വായ്പാ തട്ടിപ്പുകേസിൽ പ്രതിയായ വജ്രവ്യാപാരി നീരവ് മോഡിയുടെ സ്വത്തുവകകൾ ലേലം ചെയ്തതിലൂടെ ലഭിച്ചത് 51 കോടി രൂപ. പഞ്ചാബ് നാഷണൽ ബാങ്കിൽ 13,000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ നീരവ് മോഡി ലണ്ടനിലെ ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് സ്കോട്ട്‌ലാൻഡ് യാർഡ് നീരവ് മോഡിയെ അറസ്റ്റ് ചെയ്യുന്നത്.
ആഢംബര കാറുകൾ, വാച്ചുകൾ, പ്രശസ്തരുടെ പെയിന്റിങ്ങുകൾ മുതലായവയാണ് ലേലത്തിനുണ്ടായിരുന്നത്. ഇതിൽ വാച്ചുകൾക്കും പെയിന്റിങ്ങുകൾക്കുമാണ് ഏറെ ആവശ്യക്കാരുണ്ടായിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ ആസ്തികളിൽ 40 വസ്തുക്കളാണ് ലേലത്തിനു വച്ചിരുന്നത്. മുംബൈയിലെ ലേലസ്ഥാപനമായ സാഫ്രോനാർട്ട്സാണ് ലേലം നടത്തിയത്.
ഓൺലൈൻ ലേലം വഴി ഏകദേശം 2.4 കോടി രൂപ ലഭിച്ചു. വ്യാഴാഴ്ച നടന്ന രണ്ടാമത്തെ ലേലത്തിലാണ് 51 കോടി രൂപ ലഭിച്ചത്. മാർച്ച് മൂന്നുമുതൽ അഞ്ച് വരെയായിരുന്നു ഓൺലൈൻ ലേലം. ബാഗുകൾ, ഇന്ത്യൻ ചിത്രകാരന്മാരുടെ പെയിന്റിങ്ങുകൾ, ആഢംബര വാച്ചുകൾ എന്നിവയായിരുന്നു ഇതിലുണ്ടായിരുന്നത്.
എംഎഫ് ഹുസൈന്റെ പെയിന്റിങ്ങി (ബാറ്റിൽ ഓഫ് ഗംഗ ആൻഡ് ജമുന‑മഹാഭാരത-12) നു മാത്രമായി 12 കോടി രൂപ ലഭിച്ചു. അമൃത ഷെർഗിലിന്റെ 1935ലെ ബോയ്സ് വിത്ത് ലെമൺസ് 15.7 കോടിയ്ക്കാണ് വിറ്റുപോയത്. വി എസ് ഗെയ്റ്രോൺഡെയുടെ പെയിന്റിങ് 9.52 രൂപയ്ക്ക് ലേലത്തിനുപോയി. മഞ്ജിത് ബാവയുടെ പെയിന്റിങ്ങിന് ലഭിച്ചത് 6.16 കോടി രൂപയാണ്. അർപിത സിങ്ങിന്റെ ‘ട്വന്റി സെവൻ ഡക്ക്സ് മെമ്മറി’ 1.2 കോടി രൂപയ്ക്ക് വിറ്റതാണ് ലേലത്തിലെ ഏറ്റവും കുറഞ്ഞ വില. വാച്ചുകളിൽ ഗിറാർഡ്-പെരെഗോക്സ് ‘ഓപ്പറ വൺ’ ട്രിപ്പിൾ ബ്രോഡ്ജ് ടൂർബില്ലോൺ 95.20 ലക്ഷം രൂപ നേടി.
English Summary; Nirav Modi asset auction fetches Rs 51 crore
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.