12 June 2024, Wednesday

നിത്യമുക്തി

ഹരിശങ്കർ എസ് വിശ്വനാഥൻ
August 15, 2021 5:07 am

ഗോവിന്ദാ മുക്തിം ദേഹി… എന്ന പ്രാർത്ഥനയോടെ നെല്ലിയോട് വാസുദേവൻ നമ്പൂതിരി കണ്ണുകളടച്ചു. ശ്വാസം നിലച്ചു. അനേകം അരങ്ങുകളിൽ ബാലിയുടെ വേഷത്തിൽ മോക്ഷപ്രാപ്തി അഭിനയിച്ചു ഫലിപ്പിച്ച ആ മഹാനടന്റെ അന്ത്യനിമിഷം ബാലിയുടെ ‘ബാധിതസ്യ സായകേന’ എന്ന പദം പാടിക്കൊണ്ടായിരുന്നു. നാടോപാസനയിലൂടെയുള്ള ജീവന്മുക്തി. നിത്യമുക്തി. അരങ്ങിലെത്തിയാൽ ബാലിയെപ്പോലെ അതുല്യ ബലവാനായിരുന്നു ഈ കലാകാരൻ. കൂട്ടുവേഷക്കാരുടെ പാതിബലം കൂടി തന്നിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രകടനം. 

നാട്യത്തെ വേദമായിട്ടാണ് നെല്ലിയോട് ഉൾക്കൊണ്ടത്. അരങ്ങുകൾ അദ്ദേഹത്തിന്റെ ഉപാസന സങ്കേതങ്ങളായി. ഒരിക്കലും കളങ്കപ്പെടാത്ത, കലർപ്പില്ലാത്ത കലാജീവിതം. അഭിനന്ദന വാക്കുകളുമായി വരുന്നവരോട് നെല്ലിയോട് പറഞ്ഞിരുന്നത് ഇപ്രകാരം: “കഥകളിയിലെ ഏറ്റവും ശ്രേഷ്ഠനായ ഗുരുനാഥനെയാണ് എനിക്കു ലഭിച്ചത്. എന്റെ പ്രവൃത്തി നന്നായെങ്കിൽ എല്ലാം ഗുരുനാഥന്റെ അനുഗ്രഹം…” തനിക്കു ലഭിച്ച അഭിനന്ദനങ്ങളെയും അംഗീകാരങ്ങളെയും നെല്ലിയോട് സമർപ്പിച്ചിരുന്നത് വാഴേങ്കട കുഞ്ചുനായർ എന്ന ആചാര്യന്റെ പാദങ്ങളിലാണ്. 

വാഴേങ്കട കുഞ്ചുനായർ ആശാന്റെ കളരിയിൽ ഉയിർക്കൊണ്ടതാണ് നെല്ലിയോടിന്റെ കലാജീവിതം. മറ്റു കുട്ടികളെ അപേക്ഷിച്ച് അല്പം വൈകി, പതിനേഴാമത്തെ വയസ്സിലാണ് ഇദ്ദേഹം കളരിയിൽ ചുവടുവച്ചത്. പച്ചക്കും കത്തിക്കും ഇണങ്ങാത്ത രൂപമായതിനാൽ ‘താടി‘യിലായി അദ്ദേഹത്തിന്റെ കലാനിയോഗം. ചാവാൻ വേണ്ടി മാത്രം വരുന്ന എമ്പോക്കൻ, എന്ന ‘ഭൂതകാല കാഴ്ചയിൽ നിന്നും താടി വേഷത്തിന്റെ ജാതകം തിരുത്തിക്കുറിച്ചു കൊണ്ടാണ് പൊടിപ്പു കിരീടത്തെ നെല്ലിയോട് ശിരസ്സിലേറ്റിയത്. അറിവും അഭ്യാസവും താടി വേഷക്കാർക്ക് അധികബാധ്യതയല്ലെന്നും അലങ്കാരമാണെന്നും നെല്ലിയോടിന്റെ കലാജീവിതം സാക്ഷ്യപ്പെടുത്തുന്നു. കാല‑ദേശ‑രുചി ഭേദങ്ങൾക്കനുസരിച്ചു നിറം മാറുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ കലാദർശനം. കേവലമായ കാഴ്ചക്കപ്പുറം, ആസ്വാദക ഹൃദയങ്ങളെ അറിവിന്റെ ആകാശ വിസ്മയങ്ങളിലേക്ക് ഉയർത്തുന്ന ഉപാസനാതന്ത്രത്തിലാണ് നെല്ലിയോടിന്റെ നാട്യധർമ്മം പുലർന്നത്. അദ്ദേഹത്തിനൊപ്പം കൂട്ടുവേഷം കെട്ടുമ്പോൾ ആദ്യവസാന വേഷക്കാർപോലും കരുതലോടെ നിന്നു. മുതിർന്ന ആശാന്മാർവരെ പുരാണസംബന്ധമായ സംശയ നിവൃത്തിക്കു നെല്ലിയോടിനെ സമീപിച്ചു. 

കഴിഞ്ഞ അരനൂറ്റാണ്ടിലധികം നെല്ലിയോടിന്റെ കലിവേഷം കളിയരങ്ങുകൾ കയ്യടക്കി. കാമ‑ക്രോധ- മോഹ സൈന്യങ്ങളുടെ അകമ്പടിയോടെ ഇദ്ദേഹം കലിവട്ടം തീർത്തപ്പോൾ അരങ്ങിൽ പുതുകാലം വിടർന്നു. ദിക്കുകളിലൊക്കെ തന്റെ ശക്തി പുകഴ്ത്തുന്നതു കേട്ടു ഗർവിതനായിരിക്കുമ്പോഴും ജരാസന്ധൻ പുത്രിമാരുടെ വൈധവ്യത്തിൽ ദുഃഖിതനായി. നിശാ മധ്യത്തിൽ ഗോഗ്രഹണത്തിനായി പുറപ്പെടുന്ന ത്രിഗർത്ത പ്രഭു, ഭീമപരാക്രമത്തിനു മുന്നിൽ ചുവടു തെറ്റി വീഴുന്നതിനു മുൻപ് കുരുക്ഷേത്ര ഭൂമിയിലെ യുദ്ധക്കാഴ്ച്ചകൾ വർണ്ണിച്ചുതന്ന ദുശ്ശാസനൻ, ലങ്കാപുരത്തിലെ രക്ഷോവരൻ മാല്യവാൻ, വിശപ്പിന്റെ പോർവിളിയിൽ അസ്വസ്ഥനാവുന്ന ബകൻ, ആയുധംകൊണ്ടു മുറിപ്പെടാത്ത ദക്ഷശിരസ്സു നുള്ളിയെടുത്തു സംഹാര താണ്ഡവമാടുന്ന ശിവഭൂതം വീരഭദ്രൻ. ഇങ്ങനെ കുറ്റിച്ചാമരമേറ്റിയ ഓരോ കഥാപാത്രവും നെല്ലിയോടിലൂടെ നവീകരിക്കപ്പെട്ടു. 

രാക്ഷസപ്രകൃതികളായ പെൺകരി വേഷങ്ങളേയും തന്റേതായ രീതിയിൽ സ്ഫുടം ചെയ്ത് അവതരിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. സിംഹികയുടെയും നക്രതുണ്ഡിയുടെയും കരിവട്ടത്തിൽ പ്രകടമാക്കിയ വ്യത്യസ്തത ഇതിനു തെളിവാണ്. കംസനിയോഗത്താൽ കൃഷ്ണ സന്നിധിയിലേക്കു പോവുമ്പോൾ ഗോവർദ്ധന പർവതത്തിന്റെ മനോഹാരിതയിൽ മതിമറന്ന് ആനന്ദ നടനമാടുന്ന പൂതനയും നെല്ലിയോടിന്റെ അവതരണത്തിലൂടെ പരിപൂതമായ കരിവേഷമാണ്. ഉയർന്ന ശിരസ്സോടെ അരങ്ങിലെ ആടോപതാണ്ഡവത്തിനു ശേഷം വേഷമഴിച്ചു കഴിഞ്ഞാൽ ഇദ്ദേഹം നമ്ര ശിരസ്കനായി, വിനയാന്വിതനായി, സാധു ബ്രാഹ്മണനായി. 

ഉദ്ധതസൗന്ദര്യത്തിന്റെ ഉഗ്രപരിവേഷങ്ങളിൽ നിന്നും സാത്വികഭാവത്തിന്റെ ഒതുങ്ങിയ നിലയിലേക്കും നെല്ലിയോട് അനായാസം പകർന്നാടി. കുചേലന്റെ അവതരണത്തിൽ ഇദ്ദേഹത്തിനുണ്ടായിരുന്ന സിദ്ധി പ്രസിദ്ധമാണ്. കഥകളി ചരിത്രത്തിൽത്തന്നെ തുടർച്ചയായി ഇത്രയേറെ കുചേലന്മാരെ അവതരിപ്പിച്ചവർ നെല്ലിയോടിനെപ്പോലെ അധികമുണ്ടാവില്ല. ബ്രാഹ്മണ്യത്തിന്റെയും ആഢ്യത്വത്തിന്റെയും അളവുകോലുകൾ മാറ്റിവച്ച് ആശാരിയായി ഇദ്ദേഹം അരങ്ങിലെത്തി. പിൽക്കാലത്ത് നെല്ലിയോടിന്റെ ജനപ്രിയ വേഷങ്ങളിലൊന്നായിരുന്നു ബകവധം ആശാരി. അംബരീഷ ചരിതം ദുർവാസാവ്, സന്താനഗോപാലം ബ്രാഹ്മണൻ, സുന്ദര ബ്രാഹ്മണൻ തുടങ്ങിയ മിനുക്ക് വേഷങ്ങളിലൂടെയും ഇദ്ദേഹം പ്രേക്ഷകപ്രീതി നേടി. നളചരിതം മൂന്നാം ദിവസത്തിൽ കാർക്കോടകന്റെ തന്റേടാട്ടം നെല്ലിയോടിന്റെ കലാജീവിതത്തിലെ സുന്ദരമായ ആവിഷ്കാരമായി. തോരണയുദ്ധം, കല്യാണസൗഗന്ധികം, ലവണാസുര വധം തുടങ്ങിയ കഥകളിലെ ഹനുമാൻ, കിരാതം കാട്ടാളൻ, ഭാമാ വാസുദേവത്തിൽ ജാംബവാൻ, പാർവതീപരിണയത്തിൽ നന്ദികേശ്വരൻ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ പ്രധാന വേഷങ്ങളായിരുന്നു.
വ്യക്തിജീവിതത്തിൽ കൃഷ്ണ ഭക്തനായിരുന്ന ഇദ്ദേഹത്തിനു നല്ലൊരു ശതമാനം അരങ്ങിലും ആടേണ്ടിവന്നത് കൃഷ്ണനിന്ദയാണ്. ദുശ്ശാസനനായും ജരാസന്ധനായും ഇദ്ദേഹം അരങ്ങിൽ തന്റെ ഇഷ്ടമൂർത്തിയെ നിരന്തരം നിന്ദിച്ചു. ഇതോടൊപ്പം കുചേലനായും സന്താനഗോപാലം ബ്രാഹ്മണനായും ഭഗവാനെ സ്തുതിച്ചു പൂജിച്ചു. ഇങ്ങനെ ഭക്തിയിലൂടെയും വിഭക്തിയിലൂടെയുമുള്ള പ്രയാണമായിരുന്നു. നെല്ലിയോടിന്റെ അരങ്ങുജീവിതം. നിത്യസഞ്ചാരത്തിനിടയിലും പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കളികളിൽ മുടക്കം കൂടാതെ പങ്കെടുത്തു. പ്രപഞ്ചം വിഷ്ണുമായയിൽ അധിഷ്ഠിതമാണെന്ന ചിന്തയാണ് ഇദ്ദേഹത്തെ നയിച്ചത്. താടിവേഷത്തിന്റെ പുറപ്പാട് ചിട്ടചെയ്ത് അവതരിപ്പിച്ചതും ‘രാസക്രീഡ’ ആട്ടക്കഥ രചിച്ചതും നെല്ലിയോടിന്റെ ജീവിതത്തിലെ ധന്യതയായി. താടിവേഷങ്ങളുടെ ആട്ടപ്രകാരമായി ‘ആടോപതാണ്ഡവം’ എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ തൂലികയിൽനിന്നു പിറന്നു. 

ഗുരുവായ കുഞ്ചുനായർ ആശാനെപ്പോലെ നെല്ലിയോട് നിരന്തരം പുസ്തകങ്ങൾ വായിച്ചിരുന്നു. ഈ വായനാ ശീലം ഇദ്ദേഹത്തിന്റെ മനസ്സിനെയും അരങ്ങിനെയും നവീകരിച്ചു. ഇദ്ദേഹത്തിൽ ഏറെ സ്വാധീനമായി മാറിയ ഗ്രന്ഥമാണ് മേല്പത്തൂരിന്റെ നാരായണീയം. ഈ ഗ്രന്ഥത്തെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താൻ നെല്ലിയോടിന്റെ കവി മനസ്സിനു സാധിച്ചു. കുചേലൻ, നരസിംഹം തുടങ്ങിയ വേഷങ്ങളുടെ അവതരണത്തിലും നാരായണീയ ശ്ലോകങ്ങളുടെ സ്വാധീനം അദ്ദേഹം അരങ്ങിൽ പ്രകടമാക്കി.
ജീവിതത്തിൽ എന്നപോലെ മരണത്തിലും നെല്ലിയോട് അദ്വിതീയനായി. തിരുവനന്തപുരം പൂജപ്പുരയിലെ നെല്ലിയോട് മനയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ട്, രാത്രി ഒൻപതിന്
നെല്ലിയോടു വാസുദേവൻ നമ്പൂതിരിയുടെ ജീവിതത്തിനു മേൽ കാലത്തിന്റെ തിരശീല വീണപ്പോൾ, തേങ്ങലിന്റെ സ്വരമായി ആസ്വാദക മനസ്സിൽ അവശേഷിക്കുന്നത് ഒരു ദുഃഖ ഘണ്ടാരം… “ബാധിതസ്യ സായകേന രാമ… ”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.