ബിഹാറില്‍ ജനങ്ങള്‍ക്ക് സൗജന്യ കോവിഡ് വാക്‌സിന്‍; തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ ന്യായീകരിച്ച് നിര്‍മല സീതാരാമന്‍

Web Desk

ന്യൂഡല്‍ഹി

Posted on October 24, 2020, 7:44 pm

ബിഹാറില്‍ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനത്തെ ന്യായീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും . അധികാരത്തില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് പ്രഖ്യാപിക്കാം. അതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന വാഗ്ദാനത്തെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് വിശദീകരണം. പ്രകടന പത്രികയിലെ വാഗ്ദാനമാണത്. അധികാരത്തില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് പാര്‍ട്ടികള്‍ക്ക് വാഗ്ദാനം ചെയ്യാം. അതാണ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി അവകാശപ്പെട്ടു.

ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രകടന പത്രികയിലെ അവകാശവാദം ചട്ടലംഘനവും കോഴവാഗ്ദാനത്തിന് തുല്യവുമെന്നാണ്  വിലയിരുത്തൽ.

കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച പ്രകടനപത്രികയിലൂടെ മഹാമാരിയെ വോട്ടുരാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന ബിജെപിക്കെതിരെ വന്‍ വിമര്‍ശനമാണ് രാഷ്ട്രീയതലത്തിലും സമൂഹ്യമാധ്യമങ്ങളിലും ഉയർന്നിരിക്കുന്നത്. കോവിഡ് വാക്‌സിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് വിലകുറഞ്ഞ സംസ്‌കാരമാണെന്നും വിമര്‍ശനം ഉയർന്നു. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നത് ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഇന്നലെ പുറത്തിറക്കിയ പ്രകടന പത്രികയിലെ ഒന്നാമത്തെ വാഗ്ദാനമാണ്.

Eng­lish sum­ma­ry: Nir­mala sitara­man defends covid vac­cine promise in Bihar elec­tion

You may also like this video;