നീരവ് മോഡിയെ ഇന്ത്യയിലെത്തിക്കാന്‍ നീക്കം ശക്തം

Web Desk
Posted on March 21, 2019, 9:57 pm

ന്യൂഡല്‍ഹി: വിവാദ വ്യവസായി നീരവ് മോഡിയെ ഇന്ത്യയിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ശക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നീരവിനെ ഇന്ത്യയിലെത്തിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍, കഴിഞ്ഞ ദിവസം ലണ്ടനില്‍ നീരവ് മോഡിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്ത്യ നീക്കങ്ങള്‍ ശക്തിപ്പെടുത്തിയത്. നീരവിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നീരവിനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ബ്രിട്ടീഷ് ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം ബ്രിട്ടനിലെ നടപടിക്രമങ്ങള്‍ ദൈര്‍ഘ്യമേറിയതാണെന്നത് കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.

നീരവ് മോഡിക്കെതിരെയുള്ള കുറ്റപത്രം, എഫ്‌ഐആര്‍, ജാമ്യമില്ലാ വാറന്റ് എന്നിവ ബ്രിട്ടീഷ് അധികൃതര്‍ക്ക് നേരത്തെ തന്നെ ഇന്ത്യ കൈമാറിയിരുന്നു. സാമ്പത്തിക തട്ടിപ്പുകേസില്‍ അഭയം തേടിയ വ്യക്തിയായി നീരവിനെ കാണണമെന്നാണ് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം നീരവ് മോഡിയെ പാര്‍പ്പിച്ചിരിക്കുന്നത് ദക്ഷിണപടിഞ്ഞാറന്‍ ലണ്ടനിലെ ക്രിമിനലുകള്‍ നിറഞ്ഞുകവിഞ്ഞ ജയിലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിലെതന്നെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നാണ് മോഡിയെ പാര്‍പ്പിച്ചിട്ടുള്ള ഹെര്‍ മെജസ്റ്റീസ് ജയില്‍.

48കാരനായ നീരവ് മോഡിയെ ഹോളിയുടെ തലേരാത്രിയാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. മാര്‍ച്ച് 29വരെ ജില്ലാ ജഡ്ജ് മേരി മലോണ്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ വെള്ള ഷര്‍ട്ടും ട്രൗസറുമാണ് മോഡി ധരിച്ചിരുന്നത്.
കൈമാറ്റം പ്രതീക്ഷിച്ചുകഴിയുന്ന പാക് കുറ്റവാളി ജാബിര്‍ മോട്ടി ഉള്‍പ്പെടെയുള്ളവരാണ് നീരവിന്റെ സഹതടവുകാര്‍. അതീവ സുരക്ഷാ പ്രശ്‌നങ്ങളുള്ള ബി കാറ്റഗറി ജയിലാണിത്.
യുകെയിലെ ചീഫ് പ്രിസണ്‍ ഇന്‍സ്‌പെക്ടര്‍ 2018 മാര്‍ച്ചില്‍ നടത്തിയ പരിശോധന പ്രകാരം 1428 പുരുഷന്മാരാണ് ജയിലില്‍ തടവുകാരായുള്ളത്. ഫോബ്‌സിന്റെ പട്ടികപ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പ്രമുഖനാണ് നീരവ് മോഡി. 175 കോടി ഡോളറാണ് ഫോബ്‌സ് കണക്കാക്കിയിരിക്കുന്ന ആസ്തി.

അറസ്റ്റിലാകുമ്പോള്‍ വെസ്റ്റ്എന്‍ഡിലെ സെന്റര്‍ പോയിന്റിലുള്ള ആഡംബര പാര്‍പ്പിട സമുച്ചയത്തിലാണ് നീരവ് താമസിച്ചിരുന്നത്.നീരവ് മോഡിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് വിവിധ ബാങ്കുകളില്‍ നിന്നും 13,000 കോടി തട്ടിച്ച് രാജ്യം വിടുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയില്‍ 2018 ജൂണില്‍ നീരവിനും മറ്റുരണ്ടുപേര്‍ക്കുമെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.