Web Desk

ന്യൂഡൽഹി

March 17, 2020, 6:17 pm

പീഡനം നടന്ന ഡിസംബർ 16ന് ഡൽഹിയിൽ ഇല്ലായിരുന്നു; പുതിയ ഹർജിയുമായി നിർഭയ കേസ് പ്രതി

Janayugom Online

വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പുതിയ ഹർജിയുമായി നിർഭയ കേസ് പ്രതി. കേസിന് ആസ്പദമായ പീഡനം നടക്കുമ്പോൾ ഡൽഹിയിൽ ഇല്ലായിരുന്നുവെന്നു കാട്ടി പ്രതികളിലൊരാളായ മുകേഷ് സിങ് ആണ് പട്യാല ഹൗസ് കോടതിയിൽ ഹർജി നൽകിയത്. പീഡനം നടന്ന ഡിസംബർ 16ന് ഡൽഹിയിൽ ഇല്ലായിരുന്നതിനാൽ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിങ് ഹർജി നൽകിയത്. എന്നാൽ അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ ഹർജി തള്ളളി.

ഡൽഹിയിൽ ഇല്ലായിരുന്ന തന്നെ രാജസ്ഥാനിൽ നിന്ന് അറസ്റ്റു ചെയ്ത് ഡിസംബർ 17ന് ഡൽഹിയിൽ കൊണ്ടുവരികയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. തന്നെ തിഹാർ ജയിലിൽ വെച്ച് അധികൃതർ ദേഹോപദ്രവം ഏല്പ്പിച്ചതായും മുകേഷ് സിങ് ആരോപിക്കുന്നുണ്ട്. എന്നാൽ പ്രതിയുടെ ഹർജി ബാലിശമാണെന്നും വധശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

കേസിലെ നാല് പ്രതികളായ മുകേഷ് സിങ് (32), അക്ഷയ് കുമാർ സിങ് (31), വിനയ് ശർമ (26), പവൻ ഗുപ്ത (25) എന്നിവരുടെ വധശിക്ഷ 20നു രാവിലെ 5.30നു നടപ്പാക്കണമെന്നാണു പട്യാല ഹൗസ് കോടതിയുടെ വാറന്റ്. വധശിക്ഷ ഒഴിവാക്കുന്നതിന് അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ രാജ്യാന്തര നീതിന്യായ കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു.

Eng­lish Sum­ma­ry; Nirb­haya Con­vict Fresh Plea Claims

YOU MAY ALSO LIKE THIS VIDEO