നിശാഗന്ധി സംഗീതോത്സവത്തിന് സമാപനമായി

Web Desk
Posted on July 24, 2019, 10:27 pm

തിരുവനന്തപുരം: അഞ്ചുദിവസമായി തലസ്ഥാനത്ത് സംഗീതമഴ പെയ്യിച്ച നിശാഗന്ധി മണ്‍സൂണ്‍ രാഗാസ് സംഗീതോത്സവത്തിന് സമാപനമായി. ആദ്യ നിശാഗന്ധി സംഗീതപുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സംഗീതജ്ഞരായ പാറശ്ശാല ബി. പൊന്നമ്മാള്‍, ഡോ. ടി.വി ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു.
സംഗീതത്തിന്റെ വരദാനങ്ങളെയാണ് ആദ്യ നിശാഗന്ധി പുരസ്‌കാരം നല്‍കി ആദരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്നതിനാണ് നിശാഗന്ധി നൃത്തോത്സവവും സംഗീതോത്സവവും വെവ്വേറെ നടത്താനും സംഗീത പുരസ്‌കാരം പ്രത്യേകം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് വൈവിധ്യപൂര്‍ണമായ പരിപാടികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 12 കേന്ദ്രങ്ങളിലായി ആഗസ്റ്റില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-nishagandi festival

ജന്‍മനാട്ടില്‍ ലഭിക്കുന്ന പുരസ്‌കാരം ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നതായി മറുപടി പ്രസംഗത്തില്‍ പാറശ്ശാല ബി. പൊന്നമ്മാള്‍ അഭിപ്രായപ്പെട്ടു. പുരസ്‌കാരം ഗുരുനാഥന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതായി ഡോ.ടി.വി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം.

ചടങ്ങില്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീകുമാരന്‍ തമ്പി മുഖ്യാതിഥിയായി. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ഡയറക്ടര്‍ പി. ബാലകിരണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രാജേഷ് ചേര്‍ത്തലയും സംഘവും അവതരിപ്പിച്ച ഫഌട്ട് ഫ്യൂഷന്‍ സംഗീതവും ക്ലാസിക്കല്‍ ഫ്യൂഷന്‍ ബാന്റിന്റെ ശിവമ്യൂസിക്കല്‍ തണ്ടറും അരങ്ങേറി.