ഇന്നും ബഹളം; സഭ പിരിഞ്ഞു

Web Desk
Posted on December 11, 2018, 10:34 am

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും ബഹളം. 56 മിനുട്ട് കൊണ്ട് കേരളാ സ്പോര്‍ട്സ് ബില്‍ പാസാക്കി സഭ പിരിഞ്ഞു. ശബരിമല വിഷയത്തില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും മൂന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം. സഭ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന നടപടി തുടരുന്നത് ശരിയല്ലെന്ന് പലവട്ടം സ്പീക്കര്‍ പറഞ്ഞു. സീറ്റുകളിലേയ്ക്ക് മടങ്ങി സഭാ നടപടികളുമായി സഹകരിക്കണമെന്ന സ്പീക്കറുടെ അഭ്യര്‍ത്ഥന പ്രതിപക്ഷം സ്വീകരിച്ചില്ല. ബഹളം തുടരവെ മന്ത്രി എസി മൊയ്തീന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ബഹളം അവസാനിക്കാത്ത സാഹചര്യത്തില്‍ ചോദ്യോത്തരവേളയുടെ ശേഷിക്കുന്ന ശ്രദ്ധക്ഷണിക്കലും ഉപക്ഷേപങ്ങളും ഉപേക്ഷിച്ച് മറ്റു നടപടികളിലേയ്ക്ക് കടന്നു.  തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവന മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്ത് വെച്ചു. തുടര്‍ന്ന് സ്പോര്‍ട്സ് ബില്‍ ചര്‍ച്ചകൂടാതെ പാസ്സാക്കി.