‘ഞാനും വയസായി, എന്റെ വീടും.…’

Web Desk
Posted on December 11, 2018, 11:20 pm

യു വിക്രമന്‍

പ്രതിപക്ഷം ഇന്നും സ്ഥിരം കലാപരിപാടി അരങ്ങേറി. നടുത്തളത്തിലിറങ്ങി ബഹളം വച്ച്, മുദ്രാവാക്യം മുഴക്കി സഭാനടപടികള്‍ തടസപ്പെടുത്തുക എന്ന നടപടി തുടര്‍ന്നു.
എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയ പ്രതിപക്ഷാംഗങ്ങളുടെ ആദ്യ ചോദ്യം അംഗങ്ങള്‍ സീറ്റുകളില്‍ ഇല്ലാത്തതിനാല്‍ ഉന്നയിക്കപ്പെട്ടില്ല. എ എം ആരിഫ് തുടങ്ങിയ ഭരണകക്ഷി അംഗങ്ങളുടെ ചോദ്യത്തിന് മന്ത്രി എ സി മൊയ്തീന്‍ മറുപടി പറഞ്ഞു.

ഉപചോദ്യം ഉന്നയിച്ച സിപിഐയിലെ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു: ‘ഞാനും വയസായി, എന്റെ വീടും വയസായി. യുഡിഎഫിന്റെ ബാല്യവും പഴകി, മുദ്രാവാക്യവും ദുര്‍ബലമായി.’ ബിജെപിയുടെ സമരാഭാസത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് സഭയ്ക്കുള്ളില്‍ സ്തംഭിപ്പിക്കല്‍ സമരം തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
‘ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം. മൂന്ന് എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം’ എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

‘പ്രതിപക്ഷാംഗങ്ങള്‍ ഇങ്ങനെ പെരുമാറുന്നത് ശരിയാണോ, സഭ നടത്താന്‍ സഹകരിക്കണം’- സ്പീക്കര്‍ പലവട്ടം അഭ്യര്‍ഥിച്ചു. പ്രതിപക്ഷത്തിന്റെ നടപടി നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹളം തുടരുന്ന സാഹചര്യത്തില്‍ മറ്റു നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് സ്പീക്കര്‍ ഓര്‍മപ്പെടുത്തി. അന്‍വര്‍സാദത്ത് തുടങ്ങി ചില പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ പലവട്ടം ശ്രമിക്കുന്നുണ്ടായിരുന്നു. സഭ നടത്താന്‍ സഹകരിക്കണമെന്ന സ്പീക്കറുടെ അഭ്യര്‍ഥന ബധിര കര്‍ണങ്ങളിലാണ് പതിച്ചത്.
ബഹളവും മുദ്രാവാക്യം വിളിയും തുടര്‍ന്നപ്പോള്‍ ശേഷിച്ച ചോദേ്യാത്തരവേള സ്പീക്കര്‍ ഉപേക്ഷിച്ചു. ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങളുടെയും ഉപക്ഷേപങ്ങളുടെയും മറുപടി ബന്ധപ്പെട്ട മന്ത്രിമാര്‍ മേശപ്പുറത്ത് വച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്‍മാറണമെന്നാവശ്യപ്പെടുന്ന പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ മേശപ്പുറത്ത് വച്ചു.
അനില്‍ അക്കരക്ക് എതിരെ ചില വനിതകള്‍ ഉന്നയിച്ച പരാതി അനേ്വഷിച്ച പ്രിവിലേജസ്, എഥിക്‌സ് എന്നിവ സംബന്ധിച്ച സമിതിയുടെ രണ്ടാമത് റിപ്പോര്‍ട്ട് സഭ പരിഗണിച്ചു. സമിതി ചെയര്‍മാന്‍ എ പ്രദീപ് കുമാറാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. അംഗങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന പൊതുജീവിതത്തില്‍ പാലിക്കേണ്ടതായ ഉയര്‍ന്ന നിലവാരത്തിലുള്ള അന്തസും മര്യാദയും മൂല്യങ്ങളും നിലനിര്‍ത്തുന്നതിന് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അനില്‍ അക്കരയുടെ പ്രസ്താവന ഉചിതമായില്ലെന്ന് കണ്ടെത്തിയ സമിതി ക്ഷമാപണം നടത്തിയതിനാല്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു.
കേരള മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍ ചര്‍ച്ച കൂടാതെ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്കയച്ചു. മന്ത്രി എ കെ ശശീന്ദ്രനാണ് ബില്ലവതരിപ്പിച്ചത്.
തുടര്‍ന്ന് കേരള സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ മന്ത്രി ഇ പി ജയരാജന്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് ബില്ലിന്റെ മൂന്നാം വായനാവേളയില്‍ പി സി ജോര്‍ജ് അഭ്യര്‍ഥിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പരിഗണനകളോടെ ഒരു ഇടപെടലും ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ മന്ത്രി ഇ പി ജയരാജന്‍ വ്യക്തിതാല്‍പര്യത്തിനായി ചിലര്‍ ഉണ്ടാക്കുന്ന സംഘടനകളെ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.
ബില്‍ അംഗീകരിച്ച് 9.58 ന് സഭ ഇന്ന് ചേരാനായി പിരിഞ്ഞു.