Saturday
16 Feb 2019

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

By: Web Desk | Tuesday 12 February 2019 11:24 AM IST

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഒന്നരമണിക്കൂര്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് നിയമസഭ പിരിഞ്ഞു. സഭയിലെ അംഗമായ ടിവി രാജേഷിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ ശ്രമിച്ചത്. ചട്ടപ്രകാരം പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ റൂളിംങ് നല്‍കി.

ആദ്യ ഉപക്ഷേപമായി ഇത് അവതരിപ്പിക്കാന്‍ പ്രതിപക്ഷനേതാവിന് അവസരം നല്‍കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ അതൊന്നും സ്വീകരിക്കാതെ സ്പീക്കര്‍ നീതിപാലിക്കുക എന്ന മുദ്രാവാക്യംമുഴക്കി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് ശ്രദ്ധക്ഷണിക്കലുകളും സബ്മിഷനുകളും ഒഴിവാക്കി കേരള ബാങ്ക് രൂപീകരണത്തിന് വഴിയൊരുക്കുന്ന സഹകരണസംഘനിയമഭേദഗതിബില്ലും വോട്ട ്ഓണ്‍ അക്കൗണ്ടിന് മേലുള്ള ധനവിനിയോഗബില്ലും പാസാക്കി 10.35ന് സഭ അനിശ്ചിതകാ3ലത്തേക്ക് പിരിയുകയായിരുന്നു.
പത്തുദിവസക്കാലയളവാണ് സഭ സമ്മേളിച്ചത്. സമ്മേളനകാലത്ത് എട്ട് അടിയന്തരപ്രമേയങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചു. ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ആരംഭിച്ച സഭയില്‍ 2019-20ലെ ബജറ്റും അവതരിപ്പിച്ചു.