നിത്യാനന്ദ സ്വാമിയുടെ ‘ഹിന്ദു രാഷ്ട്രത്തിലേക്ക്’ പ്രവേശിക്കണമെങ്കിൽ ഇങ്ങനെ ചില നിബന്ധനകളുണ്ട്

Web Desk
Posted on December 05, 2019, 3:53 pm

ബംഗളൂരു: ഇന്ത്യയില്‍ നിന്ന് നാടുവിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ ദ്വീപ് വിലയ്ക്ക് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ച്‌ കഴിയുന്നതായി റിപ്പോർട്ട്. മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിക്കഴിഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രത്തിലേക്കു സ്വാഗതമെന്നു പറഞ്ഞ് സംഭാവനയും പിരിക്കുന്നു. സൗജന്യ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി ഗുരുകുല സമ്പ്രദായം വരെയായി കൈലാസ എന്നു പേരിട്ട ഈ ദ്വീപിന്റെ വിശദവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും രാജ്യത്തിനായുള്ള പ്രത്യേക വെബ്‌സൈറ്റിലൂടെയും നിത്യാനന്ദ പുറത്തു വിട്ടിട്ടുണ്ട്. ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിത വ്യവസ്ഥയായിരിക്കും ഇവിടെയെന്നാണ് അവകാശപ്പെടുന്നത്. മൂന്നാം കണ്ണിന്റെ ശാസ്ത്രം, യോഗ, ധ്യാനം എന്നിവയും ഗുരുകുല സമ്പ്രദായത്തിലൂടെ പഠിപ്പിക്കും.

ഈ ദ്വീപു രാഷ്ട്രത്തിന് ഒരു സര്‍ക്കാരുമുണ്ടാകും. ആഭ്യന്തര സുരക്ഷ, പ്രതിരോധം, സാങ്കേതികം, ധനകാര്യം, വാണിജ്യം, ഭവനകാര്യം, മനുഷ്യസേവനം, വിദ്യാഭ്യാസം തുടങ്ങി പല വകുപ്പുകളുമുണ്ട്. മിക്കതിന്റെ തലപ്പത്ത് നിത്യാനന്ദയാണ്. സ്വതന്ത്രമായ, ഒരു പുതുരാഷ്ട്രം എന്നാണു കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ഹിന്ദുക്കളില്‍ നിന്ന് പണം സ്വീകരിക്കാന്‍ ഹിന്ദു ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിസര്‍വ് ബാങ്കും നിത്യാനന്ദ ഒരുക്കുന്നുണ്ട്. ഇതുവഴിയാണ് സംഭാവന സ്വീകരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി വഴിയായിരിക്കും ഇടപാടുകളെന്നും സൂചനയുണ്ട്. നിത്യാനന്ദ ടിവി, ഹിന്ദുയിസം നൗ എന്നീ ചാനലുകളും നിത്യാനന്ദ ടൈംസ് എന്ന പത്രവും രാജ്യത്തു ലഭ്യമാണ്. കൈലാസത്തിനു സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്.

ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയാണ് സ്വന്തം രാജ്യത്തേക്ക് നിത്യാനന്ദ സ്വാഗതം ചെയ്യുന്നത്. ജാതി, ലിംഗം, പ്രദേശം, വിഭാഗം ഇങ്ങനെ ഒന്നിന്റെയും തരംതിരിവില്ലാതെ ഭക്തര്‍ക്ക് കൈലാസത്തിലേക്കു സ്വാഗതമെന്നും വെബ്‌സൈറ്റ് പറയുന്നു. ഇംഗ്ലീഷും സംസ്‌കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകള്‍. യുഎസിലാണ് കൈലാസ പ്രസ്ഥാനം ആരംഭിച്ചതെന്നും പറയുന്നു. ഹിന്ദുമതമായിരിക്കും രാജ്യത്ത്. സനാതന ധര്‍മത്തെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനയും ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും വെബ്‌സൈറ്റിലുണ്ട്.പരമശിവന്‍, പരാശക്തി, നന്ദി എന്നിവയായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങള്‍. ഇതോടൊപ്പം നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നമായി വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ചിഹ്നങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് കടും ചുവപ്പ് നിറത്തില്‍ പതാകയും തയാറാക്കിയിരിക്കുന്നത്.

2018 സെപ്റ്റംബറില്‍ വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇത് പുതുക്കി നല്‍കണമെന്ന ആവശ്യം കര്‍ണാടക പൊലീസ് തള്ളിയിരുന്നു. ബലാത്സംഗക്കേസും കുട്ടികളെ തട്ടിക്കൊണ്ടു പോയി അനധികൃത തടവില്‍ വച്ചെന്നുള്ള കേസും നിലനില്‍ക്കുന്നതിനിടെ ഇയാള്‍ അപ്രത്യക്ഷനാവുകയായിരുന്നു. രാജശേഖരന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന നിത്യാനന്ദ തമിഴ്‌നാട് സ്വദേശിയാണ്. 2010ല്‍ തെന്നിന്ത്യന്‍ നടിയുമൊത്തുള്ള വിഡിയോ പുറത്തുവന്നതോടെ ആശ്രമം വാര്‍ത്താകേന്ദ്രമായി. പിന്നീട് ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ഈ കേസ് നിലനില്‍ക്കുന്നുമുണ്ട്.

you may also like this video;