ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി

Web Desk
Posted on September 20, 2019, 11:46 am

ന്യൂഡല്‍ഹി: ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഗോവയിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താന്‍ ഉല്‍പാദന മേഖലയിലെ പുതിയ കമ്പനികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജ് പിരിക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.

സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ആദായനികുതി നിയമത്തില്‍ 2019–20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍ പ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22ശതമാനം നിരക്കില്‍ നികുതി അടച്ചാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു