നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍ രാജ്യത്തെ പിന്നോട്ടടിപ്പിക്കും: അമിര്‍ജിത്ത് കൗര്‍

Web Desk
Posted on September 02, 2019, 10:19 pm

ആലപ്പുഴ: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍ രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി അമിര്‍ജിത്ത് കൗര്‍. പൊതുമേഖല ബാങ്കുകളുടെ എണ്ണം കുറക്കുന്നത് രാജ്യത്തെ സമ്പത്ത് വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്നും ഏപ്രില്‍ രണ്ട് മുതല്‍ അഞ്ച് വരെ എഐടിയുസി ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.
മോഡി ഭരണത്തിന്‍ കീഴില്‍ രാജ്യം പിന്നോട്ട് പോകുകയാണ്. ജിഡിപി അഞ്ച് ശതമാനം താഴെയായി. ഭൂരിഭാഗം പൊതുമേഖല സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. ബിഎസ്എന്‍എല്‍ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഐടി, ടെക്‌സ്റ്റൈല്‍, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളും രൂക്ഷമായ പ്രതിസന്ധിയിലായി. കാര്‍ഷിക രംഗവും തകര്‍ന്നു. തൊഴിലാളികള്‍ ഇത്രയേറെ പ്രതിസന്ധി നേരിട്ട മറ്റൊരു കാലഘട്ടവുമില്ല. തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പടിപടിയായി ശ്രമിക്കുന്നതെന്നും അമര്‍ജിത്ത് കൗര്‍ പറഞ്ഞു.
എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ ആഞ്ചലോസ് സ്വാഗത സംഘം ഭാരവാഹികളുടെ നിര്‍ദ്ദേശം അവതരിപ്പിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. വി മോഹന്‍ദാസ് നന്ദി പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം എംപി, കെ ഇ ഇസ്മയില്‍, ഇ ചന്ദ്രശേഖരന്‍, ടി പുരുഷോത്തമന്‍, പി തിലോത്തമന്‍, ഡോ പുതുശ്ശേരി രാമചന്ദ്രന്‍ (രക്ഷാധികാരികള്‍) കാനം രാജേന്ദ്രന്‍ (ചെയര്‍മാന്‍), ടി ജെ ആഞ്ചലോസ് (വര്‍ക്കിംഗ് ചെയര്‍മാന്‍), കെ പി രാജേന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍), പി പ്രസാദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.