8 September 2024, Sunday
KSFE Galaxy Chits Banner 2

നിതി ആയോഗ് പിരിച്ചുവിടണം

Janayugom Webdesk
July 29, 2024 5:37 am

ന്ത്യയുടെ രാഷ്ട്രനയ ചിന്താ സംഭരണി (പബ്ലിക് പോളിസി തിങ്ക് ടാങ്ക്) എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിതി ആയോഗി (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ)ന്റെ ശനിയാഴ്ച നടന്ന യോഗം അതിന്റെ ഉദ്ദേശലക്ഷ്യങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങളുടെ പേരിലാണ് പതിവുപോലെ വാർത്തകളിൽ സ്ഥാനംപിടിച്ചത്. ഭരണസമിതി അംഗങ്ങളായ പ്രതിപക്ഷ മുഖ്യമന്ത്രിമാരിൽ സമിതി യോഗത്തിൽ പങ്കെടുത്ത ഏക മുഖ്യമന്ത്രി, പശ്ചിമബംഗാളിന്റെ മമതാ ബാനർജി, പ്രസംഗത്തിന് വേണ്ടത്ര സമയം അനുവദിക്കാതെ സംസാരിച്ചുകൊണ്ടിരിക്കവെ മൈക്ക് ഓഫ് ചെയ്തെന്ന് ആരോപിച് യോഗത്തിൽനിന്നും ഇറങ്ങിപ്പോയി. ബിജെപി മുഖ്യമന്ത്രിമാർക്കും സഖ്യകക്ഷിയായ ടിഡിപിയുടെ ചന്ദ്രബാബു നായിഡുവിനും അനുവദിച്ചതുപോലെ സമയം നല്‍കാതെ വിവേചനപരമായ സമീപനമാണ് തന്നോട് അവലംബിച്ചതെന്ന് അവർ ആരോപിക്കുന്നു. ഭാവിയിൽ ആയോഗിന്റെ യോഗങ്ങളിൽ താൻ പങ്കെടുക്കുന്നതല്ലെന്നും അവർ പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഡൽഹി, പുതുച്ചേരി മുഖ്യമന്ത്രിമാർ തങ്ങളുടെ സംസ്ഥാനങ്ങളോട് കേന്ദ്ര ബജറ്റിൽ കാട്ടിയ വിവേചനത്തിലും അവഗണനയിലും പ്രതിഷേധിച്ച് നിതി ആയോഗ് ഭരണസമിതി യോഗം ബഹിഷ്കരിക്കുന്നതായി മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യോഗത്തിൽ എത്തിച്ചേർന്നിരുന്നില്ല. എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിന്റെ നേതാവ്, ബിഹാർ മുഖ്യമന്ത്രി, നിതീഷ് കുമാറിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ഭരണസമിതി അംഗങ്ങളായ പത്ത് മുഖ്യമന്ത്രിമാരുടെ അഭാവവും അത് ഉയർത്തിയ വിവാദവുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും മോഡിയുടെ നേതൃത്വത്തിലുള്ള മൂന്നാമത് മന്ത്രിസഭാ രൂപീകരണത്തെയും തുടർന്ന് ചേർന്ന നിതി ആയോഗിന്റെ ആദ്യ ഭരണസമിതി യോഗത്തെ വാർത്തകളിൽ നിറച്ചത്. നിതി ആയോഗിന്റെ ഒമ്പതാമത്തെതും, മൂന്നാം മോഡി സർക്കാരിന്റെ ആദ്യത്തേതുമായ ഭരണസമിതി യോഗത്തിന്റെ കേന്ദ്ര ചിന്താവിഷയമായിരുന്ന ‘വികസിത് ഭാരത് @2047’ ഫലത്തിൽ ജനങ്ങളുടെയോ, അത് ലക്ഷ്യംവച്ചവരുടെയോ ശ്രദ്ധ പിടിച്ചുപറ്റാനാവാതെ വിവാദങ്ങളിൽ മുങ്ങിത്താണു.


ഇതുകൂടി വായിക്കൂ: അനീതി മാത്രം വിളയാടുന്ന നിതി ആയോഗ്


ഭരണസമിതി യോഗത്തിൽ അധ്യക്ഷതവഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പ്രസംഗത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് വിദേശ നിക്ഷേപത്തെ ആകർഷിക്കാൻ കഴിയുന്ന നയ സമീപനങ്ങളും രാഷ്ട്രീയ അന്തരീക്ഷവും സൃഷ്ടിക്കുന്നതിനെപ്പറ്റി ആയിരുന്നു. തന്റെ സമ്പൂർണ ആധിപത്യത്തിലും നിയന്ത്രണത്തിലുമായിരുന്ന കഴിഞ്ഞ പത്തുവർഷക്കാലം അത്തരം നയ രൂ പീകരണത്തിന് അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആരായിരുന്നു തടസം എന്നതിനെപ്പറ്റി ആത്മപരിശോധന നടത്തേണ്ടത് പ്രധാനമന്ത്രിയല്ലാതെ മറ്റാരുമല്ല. മോഡി ഭരണം രാജ്യത്തെ ഒരു വിഭജിത ഭവനമാക്കി മാറ്റിയതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ഇപ്പോഴത്തെ യൂണിയൻ ബജറ്റ്. മോഡി ഭരണം ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുക മാത്രമല്ല, സംസ്ഥാനങ്ങളും വിവിധ മേഖലകളും തമ്മിൽ സാമ്പത്തികമായും വികസനപരമായുമുള്ള അന്തരം മുമ്പ് ഒരുകാലത്തും ഇല്ലാത്തവിധം രൂക്ഷതരമാക്കുകയും ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളോടും മേഖലകളോടും മോഡി ഭരണകൂടവും അതിനെ താങ്ങിനിർത്തുന്ന രാഷ്ട്രീയവും തുടർന്നുവരുന്ന വിവേചനത്തിന്റെയും അവഗണനയുടെയും വിവരണത്തിനുള്ള വേദിയല്ല ഇതെന്നതുകൊണ്ട് അതിന് മുതിരുന്നില്ല. ആ സങ്കുചിത രാഷ്ട്രീയ സമീപനത്തിനുള്ള ഉപകരണങ്ങളിൽ ഒന്ന് മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫിസായി പ്രവർത്തിക്കുന്ന നിതി ആയോഗ്. പുതിയ കാലത്തിനും കാഴ്ചപ്പാടിനും അനുയോജ്യമല്ലെന്ന് ആരോപിച്ചാണ് നാളതുവരെ പ്രവർത്തിച്ചുപോന്ന ആസൂത്രണ കമ്മിഷനെ പിരിച്ചുവിട്ട് നിതി ആയോഗിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ആസൂത്രണ കമ്മിഷൻ ഇന്ത്യയുടെ സാമ്പത്തിക, വികസന നയരൂപീകരണത്തിന്റെ അന്തിമ വാക്കാണെന്ന് ആരും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. അതിന് അതിന്റേതായ കരുത്തും ദൗർബല്യവും ഉണ്ടായിരുന്നു. എന്നാൽ ഭരണനിർവഹണ സംവിധാനത്തിലെ ഒരു സുപ്രധാന സ്ഥാപനം എന്നനിലയിൽ പൊതുനയ രൂപീകരണത്തിൽ അതിന്റെ സംഭാവനകൾ അവഗണിക്കാവുന്നതോ തമസ്കരിക്കാവുന്നതോ അല്ല.


ഇതുകൂടി വായിക്കൂ: നോക്കുകുത്തിയായി മാറിയ നിതി ആയോഗ്


നവ ഉദാരീകരണ സാമ്പത്തികനയങ്ങൾ ലോകത്താകെ രൂക്ഷതരമാക്കിയ സാമ്പത്തിക അസമത്വം, മനുഷ്യരാശിയുടെയും ഭൂപ്രപഞ്ചത്തിന്റെയും നിലനില്പിനെത്തന്നെ ചോദ്യചെയ്യുന്ന ആഗോളതാപനവും തത്‌ഫലമായുള്ള കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികൾ തുടങ്ങിയവ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ആസൂത്രണം അനിവാര്യമാക്കിയിരിക്കുന്നു. സർവതന്ത്ര സ്വതന്ത്ര സമ്പദ്ഘടനകൾപോലും ആസൂത്രണം കൂടാതെ മുന്നോട്ടുപോകാൻ ആവില്ലെന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു. നിതി ആയോഗിന്റെ മറവിൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ അജണ്ട നടപ്പാക്കാനാണ് മോഡി ശ്രമിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിൽ വിഭാവനംചെയ്യുന്ന 75,000 കോടി രൂപയുടെ വികസനപദ്ധതി മാത്രംമതി നിതി ആയോഗ് എന്ന ചിന്താ സംഭരണിയിൽ ഉരുത്തിരിയുന്നത് എന്തെന്നും ആർക്കുവേണ്ടിയെന്നും തിരിച്ചറിയാൻ. ഇവയെല്ലാം ആവശ്യപ്പെടുന്നത് നിതി ആയോഗ് എന്ന കാലഹരണപ്പെട്ട സംവിധാനത്തിന്റെ സ്ഥാനത്ത് സംസ്ഥാനങ്ങൾക്കും യൂണിയനും തുല്യ പങ്കാളിത്തവും ഫെഡറൽ ജനാധിപത്യ സങ്കല്പങ്ങൾക്ക് അനുസൃതവുമായ ഒരു നൂതന ആസൂത്രണ സംവിധാനത്തെയാണ്.


ഇതുകൂടി വായിക്കൂ: അനീതി ആയോഗ്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.