ കരുതപ്പെടുന്ന ഭയാനകമായ എന്തോ ഒന്ന്. 13 പേർ നിപ ബാധിച്ചു മരിച്ചു. പക്ഷെ അത് ഭയാക്രാന്തരാക്കിയത് ഏറെക്കുറെ കേരളീയരെ മുഴുവൻ. മംഗലാപുരത്തേക്ക് കൂടി രണ്ടു രോഗികൾ എത്തിയതോടെ നിപാ ദക്ഷിണേന്ത്യയിലേക്കു വ്യാപിച്ചുവെന്നായി വാർത്തകൾ. ഒടുവിൽ, ആശങ്കകൾക്കൊടുവിൽ നിപ നിയന്ത്രണ വിധേയമായി.

എന്നാൽ ആർക്കും ആശ്വസിക്കാൻ വകയില്ലാത്ത വിധം രോഗം നമ്മെ ഭയപ്പെടുത്തുന്നു. മരണമാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭീതി. പ്രവചനാതീതമെങ്കിലും അതിന്റെ മുമ്പിൽ നാം കാണിക്കുന്ന നിസ്സഹായതയാണ് ഈ ദിവസങ്ങളിൽ ദൃശ്യമായത്. രോഗം വന്നവരെ പരിചരിച്ച ബന്ധുക്കൾ മരിച്ചതോടെ, ചികിൽസിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരി മരിച്ചതോടെ, ഭയം ഹിസ്റ്റീരിയ പോലെ പടരുകയായിരുന്നു. രോഗം പിടിപെട്ട പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയുടെ ഖബറടക്കം നടത്തിയവർ ധരിച്ച കവചങ്ങൾ കൂടി ദൃശ്യങ്ങളിൽ കണ്ടതോടെ ഭയം പതിന്മടങ്ങാകുകയും ചെയ്തു. മുമ്പെങ്ങും നാം കണ്ടിട്ടില്ലാത്ത കാഴ്ച.

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം അരുതെന്നും
മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും
മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കണമെന്നും തുടങ്ങി നിർദേശങ്ങൾ വന്നതോടെ കോളറക്കാലത്തെ പറഞ്ഞു കേട്ട സംഭവങ്ങളുടെ ആവർത്തനം പോലെയായി.

പകരാവുന്ന രോഗങ്ങൾ കൈകാര്യം ചെയ്യുമ്പോലെ രോഗിയെ ഐസൊലേഷൻ വാർഡിലേക്ക്, ചികിൽസിക്കുന്നവർ മാസ്‌കും ഗൗണും ധരിച്ചും മറ്റു ഒട്ടേറെ മുൻകരുതലുകൾ എടുത്തും മാത്രം അടുത്തേക്ക് തുടങ്ങി ഒട്ടേറെ സംവിധാനങ്ങൾ ഉടലെടുത്തു. നിപ്പ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാരെ ഡല്‍ഹി സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനത്തിന് അയച്ചു. മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള വിദഗ്ധർ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സംഘം, സംസ്ഥാന പൊതു ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ തുടങ്ങി വൻ സംഘം പ്രതിരോധത്തിനിറങ്ങി.

നിപാ പ്രതിരോധിക്കാൻ സാധ്യതയുണ്ടെന്ന്​ കരുതുന്ന റിബവൈറിൻ എന്ന മരുന്നെത്തി. 10,000 ഗുളികകൾ. എന്നാൽ മരുന്നിന്​ പാർശ്വഫലങ്ങളുള്ളതിനാൽ ട്രയൽ നടത്തിയ ശേഷം മാത്രമേ ഇത് രോഗികൾക്ക്​ നൽകാനാവൂ. വൈറസിനെതിരെ പ്രവർത്തിക്കുന്ന റിബവൈറിൻ ഹെപ്പറ്റൈറ്റിസ്​ സിയെയും വൈറൽ ഹെ​മറേജിക്​ ഫീവറിനെയും പ്രതിരോധിക്കാൻ വേണ്ടിയാണ്​ സാധാരണ ഇത് ഉപയോഗിക്കുന്നത്​.

1998 ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിലാണ് മാരക മസ്തിഷ്‌ക ജ്വരത്തിന് കാരണമായ വൈറസ് (നിപാ വൈറസ്) ആദ്യം പടര്‍ന്നു പിടിച്ചത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇത് കടക്കുന്നത്. രോഗം ബാധിച്ച മനുഷ്യരില്‍ നിന്നും മറ്റുള്ളവരിലേക്കും പകരും. ശ്വാസ തടസ്സം, കടുത്ത തലവേദന, പനി തുടങ്ങി മസ്തിഷ്‌ക ജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍.

പേരാമ്പ്രയിൽ മൂസയുടെ കുടുംബം പുതുതായി വാങ്ങിയ ആള്‍പ്പാര്‍പ്പില്ലാതെ കിടന്ന വീടിനോട് ചേർന്ന് വര്‍ഷങ്ങളായി ഉപയോഗിക്കാത്ത കിണര്‍ വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് മൂസയും രണ്ടുമക്കളും പനി ബാധിച്ച് മരിച്ചത്. ഇവരിലൂടെയാണ് മറ്റ് പലരിലേക്കും വൈറസ് പടര്‍ന്നത്. ഈ കിണറിനുചുറ്റും വവ്വാലുകള്‍ കടിച്ചിട്ട മാമ്പഴങ്ങളും വവ്വാല്‍ കാഷ്ഠവുമാണ്. ഇതുകൊണ്ടു, മരണം വവ്വാലുകൾ വഴിയെന്ന് സംശയിക്കുകയും അതിന്റെ പരിശോധന നടത്തുകയും ചെയ്‌തെങ്കിലും ഭോപ്പാൽ ലബോറട്ടറിയിൽ നിന്നും വവ്വാലിൽ വൈറസ് ഇല്ലെന്നു റിപ്പോർട്ട് വന്നു.

മരിച്ച മൂസയുടെ മകൻ സാബിത്തിന്റെ യാത്രാപശ്ചാത്തലം പരിശോധിക്കുകയാണിപ്പോൾ. ഇദ്ദേഹം മലേഷ്യയിൽ ജോലി ചെയ്തിരുന്നുവെന്നു പറയപ്പെടുന്നു. ആദ്യം മരിച്ചതിനാല്‍ സ്രവ െസാംപിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചിരുന്നില്ല. ദീര്‍ഘകാലമായി വിദേശത്ത് ജോലി ചെയ്ത കാലത്ത് രോഗം മറ്റേതെങ്കിലും രീതിയില്‍ പിടിപ്പെട്ടതാണോയെന്നും തെളിയാനുണ്ട്. മരണം സംഭവിക്കുന്നതിന് ഒരു മാസം മുമ്പാണ് സാബിത്ത് നാട്ടിലെത്തുന്നത്. ഈ സമയത്ത് അദ്ദേഹത്തിന് ഉദരസംബന്ധമായ രോഗമുണ്ടായിരുന്നെന്നും ഇതിന് അദ്ദേഹം ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. അതിനിടെയാണ് വവ്വാലിനെ കണ്ടെത്തിയ കിണര്‍ വൃത്തിയാക്കുന്നത്.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തുകയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കുകയും ചെയ്തു. രോഗം പടരാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനും ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ 19നാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടതെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട്ടെത്തിയെന്നും നിപാ വൈറസ് ഉന്മൂലനം ചെയ്യുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

യുദ്ധകാല പരിതഃസ്ഥിതിയാണ് എങ്ങും. പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നു, അവിടേക്കു പോകാൻ പുറത്തു നിന്നുള്ളവരും. സദാ തെരക്കേറിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കെത്താൻ രോഗികൾ വിമുഖരാണ്‌.

വവ്വാൽ കേന്ദ്രബിന്ദുവായതോടെ കേരളത്തിലുടനീളം മാമ്പഴം അടക്കമുള്ള പഴവിപണി കടുത്ത പ്രതിസന്ധിയിയിലായി. വവ്വാല്‍ കടിച്ച മാമ്പഴമെന്ന ഭീതയിൽ ജനങ്ങൾ വാങ്ങാൻ അറച്ചതോടെ തമിഴ്‌നാട്ടിലെ മൊത്ത വ്യാപാര മാമ്പഴ കച്ചവടം ഒരാഴ്ചയായി നിലച്ചിരിക്കുകയാണ്. വിളവെടുപ്പ് സീസണായ തമിഴ്‌നാട്ടില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാമ്പഴം പഴുത്ത് നശിച്ചു. പഴങ്ങൾ വിറ്റ് ഉപജീവനമാര്‍ഗം നടത്തിവന്നവർ കടുത്ത പട്ടിണിയിലായി. മാമ്പഴത്തിന് പുറമെ പേരക്ക, മുന്തിരി, ഓറഞ്ച്, ആപ്പിള്‍ തുടങ്ങി എല്ലാ പഴങ്ങളും വവ്വാല്‍ കടിച്ചതാകാമെന്ന പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായതോടെ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതി.

പ്രവാസികളുടെ നാടായ കേരളം, മനുഷ്യരെ പുറത്തേക്കയക്കുകയും ഉള്ളിലേക്ക് സ്വീകരിക്കുകയും ചെയ്യുന്നത് മുമ്പെന്നത്തേക്കാളും വ്യാപകമാണ്. പോകുന്നവരെയും വരുന്നവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കാനുള്ള സംവിധാനങ്ങൾ രൂപീകരിച്ചെടുക്കാൻ നമുക്ക് കഴിവില്ല. ആരോഗ്യ രംഗത്തു വളരെ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴയുമ്പോഴും, ലോക നിലവാരത്തിലേക്ക് ഉയർന്നുവെന്ന് നാം അഭിമാനിക്കുമ്പോഴും രോഗത്തെ കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും എങ്ങനെ തടയാമെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് തീർച്ചയയും നമുക്ക് മുമ്പിലുള്ള വെല്ലുവിളിയാണ്. രോഗം രണ്ടാമതൊരാൾക്കു പകരുന്നത് ഒഴിവാക്കാൻ എന്ത് ശാസ്ത്രമുണ്ടെന്നും നാം പഠിക്കേണ്ടിയിരിക്കുന്നു. പകർച്ചവ്യാധികൾ കീഴടങ്ങുന്നത് അങ്ങനെയാണ്. ഓരോ മനുഷ്യജീവനും അത്ര അമൂല്യമാണ്.