മൂങ്ങകള്‍ അസ്തമയം കഴിഞ്ഞാലെങ്കിലും കണ്ണുതുറക്കും… കോണ്‍ഗ്രസോ

Web Desk
Posted on June 11, 2019, 9:48 am

ഇടവേള കഴിഞ്ഞ് പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനം പുനരാരംഭിച്ചത് കര്‍ഷകരുടെ ആത്മഹത്യയെ അടിയന്തര പ്രാധാന്യമുള്ള വിഷയമായി ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രമേയത്തിന് അനുമതി തേടിക്കൊണ്ടാണ്. പ്രമേയാനുമതി മുതല്‍ ധനാഭ്യര്‍ഥന ചര്‍ച്ച അവസാനിപ്പിച്ച സഭ പിരിയുമ്പോള്‍ വരെ പ്രതിപക്ഷത്തിന് ഒന്നിനുപിറകെ ഒന്നായി തിരിച്ചടികളായിരുന്നു. കര്‍ഷകരടക്കം സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ കേന്ദ്രസര്‍ക്കാരിന്റെ സര്‍ഫാസി നിയമത്തിന് വലിയ പങ്കുണ്ട്. കേരളത്തില്‍ ഈ നിയമം നടപ്പിലാക്കിയത് യുഡിഎഫ് സര്‍ക്കാരായിരുന്നുവെന്ന വസ്തുത കൃഷിമന്ത്രി വെളിപ്പെടുത്തിയതാണ് പ്രതിപക്ഷത്തിന് രാവിലെത്തന്നെ കിട്ടിയ കൊട്ട്.

സര്‍ഫാസി നിയമത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയതും കൃഷി മന്ത്രി വിവരിച്ചതിനുപിറകെ, സഹകരണ മന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയ മറുപടികളും പ്രതിപക്ഷ പ്രമേയത്തിന്റെ മുനയൊടിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പ്രതിഷേധമറിയിച്ചു.

സബ്മിഷനുകളുടെ അവതരണത്തിലും പ്രതിപക്ഷം സഭയില്‍ ചൂളിച്ചുരുങ്ങുന്ന കാഴ്ചയായിരുന്നു ഇന്നലെ. വി പി സജീന്ദ്രന്റെ സബ്മിഷനില്‍ കിഫ്ബി ബോണ്ടും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നക്ഷത്രചിഹ്നം ഇട്ട ചോദ്യമാണ് അടുത്ത തിരിച്ചടിക്ക് പാത്രമായത്. ചെന്നിത്തലയുടെ തലയില്‍ മാതൃഭൂമിയുടെ ബോണ്ട് കയറിയൊളിച്ചതായിരുന്നു പ്രശ്‌നം. സഭാസമ്മേളനം ആരംഭിച്ച ഘട്ടത്തില്‍ ശബരീനാഥിന് ധനമന്ത്രി നല്‍കിയ മറുപടിയിലും പത്രസമ്മേളനത്തിലും നടത്തിയ വിവരണങ്ങള്‍ കിഫ്ബിയുടെ ബോണ്ടിലെ വ്യവസ്ഥകള്‍ക്കും അനുബന്ധ വിവരങ്ങള്‍ക്കും വിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു ചെന്നിത്തലയുടെ ചോദ്യം. ശരിയായ വിവരം മാതൃഭൂമി പത്രത്തില്‍ വാര്‍ത്തയായി വന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മാതൃഭൂമിയുടെ ബോണ്ടല്ല കിഫ്ബിയുടെ ബോണ്ട് എന്നുപറഞ്ഞ് ധനമന്ത്രി മറുപടി തുടങ്ങിയതോടെ ചെന്നിത്തല നക്ഷത്രമെണ്ണാന്‍ തുടങ്ങി. സഭയിലെത്തുമ്പോള്‍ ചുരുങ്ങിയത് ചോദ്യത്തിനുള്ള യോഗ്യതയെങ്കിലും പഠിക്കണമെന്നും ഡോ. തോമസ് ഐസക് തുടര്‍ന്നതോടെ പ്രതിപക്ഷം നിരാശരായി. കൊച്ചിയിലെത്തിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത് കിഫ്ബിയുടെ മസാലബോണ്ടിനെക്കുറിച്ച് അറിയില്ലെന്നാണല്ലോ എന്നായി പിന്നെ പ്രതിപക്ഷ നേതാവ്. കിഫ്ബിയുടെയും ബോണ്ടിന്റെയും നിക്ഷേപത്തിന്റെയും റൂട്ട് വരച്ചുകാട്ടിയതോടെ അതും പാളി. പത്രങ്ങള്‍ക്ക് അവരുടേതായ സ്രോതസും പഠനരീതികളും ലക്ഷ്യങ്ങളുമുണ്ടാകും. മാതൃഭൂമിയുടെ പത്രക്കുറിപ്പ് വായിച്ചുവെന്ന് കേരളത്തിന്റെ വികസനസാധ്യതകളെ തകര്‍ക്കും വിധം പരസ്യ വിവാദങ്ങള്‍ക്ക് തുനിയരുതെന്ന ഉപദേശവും നല്‍കിയാണ് ധനമന്ത്രി തോമസ് ഐസക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അടിച്ചിരുത്തിയത്.

ധനാഭ്യര്‍ഥനാ ചര്‍ച്ചയിലും തിരിച്ചടിയായിരുന്നു പ്രതിപക്ഷത്തിന് നേരിടേണ്ടിവന്നത്. മുഖ്യമന്ത്രി മറുപടി കൊടുക്കേണ്ട പൊലീസ്, ജയില്‍ വകുപ്പുകളുടെ ധനാഭ്യര്‍ഥനകളിന്മേലായിരുന്നു ചര്‍ച്ച. കേരളത്തിന്റെ ക്രമസമാധാനനില ഇടതുസര്‍ക്കാരിന്റെ കൈകളില്‍ ഭദ്രമാണെന്ന് വിവരിച്ച് സിപിഐ(എം)ലെ എ പ്രദീപ് കുമാര്‍ കലാപങ്ങളും അക്രമങ്ങളുമില്ലാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതില്‍ കേരള പൊലീസിനെ പ്രശംസിച്ചു. എന്നാല്‍ പ്രശംസ പൊലീസിനല്ല കേന്ദ്ര ഇലക്ഷന്‍ കമ്മിഷനാണ് നല്‍കേണ്ടതെന്നാണ് എന്‍ഡിഎയില്‍ ചേക്കേറിയ ഒറ്റയാന്‍ പി സി ജോര്‍ജിന്റെ തിരുത്ത്. തെരഞ്ഞെടുപ്പ് വേളയില്‍ ഈ പറഞ്ഞ ഇലക്ഷന്‍ കമ്മിഷന്റെ കീഴിലായിരിക്കും പൊലീസ്. എന്നിട്ടും കേരളത്തിന് പുറത്തുമാത്രമായിരുന്നല്ലോ സംഘര്‍ഷങ്ങളും അക്രമങ്ങളുമെന്ന് പ്രദീപ്കുമാര്‍ തിരിച്ചുചോദിച്ചു.

ചന്ദ്രന്റെ പ്രഭയിലെ കളങ്കം പോലെയായിരുന്നു യുഡിഎഫ് ഭരണകാലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്. കേരളത്തിലെ പൊലീസ് ശക്തമാവുകയാണ്. ഇംഗ്ലീഷ് സിനിമയില്‍ മാത്രം കണ്ടുപരിചയമുള്ള വനിതാ കമാന്‍ഡോകള്‍ പരിശീലനം പൂര്‍ത്തിയായി പുറത്തിറങ്ങിക്കഴിഞ്ഞു. ‘പാലാരിവട്ടം കൊള്ളക്കാരെ’ നേരിടാനുള്ള ചുമതല വനിതാ കമാന്‍ഡോകള്‍ക്ക് നല്‍കണമെന്ന അഭ്യര്‍ഥനയും പ്രദീപ്കുമാര്‍ നടത്തി.
പ്രതിപക്ഷത്തുനിന്ന് എഴുന്നേറ്റ കെ സി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എന്‍ എ നെല്ലിക്കുന്നും എന്‍ ഷംസുദീനും മേമ്പൊടി ചേര്‍ത്ത് ചില ശരങ്ങള്‍ തൊടുത്തുവിട്ടെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. എല്‍ഡിഎഫിന്റെ ദയനീയ തോല്‍വിക്ക് കാരണം പൊലീസാണെന്നായിരുന്നു കെ സിയുടെ നിരീക്ഷണം. മോഡിയെ പേടിച്ച പോലെ കേരളത്തില്‍ ആളുകള്‍ പിണറായിയെയും പേടിച്ചു. രാഹുല്‍ ഗാന്ധി അല്ലാതെ പ്രകാശ് കാരാട്ട് പ്രധാനമന്ത്രിയാവുമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് പറയാനാവില്ലെന്നും കെ സി ജോസഫ് ഭരണപക്ഷത്തെ പ്രസംഗങ്ങള്‍ക്ക് മറുപടി നല്‍കി.

മത്താപ്പ് കത്തിച്ച ശേഷമുള്ള പുക പോലെയായിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെയും കേന്ദ്രത്തിലെ ബിജെപിയുടെയും വിജയം എന്ന വിശേഷണമാണ് സിപിഐയിലെ ജി എസ് ജയലാല്‍ നടത്തിയത്. 18 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വട്ടപൂജ്യമാണ്. മൂങ്ങകള്‍ അസ്തമത്തിന് ശേഷമെങ്കിലും കണ്ണുതുറക്കും പക്ഷെ, കോണ്‍ഗ്രസ് ഇപ്പോഴും കണ്ണുതുറന്നിട്ടില്ല.

പിഎസ്‌സി വഴി സംസ്ഥാനത്ത് നിയമനങ്ങളൊന്നും നടക്കുന്നില്ലെന്ന ആമുഖത്തോടെയായിരുന്നു ലീഗിലെ എന്‍ എ നെല്ലിക്കുന്ന് പ്രസംഗം തുടങ്ങിയത്. തെരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് കടന്ന നെല്ലിക്കുന്നിന് കാസര്‍കോട്ടെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയം ഇപ്പോഴും അവിശ്വനീയമാണ്. പറഞ്ഞുപോരുന്നതിനിടയില്‍ അവിടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച സഭാംഗം ടി വി രാജേഷിനെ വിമര്‍ശിക്കാനും മറന്നില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ഇടയ്ക്കിടെ മാധ്യമങ്ങളെ കണ്ട് ഒന്നര ലക്ഷത്തിന്റെ വിജയം ആവര്‍ത്തിച്ച രാജേഷ് സാധ്യതാ മാനദണ്ഡമായി പറഞ്ഞത് ജനങ്ങളുടെ നാഡീമിടിപ്പ് തനിക്ക് മനസിലാവുമെന്നായിരുന്നത്രെ. ഈ നിലയ്ക്കാണ് നാഡീമിടിപ്പ് മനസിലാക്കുന്നതെങ്കില്‍ രാജേഷ് എംബിബിഎസ് എടുക്കാതിരുന്നത് നന്നായെന്ന നെല്ലിക്കുന്നിന്റെ കമന്റ് ടി വി രാജേഷിനും രസിച്ചു

എം സ്വരാജിന്റെ ഊഴം വന്നതോടെ പ്രതിപക്ഷത്ത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയും സീറ്റില്‍ തിരിച്ചെത്തി. ഉമ്മന്‍ചാണ്ടിക്ക് ചുമതലയുണ്ടായിരുന്ന ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ പതനമായിരുന്നു സ്വരാജിന്റെ വിഭവങ്ങളിലൊന്ന്. തെരഞ്ഞെടുപ്പില്‍ ശരി എന്നും വിജയിക്കണമെന്നില്ല. ഹിറ്റ്‌ലര്‍ ജയിച്ചതും മുസോളിനി ജയിച്ചതും രാജ്യത്ത് മോഡി ജയിച്ചതും ഇവിടെ കോണ്‍ഗ്രസ് ജയിച്ചതും ശരി എന്ന നിലയ്ക്കല്ല. ജനാധിപത്യത്തിന് പറ്റിയ കൈത്തെറ്റാണത്. അത് അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൊടുങ്കാറ്റിന്റെ വേഗത്തില്‍ ഇടതുപക്ഷം തിരിച്ചുവരുമെന്നും സ്വരാജ് പറഞ്ഞുനിര്‍ത്തി. തുടര്‍ന്നായിരുന്നു അവസാന പ്രാസംഗികനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റത്. സ്വതസിദ്ധമായ ശൈലിയില്‍ ‘വെള്ളി‘ടിയായി ഏതാനും പരാമര്‍ശങ്ങള്‍ നടത്തിയതോടെ സഭ കുലുങ്ങിച്ചിരിച്ചു.

മോഡി പേടിയുണ്ടാകാം പക്ഷെ, കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായി പേടി ഉണ്ടാവാനുള്ള സാഹചര്യമെന്താണെന്ന മറുചോദ്യത്തോടെയായിരുന്നു മുഖ്യമന്ത്രി മറുപടിക്കെഴുന്നേറ്റത്. യോഗി ആദിഥ്യനാഥിനെ പോലെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ ജയിലിലടയ്ക്കുന്നുണ്ടോ ഇവിടെ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലും കേരളം ഇക്കാര്യങ്ങളില്‍ സുരക്ഷിതമാണെന്നാണല്ലോ പറഞ്ഞതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ തിരുവഞ്ചൂര്‍ അമളി തിരുത്തി.

വിജയത്തിന്റെ അഹങ്കാരത്തില്‍ നടത്തിയ രാഷ്ട്രീയ പരാമര്‍ശങ്ങളല്ലാതെ മറുപടി പറയാന്‍ മാത്രം ഗൗരവപ്പെട്ട ആക്ഷേപങ്ങളൊന്നും ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് കമ്മിഷണറേറ്റ് സംബന്ധിച്ചാണ് ആകെ പ്രതിപക്ഷം ഉന്നയിച്ച പുതിയ വിഷയം. അതാണെങ്കില്‍ 2013 ജനുവരി 23ന് മന്ത്രിസഭ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നുകൂടി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ അന്ന് ഭരണം നടത്തിയിരുന്ന പ്രതിപക്ഷത്തിന് നിരാശരായി പുറത്തിറങ്ങേണ്ടിവന്നു.