Web Desk

March 20, 2020, 12:26 pm

മുന്നിൽ തൂക്കുകയർ, കഴിഞ്ഞ രാത്രി പുലരും വരെ ആ 4 പേരും ചെയ്തത്‌ ഇങ്ങനെയൊക്കെ

Janayugom Online

നീണ്ട ഏഴ് വർഷത്തെ നിയപോരാട്ടങ്ങൾക്കൊടുവിൽ രാജ്യത്തെ നടുക്കിയ, ലജ്ജിപ്പിച്ച ആ ക്രൂരകൃത്യം ചെയ്ത നാല് പ്രതികളും കഴുമരത്തിലേറി. 2012 ഡിസംബറിൽ ഡൽഹിയിൽ ഓടുന്ന ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേരും ഇന്ന് തൂക്കിലേറ്റപ്പെട്ടു. തൂക്കുകയറിൽ നിന്നും ഊരിപ്പോരാൻ ആവുന്ന തന്ത്രങ്ങളെല്ലാം പയറ്റിയിട്ടും രാജ്യം അവർക്കു മാപ്പുകൊടുക്കാൻ തയ്യാറായിരുന്നില്ല. നിർഭയയ്ക്കു നീതി എന്ന ശബ്ദം എങ്ങും പ്രതിധ്വനിച്ചു.

തിഹാർ ജയിലിലെ വ്യത്യസ്ത സെല്ലുകളിലായിരുന്നു നിർഭയ കേസിലെ പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ്, അക്ഷയ് ഠാക്കൂർ എന്നിവർ കഴിഞ്ഞിരുന്നത്. തൂക്കിലേറ്റാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്നലെയും പ്രതികൾ വധശിക്ഷ ഒഴിവാക്കണമെന്ന ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പ്രതികളുടെ അവസാന നീക്കവും പഴുതില്ലാതെ തടഞ്ഞ കോടതി പ്രതികൾക്ക് കഴുമരം തന്നെ ശിക്ഷ എന്ന് വിധിക്കുകയായിരുന്നു.

ഒടുവിൽ പ്രതികളെ നാലുപേരെയും ഒരേസമയം തൂക്കിലേറ്റി. ഒരു കഷ്ണം കറിൽ തങ്ങളുടെ ജീവിതം അവസാനിക്കാൻ പോകുന്നു എന്ന തോന്നൽ പ്രതികളുടെ ഉറക്കം കെടുത്തിയിരിക്കണം. പുലർച്ചെ 3.30ഓടെ പ്രതികളെ തയ്യാറെടുപ്പുകൾക്കായ് വിളിച്ചു. പ്രഭാത ഭക്ഷണം കഴിക്കാൻ അവരാരും തയ്യാറായില്ല. രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്ന പ്രതികളോട് കുളിക്കാനാവശ്യപ്പെട്ടെങ്കിലും അവർ അതിനും തയ്യാറായില്ല. അവസാന ആഗ്രഹം എന്താണെന്നു പറയാനോ, വിൽപത്രം എഴുതാനോ അവർ തയ്യാറായില്ല. സമാനതകളിലില്ലാത്ത ക്രൂരത ചെയ്തിട്ടും തങ്ങളുടെ ജീവൻ കൊലക്കയറിൽ തീരുമെന്ന ഭീതി അവരെ അലട്ടിയിരുന്നിരിക്കണം. പ്രതികളിൽ മുകേഷ് സിങ് മാത്രം ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു പറഞ്ഞു.

2014ൽ ഡൽഹി ഹൈക്കോടതിയും 2017ൽ സുപ്രീംകോടതിയും ശരിവെച്ച വധശിക്ഷയാണ് ഇപ്പോൾ നടപ്പിലായിരിക്കുന്നത്. ശിക്ഷയിൽ നിന്നും ഊരിപ്പോരാൻ പ്രതികൾ നടത്തിയ നിരന്തര ശ്രമങ്ങളാണ് ശിക്ഷ ഇത്രയും കാലം വൈകിപ്പിച്ചത്. തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതികളെ ബന്ധുക്കൾ കാണാനെത്തിയിരുന്നു. പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവർ ജയിലിൽജോലി ചെയ്തിരുന്നു ഇതിനു കിട്ടിയ പ്രതിഫലം വീട്ടുകാർക്ക് അയച്ചു കൊടുക്കും. അക്ഷയ് ഠാക്കൂർ ജയിലിൽ ജോലി ചെയ്തിരുന്നില്ല.

പുലർച്ച 5.30 നാണ് പ്രതികളെ തൂക്കിലേറ്റുന്നത്. അതിനു മുമ്പായി ജയിൽ ഡോക്ടർ നാലുപേരെയും പരിശോധിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തി. ജയിൽ സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, റസിഡൻറ് മെഡിക്കൽ ഓഫീസർ, ജില്ലാ മജിസ്ട്രേറ്റ് ഒരു ജയിൽ ജീവനക്കാരൻ എന്നിവരെ സാക്ഷിയാക്കി ആരാച്ചാർ പവൻ ജല്ലാദ് നാലുപേരെയും തൂക്കിലേറ്റി. പ്രോട്ടോകോൾ പ്രകാരം 30 മിനിറ്റ് മൃതദേഹം കഴുമരത്തിൽ തന്നെ കിടന്നു. തുടർന്ന് മൃതദേഹങ്ങൾ ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോയി. ഫോറൻസിക് ഡിപ്പാർട്ട്മെന്റിലെ അഞ്ചു പേരടങ്ങുന്ന വിദഗ്ധ സംഘമാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കുക. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Eng­lish Sum­ma­ry: Nirb­haya accused execution

You may also like this video