Web Desk

ന്യൂഡൽഹി

February 20, 2020, 11:50 am

സെല്ലിനുള്ളിലെ ചുമരില്‍ തലയിടിപ്പിച്ച് സ്വയം പരിക്കേൽപ്പിച്ച് നിർഭയ കേസ് പ്രതി വിനയ് ശർമ്മ

Janayugom Online

നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളായ വിനയ് ശർമ ജയിലിനുള്ളിൽ സ്വയം മുറിവേൽപ്പിക്കുവാൻ ശ്രമിച്ചു. സെല്ലിനുള്ളിലെ ചുമരിൽ തലയിടിച്ചാണ് ഇയാൾ സ്വയം പരിക്കേൽപ്പിച്ചത്. ഇയാളുടെ പരിക്ക് നിസ്സാരമാണെന്നും, വേണ്ട ചികിൽസ നൽകിയതായും തീഹാർ ജയിൽ അധികൃതർ അറിയിച്ചു. ഫെബ്രുവരി 16 നായിരുന്നു സംഭവം.

വിനയ് ശർമ ജയിലിനുള്ളിൽ നിരാഹാരസമരത്തിലാണെന്നും, ജയിലിനുള്ളിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റതായും ഇയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇയാൾ ഗുരുതര മാനസികരോഗത്തിൽപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വധശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതിനെ തുടർന്ന് വിനയ് ശർമയ്ക്ക് പ്രത്യേക നിരീക്ഷണമേർപ്പെടുത്താൻ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു.

നിർഭയകേസിലെ നാലു പ്രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിന് നടപ്പിലാക്കാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കണമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയുടെ ഉത്തരവ്.

2012 ഡിസംബര്‍ 16‑നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. ദിവസങ്ങൾക്കു ശേഷം ചികിത്സയിലായിരിക്കെ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Eng­lish Sum­ma­ry; Nirb­haya case con­vict Vinay Shar­ma attempts to hurt him­self in jail

YOU MAY ALSO LIKE THIS VIDEO