ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ കൊച്ചിയിലെത്തിച്ചു

Web Desk
Posted on January 21, 2019, 11:37 am

കൊച്ചി: അമ്മയെ കാണാന്‍ ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ കൊച്ചിയിലെത്തിച്ചു. കൊച്ചിയിലുള്ള അമ്മയെ കാണാന്‍ മൂന്ന് ദിവസത്തേക്കാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും എറണാകുളം സബ് ജയിലില്‍ എത്തിച്ചത്.

പത്ത് മണി മുതല്‍ അഞ്ച് മണി വരെ നിസാമിന് അമ്മയ്‌ക്കൊപ്പം ഫ്‌ലാറ്റില്‍ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം.

അമ്മ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്.ജയിലില്‍ കാണാനെത്തിയ ബന്ധുവിനെ ഭീഷണിപ്പെടുത്തിയതടക്കം നിരവധി പരാതികള്‍ നിലനില്‍ക്കുന്നതുകൊണ്ട് മൂന്നുദിവസം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ കനത്ത സുരക്ഷയും നിരീക്ഷണവും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്