നീരവ് മോഡി സാമ്പത്തിക കുറ്റവാളി

Web Desk
Posted on December 05, 2019, 10:33 pm

മുംബൈ: കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോഡിയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി മുംബൈയിലെ പ്രത്യേക കോടതി പ്രഖ്യാപിച്ചു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

വിജയ് മല്യക്ക് ശേഷം തട്ടിപ്പ് വിരുദ്ധ നിയമ പ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോഡി. നിലവില്‍ ലണ്ടനിലെ വാണ്ട്‌സ് വര്‍ത്ത് ജയിലിലാണ് നീരവ് മോഡി. സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട് വിദേശത്തേക്ക് രക്ഷപ്പെടുന്നവരെ പിടികൂടാന്‍ രൂപപ്പെടുത്തിയ ഫ്യുജിറ്റേറ്റിവ് ഇക്കണോമിക്‌സ് ഒഫന്‍ഡര്‍( നിയമത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചത്.

രാജ്യത്ത് നിന്ന് രക്ഷപ്പെടുന്ന സാമ്പത്തിക കുറ്റവാളികളെ തടയുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോഡിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് നടത്തിയത്. കേസില്‍ സിബിഐ അന്വേഷണം തുടങ്ങുന്നതിനു മുമ്പേ ഇരുവരും രാജ്യം വിട്ടു. എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം 2018‑ല്‍ വെസ്റ്റ് എന്‍ഡിലെ വസതിയില്‍ വെച്ചാണ് ലണ്ടൻ പൊലീസ് മോഡിയെ അറസ്റ്റു ചെയ്തത്. മോഡിയെ വിട്ടു തരണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ 2010 മേയില്‍ വിചാരണ ആരംഭിക്കും.