നിപ ബാധ: കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ അവലോകനയോഗം ഇന്ന്

Web Desk
Posted on June 06, 2019, 8:01 am

കൊച്ചി: സംസ്ഥാനത്ത് നിപ ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ അവലോകന യോഗം ചേരും. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്രസംഘത്തിന്റെ സഹായത്തോടെ വിവിധ ഇടങ്ങളില്‍ ഇന്നും തുടരും. അദ്ധ്യയനവര്‍ഷം തുടങ്ങുന്നതിനാല്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

കളമശ്ശേരിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച അഞ്ച് പേരുടെയും രക്തസ്രവ സാംപിളുകള്‍ പരിശോധനക്കായി പുനെ ഉള്‍പ്പടെയുള്ള ലാബുകളിലേക്ക് അയച്ചിരുന്നു. പ്രാഥമിക നിഗമനത്തില്‍ ഈ പരിശോധന ഫലം ആശങ്കയ്ക്ക് വഴി വയ്ക്കുന്നതല്ലെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ചിരിക്കുന്ന സൂചന. ജില്ലയില്‍ ഇതുവരെ മൃഗങ്ങളില്‍ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപ ഉറവിടം സംശയിക്കുന്ന മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്. വിവിധ തലത്തിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വിലയിരുത്തും.

നിപ ബാധിതനുമായി നേരിട്ട ബന്ധപ്പെട്ട അഞ്ച് പേര്‍ക്ക് പുറമെ കോതമംഗലം, അങ്കമാലി സ്വദേശികളെ കൂടി കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ആവശ്യമെങ്കില്‍ ഇവരുടെ രക്തസ്രവ സാംപിളുകളും പരിശോധനക്കയക്കും. നിലവില്‍ 314 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.