ഫോബ്‌സ് പട്ടികയില്‍ നിന്നും നീരവ് മോഡി പുറത്ത്

Web Desk

ന്യൂഡല്‍ഹി

Posted on March 07, 2018, 10:25 pm

രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വജ്രവ്യാപാരി നീരവ് മോഡി ഇനി ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ പട്ടികയുടെ ഭാഗമായിരിക്കില്ല. അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്‌സിന്റെ പട്ടികയില്‍ 2017ല്‍ 1.8 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള മോഡിയും ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം പട്ടികയില്‍ നിന്നും മോഡി പുറത്തായി.

മോഡിക്കൊപ്പം തന്നെ പാപ്പ ജോണ്‍സ് പിസയുടെ സ്ഥാപകന്‍ ഷ്‌നാറ്റര്‍, സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ക്രിസ്റ്റഫല്‍ വീസ്, സൗദി അറേബ്യയിലെ അല്‍വലീദ് ബിന്‍ തലാല്‍ അല്‍ സൗദ് തുടങ്ങിയവരും പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്. എന്നാല്‍ ഫോബ്‌സിന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്മാരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്.119 പേരാണ് ഫോബ്‌സിന്റെ പട്ടികയില്‍ ഈ വര്‍ഷം ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 പേര്‍ കൂടുതല്‍. ഇവരുടെ ആകെ ആസ്തി 440.1 ബില്യന്‍ യുഎസ് ഡോളറാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 114.6 ബില്യന്‍ യുഎസ് ഡോളറിന്റെ വര്‍ധനവ് ഇക്കൊല്ലമുണ്ട്.

ലോകത്തെ ഏറ്റവും പണക്കാരായ 2,043 പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇവരുടെ ആകെ സമ്പത്ത് 9.1 ട്രില്യന്‍ യുഎസ് ഡോളറാണ്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനം കൂടുതല്‍. ഇക്കൊല്ലത്തെ പട്ടികയില്‍ നിന്നും പുറത്തായ നീരവ് മോഡിയെക്കുറിച്ചും ബാങ്ക് തട്ടിപ്പ് കേസിന്റെ വിവരങ്ങളെ കുറിച്ചും ഫോബ്‌സിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ട്.
വെബ്‌സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സിന്റെ സ്ഥാപകനായ നീരവ് മോഡി വജ്ര വ്യാപരത്തിലൂടെയാണ് ശതകോടീശ്വരനാകുന്നത്. മുംബൈ, ഹോങ്കോങ്, ലണ്ടന്‍, മക്കാവു#ൊ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായി നീരവ് മോഡി ബ്രാന്‍ഡിന് കീഴില്‍ 14 വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങുകയുണ്ടായി.

കഴിഞ്ഞ ഫെബ്രുവരിയില്‍ നീരവ് മോഡി പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ വന്‍തട്ടിപ്പിനെക്കുറിച്ചും തട്ടിപ്പിന് ശേഷം നാട് വിട്ട മോഡിയെ കണ്ടെത്തുന്നതിന് സിബിഐ ഇന്റര്‍പോളിന്റ സഹായം അഭ്യര്‍ത്ഥിച്ചതും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.