നിർഭയ ബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിർമിച്ചത്. അതേസമയം ഡമ്മികളെ ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് തൂക്കിലേറ്റിയത്.
നിർഭയ കേസിലെ പ്രതികളെ ഈ മാസം 22‑ന് തൂക്കിലേറ്റുന്നതിന് ഡൽഹി അഡീഷണൽ സെഷൻസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 22‑ന് രാവിലെ ഏഴ് മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് വാറണ്ടിൽ നിർദേശിച്ചിട്ടുള്ളത്. ഇതിനിടെ തൂക്കിലേറ്റാൻ വിധിച്ച നാല് പ്രതികളിൽ വിനയ് ശർമ, മുകേഷ് എന്നിവർ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. ഈ ഹർജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
ജസ്റ്റിസുമാരായ എൻ. വി. രമണ, അരുൺ മിശ്ര, ആർ. ബാനുമതി, അശോക് ഭൂഷൺ, ആർ. എഫ്. നരിമാൻ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് തിരുത്തൽ ഹർജി പരിഗണിക്കുക. ഹർജി കോടതി തള്ളിയാൽ വിനയ് ശർമ, മുകേഷ് എന്നിവരെ കൂടാതെ പവൻ, അക്ഷയ് എന്നീ പ്രതികളേയും 22‑ന് തന്നെ തൂക്കിലേറ്റും.