5 November 2024, Tuesday
KSFE Galaxy Chits Banner 2

നിർമ്മലാ സീതാരാമൻ ഈശ്വരനാമത്തിൽ ആവശ്യപ്പെടുന്നത്

Janayugom Webdesk
September 25, 2024 5:00 am

ണസ്റ്റ് ആന്റ് യങ് എന്ന ബഹുരാഷ്ട്ര കോർപറേറ്റ് അക്കൗണ്ടിങ് സ്ഥാപനത്തിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്ന അന്നാ സെബാസ്റ്റ്യൻ എന്ന യുവതിയുടെ അകാല മരണത്തെപ്പറ്റി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ചെന്നൈയിലെ ഒരു കോളജ് ചടങ്ങിൽ നടത്തിയ പരാമർശം വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തുകയുണ്ടായി. സ്ഥാപനത്തിൽ നിലനിൽക്കുന്ന അനാരോഗ്യകരവും അത്യന്തം വിഷലിപ്തവുമായ തൊഴിൽ അന്തരീക്ഷത്തെപ്പറ്റി വിമർശനാത്മക പരാമർശം യാതൊന്നുംകൂടാതെ, തൊഴിലെടുക്കുന്ന യുവതയുടെ കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമ്മർദങ്ങളെ നേരിടാനും അതിജീവിക്കാനും മതിയായ പരിശീലനം നൽകാത്തതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് വ്യാഖ്യാനിക്കാനാണ് ധനമന്ത്രി ശ്രമിച്ചത്. അവർ ഒരുപടി കൂടി കടന്ന് ഈശ്വരനിൽ ആശ്രയിക്കാനുള്ള അത്തരക്കാരുടെ വൈമുഖ്യവും ഈ സ്ഥിതിവിശേഷത്തിന് കാരണമായും പറഞ്ഞുവയ്ക്കുന്നു. രാജ്യത്തെ തൊഴിൽരംഗങ്ങളിൽ, വിശിഷ്യ രാഷ്ട്രാന്തര തലത്തിൽ പ്രവർത്തിക്കുന്ന അക്കൗണ്ടിങ്, വിവരസാങ്കേതികവിദ്യ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന മനുഷ്യത്വഹീനവും അപലപനീയവുമായ തൊഴിൽ സാഹചര്യങ്ങളും കൊടിയ ചൂഷണവും താൻ ഉൾപ്പെട്ട ഭരണകൂടത്തിന് ഒരു പ്രശ്നമേയല്ല എന്നാണവർ ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുന്നത്. അന്താരാഷ്ട്രതലത്തിലും രാജ്യത്തും നിലവിലുള്ള നിയമങ്ങളെയും വ്യവസ്ഥകളെയും കാറ്റില്‍പ്പറത്തിയാണ് ഇത്തരം സ്ഥാപനങ്ങൾ വളർച്ചയുടെയും അതിഭീമ ലാഭത്തിന്റെയും കൊടുമുടികൾ കീഴടക്കുന്നതെന്ന് അവർ സൗകര്യപൂർവം വിസ്മരിക്കുന്നു. അത്തരം കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയും ലാഭവും ഉറപ്പുവരുത്തുകയാണ് ഭരണാധികാരികൾ എന്നനിലയിൽ തങ്ങളുടെ ജീവിതദൗത്യമായി ഇവർ ഏറ്റെടുത്തിരിക്കുന്നത് എന്നുവേണം കരുതാൻ. പൗരന്മാരുടെ ജീവനും പൗരാവകാശങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനുള്ള താനുൾപ്പെട്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്തം അപ്പാടെ വിസ്മരിച്ചുകൊണ്ടുള്ള ജല്പനമാണ് രാജ്യത്തിന്റെ ധനമന്ത്രിയിൽനിന്നും ചെന്നൈയിൽ ഉയർന്നുകേട്ടത്.


കേരളം വിജ്ഞാന കേന്ദ്രം: നിർമ്മലാ സീതാരാമൻ 


ഓഡിറ്റിങ്, വിവരസാങ്കേതികവിദ്യ, മീഡിയ തുടങ്ങിയ നൂതന തൊഴിലിടങ്ങളിൽ പണിയെടുക്കുന്നവർ കൊടിയ തൊഴിൽഭാരമാണ് ഏറ്റെടുത്ത് നിർവഹിക്കേണ്ടിവരുന്നത്. ആഴ്ചയിൽ അഞ്ചും ആറും തൊഴിൽദിനങ്ങളിൽ ശരാശരി 9–11 മണിക്കൂറാണ് ഇവർ തൊഴിലെടുക്കുക എന്നാണ് വയ്പ്. എന്നാൽ യഥാർത്ഥത്തിൽ അതിൽ എത്രയോ അധികം സമയം തൊഴിലെടുക്കാൻ നിർബന്ധിതരാകുന്നു എന്നത് ഈ രംഗത്ത് പണിയെടുക്കുന്നവരും അത് സൂ­ക്ഷ്മമായി നിരീക്ഷിക്കുന്നവരും അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. ഏ­റെപ്പണിയെടുത്ത് തളർന്ന് തങ്ങളുടെ സങ്കേതങ്ങളിൽ വൈകി തിരിച്ചെത്തിയാലും സ്ഥാപന മേധാവികളും ആധുനിക കങ്കാണിപ്പണി ഏറ്റെടുത്തിട്ടുള്ള മാനേജർമാരും നിശ്ചയിക്കുന്ന ലക്ഷ്യങ്ങൾ പൂർത്തിയാക്കാതെ ഈ ആധുനിക തൊഴിലാളികൾക്ക് ഉറങ്ങാനോ ഉണ്ണാനോ എന്തിന് നടുനിവർത്താനോ പോലും കഴിയില്ല. ഇതര തൊഴിൽരംഗങ്ങളുമായുള്ള താരതമ്യത്തി­ൽ മെച്ചപ്പെട്ടതെന്നോ, ഒരുപക്ഷെ ഭാരിച്ചതെന്നോപോലും വിശേഷിപ്പിക്കാവുന്ന വേതനം പറ്റുന്ന ഇവരിൽ വലിയൊരു വിഭാഗത്തിനും സ്വന്തം കുടുംബങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ചെലവിടാൻപോലും സമയം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. അവധിദിനങ്ങളില്‍ പോലും വിശ്രമിക്കാന്‍ അനുവദിക്കാത്ത തൊഴിലന്തരീക്ഷമാണ് അവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവസ്ഥ പുരുഷന്മാരുമായുള്ള താരതമ്യത്തിൽ അത്യന്തം ദുരിതപൂർണവും താങ്ങാനാവാത്തതുമാണെന്ന് ഇതിനകം പുറത്തുവന്നിട്ടുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നു. പ്രമുഖ ദേശീയ ദിനപ്പത്രങ്ങളിൽ ഒന്നായ ദ ഹിന്ദു വിശകലനവിധേയമാക്കി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് പുത്തൻ തൊഴിൽ രംഗങ്ങളിൽ ജോലിചെയ്യുന്ന വനിതകളിൽ ലോകത്ത് ഏറ്റവും കൂടുതൽ സമയം പണിയെടുക്കുന്നവർ ഇന്ത്യക്കാരാണ്. പ്രതിവാരം 55 മണിക്കൂറിലധികം. ഇന്ത്യയെപ്പോലെ പുരുഷാധിപത്യത്തിന് തെല്ലും ഇളക്കംതട്ടാത്ത സമൂഹത്തിൽ കുടുംബജോലികളുടെ ഭാരംകൂടി വഹിക്കേണ്ടിവരുന്ന സ്ത്രീകളുടെ ജോലിഭാരം അവർണനീയമാണ്.


കേന്ദ്ര ധനകാര്യ കമ്മിഷന്റെ പ്രസക്തി


ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നലെ പൂർത്തിയായ യുഎസ് സന്ദർശനത്തിനിടയിൽ അദ്ദേഹം ഇന്ത്യൻ വംശജരടക്കം ആ രാജ്യത്തെ ഉന്നത ബിസിനസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലേക്ക് അവരുടെ നിക്ഷേപം ആകർഷിക്കുന്നതിനും ഇവിടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങളിലേക്ക് അവർക്ക് ചുവപ്പുപരവതാനി വിരിക്കുന്നതിലേക്കുമായിരുന്നു ആ കൂടിക്കാഴ്ച. അവരിൽ ഏറെപ്പേർക്കും അത് സ്വീകാര്യമായിരുന്നെന്നാണ് വാർത്തകൾ. കാരണം യുഎസിലോ മറ്റേതെങ്കിലും പാശ്ചാത്യ രാഷ്ട്രങ്ങളിലോ ലഭ്യമല്ലാത്ത ഉദാരവ്യവസ്ഥകളിലും കുറഞ്ഞ കൂലിയിലും മികച്ച തൊഴിൽശക്തിയെ തങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുമെന്നതാണ് അവരെ ആവേശഭരിതരാക്കുന്നത്. പോരെങ്കിൽ രാജ്യത്തെ തൊഴിൽ നിയമവ്യവസ്ഥകൾ അപ്പാടെ ഭേദഗതിചെയ്ത് ‘ബിസിനസ് സൗഹൃദ അന്തരീക്ഷം’ സൃഷ്ടിക്കുന്നതിന് ആവശ്യമായ ഗൃഹപാഠങ്ങൾ നാല് ലേബർ കോഡുകളുടെ രൂപത്തിൽ മോഡി മുൻകൂട്ടി പൂർത്തീകരിച്ചിട്ടുമുണ്ടല്ലോ. പണിയെടുക്കുന്നവരുടെ രക്തവും ജീവനും ഊറ്റിയെടുക്കുന്ന ആ തൊഴിൽ സംസ്കാരത്തെയാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യൻ കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അത്തരം കോർപറേറ്റ് ചൂഷണ സംവിധാനത്തിന് അനുയോജ്യരായ ഇരകളെ സൃഷ്ടിച്ച് നല്‍കണമെന്നാണ് ഈശ്വരനാമത്തിൽ അവർ നമ്മോട് ആവശ്യപ്പെടുന്നത്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.