ഡിസംബറിലെ കൊടും തണുപ്പിൽ ചൂടുകാഞ്ഞുറങ്ങിയ ഡൽഹി അടുത്ത ദിവസം ഉണർന്നത് രാജ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം കേട്ടറിഞ്ഞായിരുന്നു. കൃത്യമായി പറഞ്ഞാല്‍ തെക്കന്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ 2012 ഡിസംബര്‍ 16 ഞായറാഴ്ചയാണ് രാജ്യത്തെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. സ്വന്തം സുഹൃത്തിനൊപ്പം യാത്രചെയ്ത ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ വച്ച് അതിലെ ആറു ജീവനക്കാര്‍ ചേര്‍ന്ന് അതിക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സുഹൃത്തിനെ കമ്പി വടികൊണ്ട് മർദ്ദിച്ചവശരാക്കിയ നരാധമന്മാർ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി. ജീവനും മരണത്തിനും ഇടയിലെ നേരിയ ഇടവേളയില്‍ അവളെയും സുഹൃത്തിനെയും ബസില്‍നിന്നും വലിച്ചെറിഞ്ഞു. പീഡനത്തിന് ഇരയായ വ്യക്തിയുടെ പേരു വെളിപ്പെടുത്തരുതെന്ന രാജ്യത്തെ നിയമങ്ങളുടെ അനുശാസന പ്രകാരം ഭയമില്ലാത്തവള്‍ എന്ന അര്‍ത്ഥത്തില്‍ ആ പെണ്‍കുട്ടിക്കൊരു പേരു ലഭിച്ചു. നിര്‍ഭയ. രാജ്യത്തെ പീഡകര്‍ക്കു മുന്നില്‍ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ധൈര്യമുള്ള മുഖമായി അവളുടെ ആ പേരു മാറി.
അങ്ങനെ നിര്‍ഭയയെന്ന പേര് ഇന്ത്യന്‍ മനസാക്ഷിക്കൊപ്പം ചേര്‍ത്തു വയ്ക്കപ്പെട്ടു. നിര്‍ഭയയുടെ പീഡകരെ രാജ്യം മാതൃകാപരമായി ശിക്ഷിക്കണമെന്ന് പെണ്‍കുട്ടികളുള്ള ഓരോ മാതാപിതാക്കളും മനസ്സുകൊണ്ട് ആഗ്രഹിച്ചു. തങ്ങളുടെ മകള്‍ക്കൊപ്പം നിര്‍ഭയയും അവരുടെയൊക്കെ മനസ്സില്‍ ഇതിനോടകം ഇടം പിടിച്ചിരുന്നു. ബസ് ഡ്രൈവറായ രാം സിങും ഇളയ സഹോദരന്‍ മുകേഷും ഞായറാഴ്ച ആഘോഷമാക്കാന്‍ നിശ്ചയിച്ചു. ബസുമായി ഇറങ്ങിയ ഇവര്‍ക്ക് വഴിയില്‍ 17കാരനായ, പ്രായപൂര്‍ത്തിയാകാത്തയാളെയും കൂടെകൂട്ടി. ഇടയ്ക്ക് വച്ച് അക്ഷയ് താക്കൂര്‍ (27) പവന്‍ ഗുപ്ത (19) വിനയ് ശര്‍മ്മ (20) എന്നിവരും ഇവരോടൊപ്പം ചേർന്നു. സിനിമ കണ്ടശേഷം മടങ്ങുകയായിരുന്ന നിര്‍ഭയയെയും സുഹൃത്തിനെയും കണ്ടതോടെ ബസ് നിര്‍ത്തി. ബസ് ദ്വാരകയ്ക്കാണെന്നും പറഞ്ഞതോടെ ഇരുവരും ബസിൽ കയറി. ബസിലുണ്ടായിരുന്ന ആറുപേരും മദ്യലഹരിയിലായിരുന്നു. നാലുപേര്‍ യാത്രക്കാരായി ഇടം പിടിച്ചിരുന്നതുകൊണ്ട് നിര്‍ഭയയും സുഹൃത്തും സംശയിച്ചില്ല. എന്നാല്‍ വൈകും മുമ്പേ അത് സംഭവിച്ചു. സുഹൃത്തിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയ ഇവര്‍ നിർഭയയെ ബസിന്റെ പിന്‍ഭാഗത്തേക്കു വലിച്ചിഴച്ചു.
പിന്നീട് ആറുപേര്‍ ഒരുമണിക്കൂറോളം നിർഭയയെ പീഡിപ്പിച്ചു. ചെറുത്തു നില്‍പ്പുകള്‍ക്കായി ആകാവുന്നതു ശ്രമിച്ചപ്പോഴും അതിനെ മറികടന്ന് പ്രായപൂർത്തിയാകാത്ത പ്രതി ബസിലെ ലിവറു നിർഭയയുടെ ജനനേന്ദ്രിയത്തിലേക്ക് ആഴ്ത്തി. കൈയിലുള്ളതെല്ലാം പിടിച്ചു പറിച്ച് പ്രാണന്‍ മാത്രം ബാക്കിവെച്ച നിര്‍ഭയയെയും സുഹൃത്തിനെയും ഇവര്‍ വഴിയില്‍ വലിച്ചെറിഞ്ഞു. വിവസ്ത്രയായി രക്തമൊലിപ്പിച്ച് റോഡ് സൈഡില്‍ കിടന്ന നിര്‍ഭയയെ കണ്ട വഴിപോക്കര്‍ പൊലീസിനെ വിവരമറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസുകാർക്ക് അപ്പോൾ ഉയർന്നുവന്നത് ഇതേതും പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുമെന്ന സംശയമായിരുന്നു. തര്‍ക്കം മുറുകുമ്പോള്‍ ഒരു ജീവന്റെ അവസാന തുടിപ്പിന്റെ സ്പന്ദനങ്ങളുടെ ആക്കം അവസാനിച്ചു വരികയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ നിര്‍ഭയയേയും സുഹൃത്തിനേയും ആശുപത്രിയിലെത്തിച്ചു. അത്രകണ്ട് അവശനല്ലാതിരുന്ന സുഹൃത്ത് ജീവിതത്തിലേക്ക് വേഗം മടങ്ങിയെത്തിയപ്പോള്‍ നിര്‍ഭയ മരണത്തോടുള്ള പോരാട്ടം തുടര്‍ന്നു.
പതിനൊന്നു ദിവസം രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ ലഭ്യമായ എല്ലാ ചികിത്സയും നിര്‍ഭയക്കു നല്‍കി. എന്നാല്‍ സംഭവം രാജ്യത്തെ ഭരണ സിരാ കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കി. രാജ്യമെങ്ങും പ്രതിഷേധം വ്യാപിച്ചു. പ്രതിഷേധത്തിന്റെ സ്വരങ്ങളെ ചെറുക്കാന്‍ എയര്‍ ആംബുലന്‍സില്‍ നിര്‍ഭയയെ സിംഗപ്പൂരിലേ ആശുപത്രിയിലേക്കു അയച്ചു. എന്നാൽ നിർഭയയെ രക്ഷപ്പെടുത്താൻ വൈദ്യശാസ്ത്രത്തിനു കഴിഞ്ഞില്ല. കേസിലെ ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ബസ് ഡ്രൈവറായിരുന്ന രാം സിങ് 2013 മാര്‍ച്ച് 11ന് വിചാരണ തടവുകാരനായി തീഹാറില്‍ കഴിയവെ ആത്മഹത്യ ചെയ്തു. അതേസമയം ഇയാളുടെ അഭിഭാഷകരും കുടുംബവും സംഭവം കൊലപാതകമാണെന്ന് ആരോപണം ഉയര്‍ത്തിയിരുന്നു. അതിവേഗ കോടതിയില്‍ നടന്ന വിചാരണക്കൊടുവില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 17കാരനായ രാമുവിന് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്നു വര്‍ഷം നല്ലനടപ്പ്.
ബാക്കി പ്രതികളെ മരണം വരെ തൂക്കിലേറ്റാനും വിചാരണ കോടതി ഉത്തരവു പുറപ്പെടുവിച്ചു. 2013 ജൂലൈ എട്ടിന് വാദം പൂര്‍ത്തിയാക്കിയ കേസില്‍ 2013 സെപ്റ്റംബര്‍ 10നാണ് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് നടന്നത് രാജ്യം കാണാത്തതെന്നു വിശേഷിപ്പിക്കാവുന്ന നിയമ പോരാട്ടങ്ങളായിരുന്നു. കേസ് ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചതെടെ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും. ദയാഹര്‍ജി തള്ളിയതിനെതിരെ ഹര്‍ജി. ഇങ്ങനെ രാജ്യത്തെ നിയമം ഒരു പ്രതിക്ക് ലഭ്യമാക്കുന്ന സകല നിയമ പോരാട്ടങ്ങളും ഒന്നിനു പിറകേ ഒന്നായി പുറത്തെടുക്കുന്ന നിയമത്തിന്റെ നടപടി ക്രമങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായത്. വിചാണക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ 2014 മാര്‍ച്ച് 13ന് ഹൈക്കോടതി നിരാകരിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി 2019 ഡിസംബര്‍ 18നാണ് സുപ്രീം കോടതി തള്ളിയത്. ഇതേ തുടര്‍ന്ന് 2020 ജനുവരി ഏഴിന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ആദ്യ മരണ വാറണ്ട് വിചാരണ കോടതി പുറപ്പെടുവിച്ചു. 2020 ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനാണ് ആദ്യ മരണ വാറണ്ട്. രണ്ടാമത്തേത് ഫെബ്രുവരി ഒന്നിലേക്ക്. മൂന്നാമത്തേത് മാര്‍ച്ച് മൂന്നിലേക്കും. നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രതികള്‍ക്കുള്ള അവസരങ്ങള്‍ ബാക്കിനിന്ന സാഹചര്യത്തില്‍ ഈ മൂന്നുത്തരവുകളും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും ഒടുവില്‍ പുറപ്പെടുവിച്ച മരണ വാറണ്ടാണ് ഇന്ന് നടപ്പാക്കുന്നത്.
English Summary: Nirbhaya execution story
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.