ഷാജി ഇടപ്പള്ളി

കൊച്ചി:

February 07, 2021, 5:54 pm

1001 വരകളുടെ ചലഞ്ചുമായി നിസാർ പിളള

Janayugom Online

ഫേസ്ബുക്കിൽ 1001 കാരിക്കേച്ചർ വരകളുടെ ചലഞ്ചുമായി ഏലൂർ സ്വദേശി നിസാർ പിള്ള. 2019 ജനുവരി 18 ന് സ്വന്തം ജന്മദിനത്തിൽ ഒരു പുതിയ സന്ദേശം എന്ന നിലയിൽ വരച്ചു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു തുടങ്ങിയതാണ്. ഇന്ന് 500 ചിത്രങ്ങൾ പൂർത്തിയായി. ഇതിൻ്റെ ആഘോഷമായി സ്വന്തം വീടായ ഏലൂർ കിഴക്ക് വെള്ളം കോളിൽ വീട്ടിൽ പ്രദർശനവും ഒരുക്കി.

ചിത്രകലയോട് ചെറുപ്പം മുതൽ താൽപര്യമുണ്ടായിരുന്നെങ്കിലും ചിത്രകല പഠിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷമായതേയുള്ളു. കാർട്ടൂൺ അക്കാദമിയുടെ ക്യാമ്പുകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് കാരിക്കേച്ചർ രചനയിൽ കൂടുതൽ താൽപര്യം വർദ്ധിച്ചത്. അക്കാദമിയുടെ മുൻ വൈസ് പ്രസിഡൻറ് ഇബ്രാഹിം ബാദുഷയുടെ പിന്തുണ കൂടി കിട്ടിയതോടെ കാരിക്കേച്ചർ വരയിലേക്ക് തിരിഞ്ഞു. ഇതോടൊപ്പം സുനിൽ ലിനസ് ഡേയുടെ കീഴിൽ വാട്ടർ കളർ ചിത്രരചനയും അഭ്യസിക്കുന്നുണ്ട്.

കാനായി കുഞ്ഞിരാമൻ,മുഖ്യമന്ത്രി പിണറായി വിജയൻ, അനിൽ പനച്ചൂരാൻ, സച്ചിൻ തെണ്ടുൽക്കർ, സജീവ് ബഷീർ മുതൽ എല്ലാ മേഖലകളിലെയും പ്രശസ്തരും സുഹുത്തുകളും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെയുള്ള പലരും നിസാറിൻ്റെ ക്യാരിക്കേച്ചറിൽ ഇടം പിടിച്ചിട്ടുണ്ട്. എ 4 ഷീറ്റിൽ പെൻസിൽ കൊണ്ടാണ് രചന നിർവഹിച്ചിട്ടുള്ളത്. വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടായിട്ടുള്ള ഏതാനും ദിവസങ്ങൾ മാത്രമാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ചിത്രങ്ങൾ വരക്കാൻ സാധിക്കാതെ വന്നിട്ടുള്ളത്. അടുത്ത രണ്ടു വർഷത്തിനിടയിൽ പല പ്രമുഖരുടെയും ക്യാരിക്കേച്ചർ വരക്കാനുള്ള തയ്യാറെടുപ്പിലാണ് നിസാർ. കെ എസ് ആർ ടി സി ആലുവ ഡിപ്പോയിലെ ജീവനക്കാരനാണിദ്ദേഹം.

ENGLISH SUMMARY: Nis­ar Pil­lai with 1001 pic­ture Challenge

YOU MAY ALSO LIKE THIS VIDEO