Web Desk

December 30, 2019, 1:41 pm

ഉറങ്ങാത്ത ക്ഷേത്രനഗരിയില്‍ നിർഭയരായി അവര്‍ നടന്നു

Janayugom Online

ഗുരുവായൂര്‍: ചാനല്‍ ക്യാമറകളും നോക്കിനില്‍ക്കാന്‍ ആള്‍ക്കൂട്ടങ്ങളുമില്ല. ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ അവര്‍ നടന്നു. ഉറങ്ങാത്ത നഗരമെന്ന് വിശേഷണമുള്ള ക്ഷേത്രനഗരിയായ ഗുരുവായൂരില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേവതി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിത ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പൊതുയിടം എന്റേതും എന്ന സന്ദേശമുയര്‍ത്തി സംസ്ഥാനത്തുടനീളം രാത്രി നടത്തം സംഘടിപ്പിച്ചത്. ഒരു പക്ഷേ പദ്ധതിയുടെ ലക്ഷ്യപ്രാപ്തി പൂര്‍ണ്ണമായും കൈവരിക്കുന്നതില്‍ ഗുരുവായൂര്‍ നഗരം 100 ശതമാനം വിജയിച്ചുവെന്ന് പറയേണ്ടി വരും. മറ്റു പലയിടങ്ങളിലും മാധ്യമ പടയും കൗതുകത്തോടെ ആള്‍ക്കൂട്ടങ്ങളും നടത്തക്കാരെ പിന്തുടര്‍ന്നപ്പോള്‍ സ്ത്രീകള്‍ തനിയെ നടക്കുകയെന്ന ആശയം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പായില്ല.

ഗുരുവായൂരിലാകട്ടെ ഭരണ നേതൃത്വം മുന്‍കയ്യെടുത്ത് സ്ത്രീകളില്‍ നിന്ന് സ്ത്രീകളിലേക്ക് മാത്രമായി ഈ രാത്രി നടത്തത്തിന്റെ സന്ദേശം എത്തിച്ചുകൊണ്ടായിരുന്നു പ്രചരണം. വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളിലെ സ്ത്രീ കൂട്ടായ്മകളും പങ്കെടുത്തു. രാത്രി 11 മുതല്‍ പുലര്‍ച്ചെ 1 മണി വരെയുള്ള സമയമാണ് നടത്തത്തിനായി തെരഞ്ഞെടുത്തത്. അടിയന്തിര ഘട്ടങ്ങളെ നേരിടുവാന്‍ മഫ്തി പോലീസ്, ആരോഗ്യ സംഘങ്ങള്‍, വളണ്ടിയര്‍മാര്‍ എന്നിവരെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിരുന്നെങ്കിലും അതൊന്നുമറിയാതെ സ്ത്രീകള്‍ സധൈര്യം ഗുരുവായൂര്‍ നഗരത്തില്‍ കറങ്ങിയടിച്ചു. നിരവധി പേര്‍ പരിപാടിയില്‍ പങ്കാളികളായി. നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്ത എല്ലാ വനിതകള്‍ക്കും പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകളും വിതരണം ചെയ്തു.

you may also like this video

Eng­lish sum­ma­ry: nirb­haya night walk by women in guruyayoor