Friday
18 Oct 2019

ഉടമകളില്‍ നിന്നും പീഡിപ്പിക്കുന്ന ആനകളെ പിടിച്ചെടുക്കും; കെ രാജു

By: Web Desk | Monday 10 June 2019 1:47 PM IST


തിരുവനന്തപുരം: നാട്ടാനകളെ പീഡിപ്പിക്കുന്ന ഉടമകളില്‍ നിന്ന് ആനകളെ പിടിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി വനമന്ത്രി കെ രാജു നിയമസഭയില്‍ പറഞ്ഞു. ഇത്തരം ആനളെ കോട്ടൂര്‍ ആനപരിപാലനകേന്ദ്രത്തില്‍ എത്തിക്കും. ഉടമയ്ക്ക് ആനയെ നോക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ അത് സര്‍ക്കാരിനെ അറിയിച്ചാല്‍ അവരില്‍ നിന്ന് ചെറിയൊരു തുകയീടാക്കി വനം വകുപ്പ് ഏറ്റെടുക്കും. ഇതിനായി കോട്ടൂരുരില്‍ നൂറ് കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ മാസം 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് നിലവില്‍ 507 നാട്ടാനകള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ ത്യശ്ശൂര്‍ ജില്ലയിലാണ്, 144. നാട്ടാനകളെ പീഡിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പരിക്കുകളോടെ ആനകളെ ഏഴുന്നള്ളിക്കുന്നതും ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നാട്ടാന പരിപാലന നിയമപ്രകാശം കര്‍ശന നടപടിയെടുക്കും.

സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലാ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഒരു കമ്മറ്റിയെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വാട്ടര്‍ അതോറിട്ടിയുടെ കുപ്പി വെള്ളം ആഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. അരുവിക്കരയിലെ കുപ്പിവെള്ള പ്ലാന്റിന് ലഭിക്കേണ്ട സര്‍ട്ടിഫിക്കേഷനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാലതാമസം നേരിട്ടതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് സി കെ ആശ, ഇ എസ് ബിജിമോള്‍, ഇടി ടൈസണ്‍ മാസറ്റര്‍, കെ രാജന്‍ എന്നിവരെ മന്ത്രി അറിയിച്ചു.

കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന പദ്ധതി ത്വരിതപ്പെടുത്തിയതായി മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. 2010- 14 വര്‍ഷങ്ങളിലെ 249 ഒഴിവുകളിലേയ്ക്ക് ഉടന്‍ നിയമനം നടത്തും. ഇതിനുള്ള നടപടകള്‍ അവസാന ഘട്ടത്തിലാണ്. 2015, 16, 17 വര്‍ഷങ്ങളിലെ സ്‌പോര്‍ട്ടസ് ക്വാട്ട നിയമനം നടത്താനുള്ള നടപടികള്‍ ആരംഭിച്ചു. 35ാമത് ദേശീയ ഗെയിംസില്‍ വെള്ളി മെഡലുകള്‍ നേടിയ 84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യക്തിഗത ഇനങ്ങളില്‍ മെഡലുകളും ടീം ഇനങ്ങളില്‍ സ്വര്‍ണ മെഡലുകളും നേടിയ 68 താരങ്ങള്‍ക്ക് നിയമനം നല്‍കാന്‍ 68 സൂപ്പര്‍ ന്യൂമറി തസ്തികള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

Related News