ഭവന നിർമാണ മേഖലയ്ക്ക് 25,000 കോടി; മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കും

Web Desk
Posted on November 06, 2019, 9:41 pm

ന്യൂഡൽഹി: ഭവനമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മുടങ്ങിക്കിടക്കുന്ന പാർപ്പിട പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. 25,000 കോടിയുടെ പദ്ധതിയില്‍ പതിനായിരം കോടി കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബാക്കി തുക എസ്ബിഐ, എല്‍ഐസി തുടങ്ങിയവ വഴി സമാഹരിക്കും.

4.58 ലക്ഷം പാർപ്പിട യൂണിറ്റുകൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. രാജ്യത്ത് ഇപ്പോൾ മുടങ്ങി കിടക്കുന്ന 1,600 ഓളം ഭവന പദ്ധതികൾക്ക് പാക്കേജ് സഹായകമാകും. പദ്ധതികൾ മുടങ്ങിയതു മൂലം വീടുകൾ വാങ്ങാൻ സാധിക്കാത്തവർക്കും ഇതു ഗുണം ചെയ്യും. താങ്ങാനാവുന്നതും ഇടത്തരവുമായ ഭവന പദ്ധതികൾക്കുള്ള പ്രത്യേക പാക്കേജ് റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കുകയും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നു മന്ത്രി പറഞ്ഞു.

സിമന്റ്, സ്റ്റീല്‍ വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാക്കുകയും ചെയ്യാനാവും. സാമ്പത്തിക മേഖലയിലാകെ ഒരു പുത്തൻ ഉണർവ് ഇതിലൂടെ പ്രതീക്ഷിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി.