കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ മോഡിസർക്കാർ എന്തുചെയ്യുമെന്ന ആകാംക്ഷ നിലനിൽക്കെ, ഈവർഷത്തെ പൊതുബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11 ന് അവതരിപ്പിക്കും.
വിപണിയിലെ മാന്ദ്യം, തൊഴിൽ സൃഷ്ടിക്കാത്ത വളർച്ച, കാർഷിക പ്രതിസന്ധി, നിക്ഷേപമുരടിപ്പ്, ഭവനനിർമാണമേഖലയിലെ പ്രതിസന്ധി, നികുതിഘടനയിലെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ പ്രഖ്യാപനം ഉണ്ടാകുമോ എന്നതാണ് നിർണായകം. പൊതുബജറ്റിനു ഫെബ്രുവരി ഒന്ന് എന്ന തീയതി മോഡിസർക്കാർ കൊണ്ടുവന്നതിനെ തുടർന്നാണ് ശനിയാഴ്ച അവതരിപ്പിക്കുന്നത്. മുമ്പ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസമായിരുന്നു ബജറ്റ് അവതരണം. ഐഎംഎഫ്, ലോക ബാങ്ക് ഉൾപ്പെടെ ആഗോള സാമ്പത്തിക ഏജൻസികളും രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളും വിദഗ്ധരും കുറഞ്ഞ വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന ഇന്ത്യൻ സമ്പദ്ഘടന അടുത്ത വർഷം 6–6.5 ശതമാനത്തിലേയ്ക്ക് എത്തുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേശകൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ തയ്യാറാക്കി ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നലെ ലോക്സഭയിൽവച്ച റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. നടപ്പു സാമ്പത്തിക വർഷം ഏഴു ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാനാകുമെന്ന മുൻവർഷത്തെ റിപ്പോർട്ട് തയ്യാറാക്കിയതും കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ തന്നെയായിരുന്നു. നടപ്പു വർഷത്തെ വളർച്ച സർക്കാർ തന്നെ പറയുന്നതനുസരിച്ച് അഞ്ച് ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്.
സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച് നടപ്പു വർഷത്തെ യഥാർത്ഥ വളർച്ച 4.5 ശതമാനം മാത്രമാണ്. ഐഎംഎഫ്, ലോക ബാങ്ക് എന്നിവ 5.8,ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഇന്ത്യ 5.5,സ്റ്റേറ്റ് ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ സൗമ്യ കാന്തി ഘോഷ് 5.5 ‑6 ശതമാനം വീതം വളർച്ചയാണ് അടുത്തവർഷത്തേയ്ക്ക് പ്രവചിച്ചിരിക്കുന്നത്. ഈ പശ്ചാത്തലം നിലനില്ക്കുമ്പോഴാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിലെ അവകാശവാദമെന്നത് പ്രാധാന്യമർഹിക്കുന്നു.
English summary: Nirmala Sitharaman’s second budget today
you may also like this video