നിളയ്ക്കു വേണ്ടിയൊരു പാട്ട്

Web Desk
Posted on June 02, 2019, 10:21 am

ഡോ. എം ഡി മനോജ്

എത്ര ദൂരേയ്ക്ക് ഒഴുകിമറഞ്ഞാലും തിരികെയെപ്പോഴോ മനസിനെ ചുറ്റിയെത്തുന്നുണ്ടാകും ഒരു നദി. ഏതു ഋതുവിലും തിരോഭവിക്കാതെ ഒഴുകുന്ന നദിയോര്‍മ്മകള്‍ കൊണ്ട് സമൃദ്ധമാണ് മലയാളി മനസുകള്‍. പുഴകൊണ്ട് നനഞ്ഞ വാക്കുകളാല്‍/ഈണങ്ങളാല്‍ നാം സ്വന്തം ജീവചരിത്രത്തെ പൂരിപ്പിച്ചു കൊണ്ടേയിരിക്കും. പുഴയുടെ ഏറ്റവും നേര്‍ത്ത വിരല്‍പ്പാടുകളില്‍പ്പോലും അയാള്‍ ഗൃഹാതുരനാകുന്നു. ഒരേ സമയം അകത്തേക്കും പുറത്തേക്കും ഒഴുകിനിറയുന്നവ, ജീവിത തീരങ്ങളില്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങളെഴുതിയവ, വിരഹം കൊണ്ടുവരുന്നവ, പാപമോക്ഷങ്ങളില്‍ പങ്ക് ചേര്‍ന്നവ, സ്വകാര്യതകളില്‍ ഈണമായി തുളുമ്പിയവ, ഇഷ്ടരഹസ്യങ്ങള്‍ പകര്‍ന്നവ… അങ്ങനെ പുഴപ്പകര്‍ച്ചകള്‍ എത്രയെത്ര! അനാദിയായ കാലത്തില്‍ നിന്ന് പുഴയിലേക്കിറങ്ങിവരുന്ന പുലര്‍വെളിച്ചം എത്രയോ ചലച്ചിത്രങ്ങളില്‍ മിഴികള്‍ നിറഞ്ഞുണരും ഫ്രെയിമുകളായി. പെയ്തു തോരാത്ത മഴകള്‍ പുഴയിലുണ്ടാക്കുന്ന നുണക്കുഴികളെ ക്യാമറയില്‍ കണ്ടു നാം കൗതുകം പൂണ്ടു. പാട്ടിന്റെ ദൃശ്യങ്ങളെ മാറ്റി വരയ്ക്കുകയായിരുന്നു നദികള്‍. എത്ര കേട്ടിട്ടും മായാതെ മനസില്‍ നിന്നു, പുഴയെക്കുറിച്ച് കവികള്‍ പാടിയ ഗീതികള്‍ .….
സംസ്‌കാരത്തിന്റെ സൂക്ഷ്മസ്ഥൂല സ്ഥലികളിലൂടെയാണ് പുഴകളൊഴുകുന്നത്. പാട്ടിലെ കാല്‍പനികതയെ അത് സാംസ്‌കാരിക സാന്നിധ്യമാക്കി മാറ്റി. വൈകാരികതയ്ക്ക് ഈണമിട്ട് നിളയുടെ ദൃശ്യസൗഭാഗ്യങ്ങള്‍ പാട്ടില്‍കൊണ്ടുവരാന്‍ സംവിധായകര്‍ മത്സരിച്ചു. നിളയുടെ സംഗീതമുണര്‍ത്തുന്ന അഴകുകളെ പാട്ടില്‍ സൗന്ദര്യാത്മക രുചികളാക്കി മാറ്റുവാന്‍ സംഗീത സംവിധായകര്‍ക്ക് കഴിഞ്ഞു. വെറും കാഴ്ചയ്ക്കപ്പുറം ശ്രദ്ധയോടെയുള്ള കാഴ്ച പോലെ മറ്റൊന്ന് പാട്ടില്‍ കൊണ്ടുവരുന്നുണ്ട്, നിളാനദി. നിളയില്‍ നീരാടി നിവര്‍ന്ന എത്രയോ പാട്ടുകളുണ്ട് മലയാളികള്‍ക്ക്. നിരവധി പാട്ടുകളില്‍ കവികള്‍ നിളയെ കോരിയെടുത്തു. ഒഎന്‍വിയുടെ പാട്ടുകള്‍ അതില്‍ ശ്രദ്ധേയമായിരുന്നു. ഇങ്ങനെ നിത്യഹരിതയായി നില്‍ക്കുന്ന നിളയില്‍ മനുഷ്യനേല്‍പിച്ച മുറിവുകള്‍ അടയാളപ്പെടുത്തി ഒരു പാട്ട് നമ്മുടെ മുന്‍പിലേക്കണയുകയാണ്. അനുരാഗമോ, പ്രണയമോ, ഒന്നുമല്ലായിരുന്നു ഈ പാട്ടിലെ പ്രധാന പ്രമേയം.
നിളാസംരക്ഷണം പ്രമേയമായി വന്ന ‘ഭൂമിഗീതം’ എന്ന സിനിമയിലെ ‘അമ്മേ നിളാദേവി’ എന്ന ഗാനം കാല്‍പനികതയും സാമൂഹികതയും സമന്വയിച്ചുണ്ടായ മലയാളത്തിലെ അപൂര്‍വ്വഗീതികളിലൊന്നായി മാറുകയായിരുന്നു. ഭാസ്‌കരന്‍മാഷിന്റെ വരികള്‍ക്ക് ഈണമിട്ടത് ഔസേപ്പച്ചനായിരുന്നു. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പടരേണ്ട ഈ പരിസ്ഥിതി സൗന്ദര്യശാസ്ത്രം പറഞ്ഞുവയ്ക്കാന്‍ കെല്‍പുള്ള ഗാനഗോപുരമായി അത് ഉയര്‍ന്നുനില്‍ക്കുന്നു. നിളയുടെ ഭൂതകാല ചാരുതകളെ കൈവിടാതെയും ഗൃഹാതുരബോധങ്ങളെ തുയിലുണര്‍ത്തുകയും ചെയ്താണ് പാട്ടിന്റെ പല്ലവി വികസിക്കുന്നത്.
‘അമ്മേ നിളാദേവി, പൈതലായി പണ്ടു ഞാന്‍
നിന്‍ മടിത്തട്ടില്‍ നീന്തിത്തുടിയ്ക്കവേ,
കണ്ടതാം നിന്നുടെ കമനീയ രൂപമോ
കണ്ടാലറിയാതിന്നെന്തേ വിവശയായ്’
നിളയെ അമ്മയായിക്കാണുന്ന ഒരു മഹത്തായ സംസ്‌കൃതിയുടെ അലകള്‍ പാട്ടില്‍ കാവ്യത്മക സ്മൃതിയായി വളരുകയാണ്. നിളയുടെ ഭൂതവര്‍ത്തമാനകാലങ്ങളെ സൂക്ഷ്മമായി വരച്ചുകാട്ടുന്ന വരികള്‍ സ്മൃതിവിസ്മൃതികളുടെ ചാക്രികതയെയും നമ്മെ ബോധ്യപ്പെടുത്തുന്നു. അനുപല്ലവിയുടെ ആദ്യപാദങ്ങളിലേക്കെത്തുമ്പോഴേക്കും നിളയുടെ തീരങ്ങള്‍ പങ്കിട്ട സംസ്‌കൃതികള്‍ പറഞ്ഞുവെക്കുകയാണ് കവി. അവിടെ കുഞ്ചന്റെ മഞ്ജീരനാദവും തുഞ്ചന്റെ പൈങ്കിളിപ്പാട്ടുമെല്ലാം ഒന്നിച്ചു കൈകോര്‍ത്തുനിന്നു. മേനിയില്‍ പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി മോഹിനിയാട്ടമരങ്ങേറുന്ന വേദികയായി നിളയെ കല്‍പന ചെയ്യുമ്പോള്‍ അവിടെ കേരളീയ കലാമണ്ഡലമുണര്‍ത്തുന്ന മുഴുവന്‍ സര്‍ഗാത്മകപ്പൊരുളുകളും ഒന്നിക്കുന്നു. സമസ്ത കലകളുടെയും കേളീരംഗമായ നിളയുടെ കമനീയ രൂപം ‘ഇത്രയും വിവശമായതെന്തേ’ എന്ന ചിന്ത കവിയില്‍ ഒരു വ്യസനവ്യൂഹം ചമയ്ക്കുകയാണ്. അമ്മയായും ദേവിയായുമൊക്കെ പവിത്ര നിളയെ ദര്‍ശിക്കുന്ന ഒരാര്‍ഷസംസ്‌കൃതി ഈ പാട്ടില്‍ തിടം വെച്ചുണരുന്നു. അമ്മയുടെ മടിത്തട്ടില്‍ നീന്തിത്തുടിച്ച പൈതലായൊരു ജന്മം കവിയുടെ സ്മൃതിബോധത്തില്‍ അലകള്‍ തീര്‍ക്കുന്നു. സമൂഹത്തിന്റെ ഉപബോധമനസിലാണെപ്പോഴും മിത്തുകള്‍ പിറവി കൊള്ളുന്നത്. അനുപല്ലവിയുടെ രണ്ടാംപാദം ‘പറയിപെറ്റപന്തിരുകുലം’ എന്ന മിത്തിന്റെ വിസ്തൃതിയില്‍ വിനിമയ നിര്‍ഭരമാകുകയാണ്.
‘പൊന്‍ തിരുവോണമിന്നെങ്ങും പിറന്നതും
പന്തിരുമക്കളെ പഞ്ചമി പെറ്റതും
പാണന്റെ പാട്ടിനാല്‍ ഞങ്ങളെ കേള്‍പ്പിച്ചു
പാടിയുറക്കിയ നാളുകളെങ്ങുപോയ്’
പൊയ്‌പ്പോയൊരഭിലാഷത്തിന്റെയും അനുഭൂതിയുടെയും സ്മൃതികളിരമ്പുന്ന നിളയെയാണ് പാട്ടില്‍ കവി നമുക്ക് മുമ്പില്‍ നിര്‍ത്തുന്നത്. നിള നട്ടുനനച്ചുവളര്‍ത്തിയ നാട്ടുസംസ്‌കൃതിയുടെ നന്‍മകള്‍ പാട്ടില്‍ അവിടവിടെയായി പൂത്തുനില്‍ക്കുന്നുണ്ട്. അവിടെ പുലരുന്ന പൊന്‍ തിരുവോണവും പാണന്റെ പാട്ടുമെല്ലാം മലയാളിയെ പോയകാലത്തേക്ക് മടക്കിക്കൊണ്ടുപോയാല്‍ അതില്‍ അത്ഭൂതമില്ല. പാട്ടിന്റെ ചരണത്തില്‍ കവി പറയാതെ പറയുന്ന നഷ്ടകാല സ്മൃതികള്‍ക്ക് കനമേറുകയാണ്. ദുരമൂത്ത മക്കളുടെ ചെയ്തികളില്‍ നീറിയമര്‍ന്നൊരമ്മയുടെ തീരാവ്യഥകള്‍ നമ്മളില്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്നു. മണല്‍വാരിയും മണ്ണിന്റെ മാറ് കുഴിച്ചും. മരങ്ങള്‍ വെട്ടിയരിഞ്ഞും ജീവിതകഥ തുടരുന്ന മര്‍ത്യജന്മത്തെയാണ് കവി തന്റെയീ പാട്ടിലവതരിപ്പിക്കുന്നത്. നിളയെന്നത് കേവലമൊരു നദിയല്ല, അത് ഓര്‍മ്മയുടെയും സംസ്‌കാരത്തിന്റെയും അടയാളപ്പെടുത്തലാണെന്ന വിചാരത്തെ വികാരനിര്‍ഭരമായാണ് കവി ഈ പാട്ടില്‍ നിക്ഷേപിക്കുന്നത്. പ്രണയാനുരാഗങ്ങള്‍ ഒരു പോലെ പുഷ്പിച്ച രമ്യവേദികയായിരുന്നു നിളയുടെ നിര്‍മ്മല തീരങ്ങള്‍ കാലങ്ങളായി ഇടിഞ്ഞു തകരുമ്പോള്‍ അവിടെ നഷ്ടമാകുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ കുടിലുകളോരോന്നാണെന്ന് കവി വേദനയോടെ തിരിച്ചറിയുന്നു. ഭൂമിഗീതം എന്ന സിനിമയ്ക്ക് ഇത്രയധികം പ്രമേയബന്ധുരമായ വരികള്‍ മറ്റാരില്‍ നിന്നും ലഭിച്ചിട്ടില്ല. നിളയുടെ നൃത്തവും പാട്ടുമെല്ലാം സമന്വയിപ്പിച്ച മനോധര്‍മ്മമാണ് മലയാളസംസ്‌കാരമായി പ്രബലമാകുന്നതെന്ന ആശയത്തെയാണ് ഈ പാട്ടില്‍ ഭാസ്‌കരന്‍മാഷ് ഉയര്‍ത്തിക്കാണിക്കുന്നത്. നിള പകര്‍ന്നു തന്ന കാവ്യസങ്കല്‍പ സംഗീതികകള്‍ക്ക് മലയാളമെന്നും കാതോര്‍ത്തിരുന്ന കാലത്താണ് അത്യന്തം വിവശയായൊരമ്മ നിളയെ കവി ഈ പാട്ടില്‍ വരച്ചിടുന്നത്. ഇത് മനുഷ്യന്റെ കണ്ണുംകാതും തുറപ്പിക്കുന്ന കലയുടെ (പാട്ടിന്റെ) നേരറിവാണ്. നിളാസ്മൃതികള്‍ക്ക് പാട്ടിറങ്ങി കാല്‍ദശകം പിന്നിടുമ്പോഴും അതില്‍ ആഴത്തില്‍ വേരോടിയ പ്രകൃതി ബോധത്തിന് പ്രസക്തിയേറുകയാണ്.
‘പിച്ച നടത്തിയോരമ്മ ദരിദ്രയായ്
പിച്ചയാചിച്ചു കുടിനീരിറക്കുവാന്‍
നില്‍പ്പുവിശക്കുന്ന മക്കളെപ്പോലവേ
ദിക്കുകള്‍ നാലും വിഷാദമാര്‍ന്നിതാ…’
‘പിച്ച’ എന്ന രണ്ടക്ഷരവാക്കിനെ ചരണത്തിലെ ആദ്യവരിയിലും രണ്ടാമത്തെ വരിയിലും ഒരു പോലെ അണിനിരത്തി കവി സൃഷ്ടിച്ചെടുക്കുന്ന ധ്വനികള്‍ക്ക് ഏറെ നിറവുകള്‍ ഉണ്ടായിരുന്നു. ജീവിതത്തിലെ രണ്ടറ്റങ്ങളിലേക്ക് നീണ്ടുപോകുന്ന അവസ്ഥകളെ (പിച്ച നടത്തുക, പിച്ചയാചിക്കുക) ശ്രദ്ധാപൂര്‍വ്വം പാട്ടില്‍ നിക്ഷേപിക്കുകയായിരുന്നു കവി. മനുഷ്യജീവിത സംസ്‌കൃതിയെ പിച്ച നടത്തിയ ഒരു നദിയിതാ ഇപ്പോള്‍ ശോഷിച്ച് ഇല്ലാതെയായിരിക്കുന്നു. ചുറ്റും കുടിനീരിനുവേണ്ടി യാചിച്ചു നില്‍ക്കുന്ന മക്കള്‍, ഇതുകണ്ട് വിഷാദഭരിതരായിത്തീരുന്ന നാലു ദിക്കുകള്‍… ഇങ്ങനെ ശോകഗ്രസ്തമാക്കുന്ന സാമൂഹ്യജീവിതത്തിന്റെ ഉള്ളുണര്‍ത്തുന്ന വരികള്‍ ഉണ്ടാകുന്നു. മനുഷ്യന്റെ സംഹാരാത്മകതയെ മറ്റൊരുവിധത്തില്‍ സംക്ഷേപിക്കുകയായിരുന്നു കവി. ഔസേപ്പച്ചന്‍ എന്ന സംഗീതസംവിധായകന്റെ ആത്മസംഗീതച്ഛായകള്‍ ഈ പാട്ടിന് നല്‍കിയ ലാളിത്യവും വെണ്‍തരംഗ ദീപ്തിയും ഒട്ടും കുറവായിരുന്നില്ല. കണ്ണടച്ചു കേള്‍ക്കണം ഈ പാട്ട് . ഔസേപ്പച്ചന്റെ സംഗീതം, വരികളില്‍ നിന്ന് നമ്മെ ആര്‍ദ്രമായി ക്ഷണിച്ചുകൊണ്ട് ഏതോ ആകാശദൂരങ്ങളിലേക്കു കൊണ്ടു പോകുന്നു. പിന്നീടുള്ള നിമിഷങ്ങളില്‍ നാമറിയുക നാമേതോ ഭൂതകാലത്തിലേക്കുള്ള യാത്രയിലാണെന്നാണ്. പാട്ടിലെപ്പോഴും ഈ ആര്‍ദ്രലയത്തിന്റെ ഒരു ഇതള്‍ സൂക്ഷിക്കുന്നുണ്ട്, ഔസേപ്പച്ചന്‍.
പാട്ടിനെ വിനിമയനിര്‍ഭരമാക്കുന്ന വയലിന്‍ ബിറ്റുകള്‍ ഔസേപ്പച്ചന്‍ ഇവിടെയുമൊരുക്കുന്നു. പാട്ടു സന്ദര്‍ഭമൊരുക്കുന്ന ഭാവതലത്തിന് സവിശേഷമായ അര്‍ഥസൗഭാഗ്യമേകാന്‍ ഈ വയലിന്‍ സ്വരങ്ങള്‍ക്ക് കഴിയുന്നുണ്ട്. വാക്കുകളും അക്ഷരങ്ങളും ദീക്ഷിക്കുന്ന ഭാവഭംഗികള്‍ ഈ പാട്ടിലുമുണ്ട്. ഫ്‌ളൂട്ടിലും വയലിനിലും ചാലിച്ചെടുത്ത ലയാത്മകസ്വരവിനിയോഗങ്ങള്‍ പാട്ടിനെ ആകര്‍ഷകമാക്കുന്നു. സൗമ്യത, സൂക്ഷ്മശ്രുതികളില്‍ ശ്രദ്ധിക്കുന്ന ലയബോധം എന്നിവ കൂടുതല്‍ പ്രബലമാകുന്നുണ്ടിവിടെ. ഔസേപ്പച്ചന്റെ സംഗീതം ഭൂമിഗീതത്തിലെ കാവ്യാത്മക നിമിഷങ്ങളെ ആലേഖനം ചെയ്യുന്ന ഒന്നായി മാറി. ‘പിച്ച നടത്തിയൊരമ്മ ദരിദ്രയായ്’ എന്ന വരിയില്‍ അമ്മയായ നിളാദേവിയുടെ ദയനീയരൂപം കൊത്തിവെച്ചിട്ടുണ്ട് ‘- ഔസേപ്പച്ചന്റെ വാക്കുകള്‍.
യേശുദാസും ചിത്രയും പാടിയ രണ്ട് വേര്‍ഷനുകള്‍ ഉണ്ട് ഈ പാട്ടിന്, ഭൂമിഗീതം എന്ന സിനിമയുടെ ശീര്‍ഷകഗാനമായിരുന്നു ‘അമ്മ നിളാദേവി. നിളാസംരക്ഷണ പ്രക്ഷോഭം നടക്കുവാന്‍ കൊടുക്കുന്നതില്‍ നിന്ന് സിനിമയോടെ ആത്മാവിലേക്ക് ക്യാമറ തിരിയുകയാണ്. ഈ പാട്ടിന്റെ പടവുകള്‍ കയറിയാണ് സിനിമയിലെ മറ്റ് ദൃശ്യങ്ങള്‍ വികസിക്കുന്നത്. ഫ്‌ളുട്ടിന്റെ മന്ദ്രമധുരമായ ഒരു വിളംബത്തിലാണ് പാട്ടിന്റെ തുടക്കം. പിന്നെ ഇലത്താളത്തിന്റെ ഇടകലരല്‍. പല്ലവി മുഴുവന്‍ മാണ്ട് രാഗത്തിന്റെ സൗഖ്യത്തില്‍ നിറയുന്നു. അനുപല്ലവിയിലേക്കുള്ള ഈണത്തിന്റെ അനുയാത്രകള്‍ ഫളൂട്ടിന്റെ കുഞ്ഞോളങ്ങളില്‍. മേനിയില്‍ പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി എന്ന ഭാഗത്ത് കേരളീയ താളത്തിന്റെ അലയുണര്‍ത്തുവാന്‍ ചെണ്ടയുടെ ഒരു അടന്ത വന്നുകയറുമ്പോള്‍ കേരളീയരാഗമായ വലചിയുടെ ഉചിതപ്രയോഗത്തില്‍ അനുപല്ലവി സാര്‍ഥകമാകുന്നു. പാട്ട് ചരണത്തിലേക്ക് സഞ്ചരിക്കുന്നത് വയലില്‍ ബിറ്റിന്റെ ഹ്രസ്വമായ ഒഴുക്കിലും തബലയുടെ ചെറുനടയിലുമാണ്. ചരണത്തിലാകട്ടെ ഹംസാനന്ദി രാഗത്തിലുയിര്‍കൊള്ളുന്ന ഉള്ളൂലയ്ക്കും ശോകച്ഛായകള്‍-മണ്‍മറഞ്ഞു പോയ നിളയുടെ സൗഭാഗ്യത്തെ ഓര്‍മ്മിക്കുകയാണ് ഈ പാട്ട്. പാട്ടിന്റെ ആത്മാവില്‍ നിളാദേവി കേരളീയമായ ഒരു ‘ബാണി’ സമന്വയിപ്പിക്കുന്നു എന്നു പറയാവുന്നതാണ്. നിളയെ ഓര്‍ക്കുവാനും അതുവഴി സംസ്‌കൃതിയെ സംരക്ഷിക്കാനുമൊക്കെയുള്ള സാധ്യതയായി ഈ പാട്ട് എന്നുമുണ്ടാകും നമ്മുടെ മുമ്പില്‍ എന്നത് തീര്‍ച്ചയാണ്.