Web Desk

ന്യൂഡല്‍ഹി

February 05, 2020, 5:26 pm

നിര്‍ഭയ കേസ്: ഹൈകോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍

Janayugom Online

നിര്‍ഭയ കേസില്‍ ദില്ലി ഹൈകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ ഒന്നിച്ചു മാത്രം മതിയെന്ന ദില്ലി ഹൈകോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ നല്‍കിയ വിചാരണ കോടതിയുടെ നടപടിക്കെതിരെ സമര്‍പ്പിച്ച കേന്ദ്രത്തിന്റെ ഹര്‍ജി ദില്ലി ഹൈകോടതി തള്ളിയിരുന്നു. പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ദില്ലി ഹൈകോടതി ഉത്തരവിട്ടു. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്നും  ഹൈകോടതി വ്യക്തമാക്കിയിരുന്നു.

ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതിനെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം കേസിലെ പ്രതികള്‍ക്ക് ഏഴു ദിവസത്തെ സമയം കോടതി അനുവദിച്ചു. അതിനുള്ളില്‍ നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്നും കോടതി അന്ത്യശാസനം നല്‍കി. നിയമ നടപടികളുടെ പേരില്‍ ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Nirb­haya case, Cen­tral Gov­ern­ment move Supreme Court chal­leng­ing High Court verdict

YOU MAY ALSO LIKE THIS VIDEO