നിർഭയ പുനഃപരിശോധനാ ഹർജി ഇന്ന് ; വധശിക്ഷ പോലും കുറവെന്ന് ‘അമ്മ

Web Desk
Posted on July 09, 2018, 9:45 am

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സമൂഹമനസാക്ഷിയെ ഞെട്ടിച്ച് 2012ല്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി നിര്‍ഭയയെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന കേസില്‍ വധശിക്ഷ ലഭിച്ച പ്രതികളുടെ പുന:പരിശോധനാ ഹര്‍ജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷണ്‍, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ഹര്‍ജി തള്ളിയെങ്കിലും പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജി നല്‍കാം. അതും തള്ളിയാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജിയും നല്‍കാം.
ശിക്ഷ പുന:പരിശോധിക്കാന്‍ തക്ക കാരണങ്ങള്‍ ഒന്നും തന്നെ ചൂണ്ടിക്കാട്ടാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വിധിയില്‍ തെറ്റുന്നുണ്ടെന്ന പ്രതികളുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും പരമോന്നതകോടതി വ്യക്തമാക്കി.
കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണമൊഴിയും പൊലീസ് നടത്തിയ സാങ്കേതിക, ശാസ്ത്രീയ പരിശോധനകളും ശക്തമായ തെളിവുകളാണെന്നും സുപ്രിം കോടതി വിലയിരുത്തി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ഒരു വിനോദോപാധിയായി മാത്രമാണു പരിഗണിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
വിധിപ്രസ്താവിക്കുന്ന സമയത്ത് നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയിലുണ്ടായിരുന്നു.
കേസിലെ പ്രതികളായ മുകേഷ് സിംഗ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ്മ (23) എന്നിവരാണ് പുന:പരിശോധനാ ഹര്‍ജി നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂര്‍ (31) ഹര്‍ജി നല്‍കിയിരുന്നില്ല. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ നാലു പേരും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ശിക്ഷ ശരിവച്ചു. ഇത് സുപ്രിം കോടതിയും ശരിവച്ചു. തുടര്‍ന്നാണ് പുന:പരിശോധനാ ഹര്‍ജിയുമായി പ്രതികള്‍ വീണ്ടും സുപ്രിം കോടതിയിലെത്തിയത്.
അതേസമയം, പ്രതികളുടെ കാര്യത്തില്‍ അനീതിയാണുണ്ടായതെന്ന് അവരുടെ അഭിഭാഷകന്‍ ആരോപിച്ചു. പൊതുസമൂഹത്തിന്റേയും രാഷ്ട്രീയ നേതൃത്വത്തിന്റേയും സമ്മര്‍ദ്ദം കാരണമാണ് കോടതി ശിക്ഷ ശരിവച്ചതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2012 ഡിസംബര്‍ 16നു രാത്രിയില്‍, മുനീര്‍ക്കയില്‍ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോയ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം സിംഗപ്പൂരിലേക്കു മാറ്റി. ഡിസംബര്‍ 29ന് എലിസബത്ത് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ തടവിനുശേഷം പുറത്തിറങ്ങി. ഡ്രൈവര്‍ രാംസിംഗിന്റെ സഹോദരന്‍ മുകേഷ്, സുഹൃത്തുക്കളായ വിനയ്, അക്ഷയ്, പവന്‍ എന്നിവര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

വിധിയില്‍ സന്തുഷ്ട, നിയമ സംവിധാനത്തില്‍
മാറ്റം അനിവാര്യം: നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ കോടതി വിധിയില്‍ താന്‍ സന്തുഷ്ടയാണെങ്കിലും രാജ്യത്തെ നിയമ സംവിധാനത്തില്‍ കാതലായ മാറ്റം അനിവാര്യമാണെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി.
രാജ്യത്തെ നിയമസംവിധാനങ്ങള്‍ തങ്ങളേയും സമൂഹത്തേയും പരാജയപ്പെടുത്തിയെന്നാണ് ആശാ ദേവി പ്രതികരിച്ചത്. മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ട് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും ഇത്തരം നിരവധി സംഭവങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയുമാണ്. ഇവിടെ തോറ്റുപോകുന്നത് നമ്മുടെ നിയമസംവിധാനങ്ങളാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരകൃത്യങ്ങള്‍ എത്രയും വേഗം നിര്‍ത്തലാക്കാന്‍ സാധിക്കണമെന്നും ആശാദേവി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ വളരെ ചെറുതാണ്. എങ്കിലും എല്ലാവര്‍ക്കും ഈ വിധി ഒരു പാഠമായിരിക്കണമെന്നും ആശാദേവി കൂട്ടിച്ചേര്‍ത്തു.