15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 4, 2025
January 1, 2025
December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024

പൊലീസ് കുറ്റമറ്റ അന്വേഷണം നടത്തുന്നു; മുഖ്യമന്ത്രി

ആലുവ സംഭവത്തില്‍ അന്‍വര്‍ സാദത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല
web desk
തിരുവനന്തപുരം
September 12, 2023 11:18 am

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റിക്കോര്‍ഡുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ചില പ്രദേശങ്ങളില്‍ ചില സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ മറികടക്കണമെങ്കില്‍ എല്ലാ പൊതുപ്രസ്ഥാനങ്ങളുടെയും ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകണം. വൈകാരികമായ പ്രതികരണങ്ങള്‍ക്കപ്പുറം നാടിന്റെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കുന്ന ഏതുതരം നീക്കത്തെയും ഒരുമിച്ച് നേരിടാനും തള്ളിപ്പറയാനും സമൂഹത്തിനാകെ കഴിയേണ്ടതുണ്ടെന്നും നിയമസഭയില്‍ അന്‍വര്‍ സാദത്തിന്റെ അടിയന്തര പ്രമേയാനുമതി നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ആലുവയില്‍ ബിഹാര്‍ സ്വദേശികളുടെ വീട്ടില്‍ വെളുപ്പിന് അതിക്രമിച്ചു കയറി എട്ടു വയസുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഉണ്ടായ അനുഭവം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്. ആലുവയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. തിരുവല്ലൂര്‍ സ്വദേശി ജി മുരുകന്‍, തുരുത്ത് സ്വദേശി വി കെ ജോഷി എന്നിവർ. ഇവരാണ് പൊലീസിനു സഹായികളായി പുഴയില്‍ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലര്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ തടയാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. അത്തരമൊരു കേന്ദ്രമാണ് ആലുവയില്‍ മേല്‍കുറ്റകൃത്യം നടന്ന സ്ഥലം. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പൊലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. ഇതില്‍ പൊതുജനങ്ങളുടെയാകെ സഹായം പൊലീസിനു വേണ്ടതുണ്ട്. ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയും ചിലര്‍ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. ആ രംഗത്ത് കൂടുതല്‍ സമഗ്രവും ഫലപ്രദവുമായ ചില നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് സ്റ്റേഷനുകള്‍ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ചില പരിമിതികള്‍ പോലീസ് നേരിടുന്നുണ്ട്. തൊഴില്‍ ദാതാക്കളോ കരാറുകാരോ വീട് വാടകയ്ക്ക് നല്‍കുന്നവരോ അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചുവയ്ക്കാത്തതുമൂലം ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ രജിസ്‌ട്രേഷനുമായി തൊഴില്‍ വകുപ്പ് ‘അതിഥി’ പോര്‍ട്ടല്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ തൊഴില്‍ ദാതാക്കളില്‍ നിന്ന് ശേഖരിക്കണമെന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികളുടെ വിവരങ്ങളും അവര്‍ താമസിക്കുന്ന കെട്ടിട ഉടമയുടെയും ആരുടെ കീഴിലാണ് ജോലി ചെയ്യുന്നത് തുടങ്ങിയ വിവരങ്ങളും പൊലീസ് സ്റ്റേഷനുകളിലെ മൈഗ്രന്റ് ലേബര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കി ശേഖരിക്കുന്നതിന് ഐജി തലംവരെയുള്ള എല്ലാ ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍, റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് അപരിചിതരായവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം റസിഡന്‍ഷ്യല്‍ ഏരിയകളില്‍ കുട്ടികള്‍ അപരിചിതരുമായി സഹകരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും യഥാസമയം പ്രതികരിക്കുന്നതിനും അവരെ സജ്ജമാക്കുന്നതിനുമായി ജനമൈത്രി പൊലീസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ട് എത്താതെ തന്നെ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷ ഒരുക്കുന്നതിനായി ‘നിഴല്‍’ എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ സുരക്ഷാ പദ്ധതികളെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ സഭയില്‍ നല്‍കിയിട്ടുണ്ട്. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികള്‍ക്കു പുറമെ 56 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ 54 എണ്ണത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഈ കോടതികളില്‍ പ്രത്യേക പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിച്ചിട്ടുണ്ട്. കേസുകളുടെ വിചാരണ, തീര്‍പ്പാക്കല്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കല്‍ കേസുകളുടെ പുരോഗതി വിലയിരുത്തിവരുന്നു. ജില്ലാതലത്തില്‍ പോക്‌സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എത്ര നിസാരമായ കുറ്റകൃത്യമായാല്‍പ്പോലും അവയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇവിടെ പ്രതിപാദിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നടപടി സ്വീകരിച്ചു എന്നതുകൊണ്ട് സര്‍ക്കാരിന്റെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് കരുതുന്നില്ല. ഇത്തരം ഏതു വിഷയമുണ്ടായാലും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് അവയെ തടയാന്‍ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം, പൊലീസിനു സഹായം നല്‍കുകയും വേണമെന്നും പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയുടെ മറുപടിക്കെതിരെ വാദമുഖങ്ങളുയര്‍ത്തി. പ്രസംഗത്തിലെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രി ജെ ചിഞ്ചുറാണി എഴുന്നേറ്റെങ്കിലും പ്രതിപക്ഷനേതാവ് വഴങ്ങിയില്ല. ഇത് സഭയില്‍ ബഹളത്തിനിടയാക്കി. വിമര്‍ശിക്കുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രിക്ക് മറ്റെന്തോ രോഗമാണെന്നും അതിനാണ് ചികിത്സിക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞതും പ്രതിഷേധങ്ങള്‍ക്കിടയാക്കി.

സതീശന്റെ പ്രസംഗത്തിനൊടുവില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു.

Eng­lish Sam­mury: pinarayi vijayans’ reply speech to anwar sadath  niya­masab­ha adjourn­ment motion

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.