കട്ടപ്പുറത്തുള്ളത് 196 ലോഫ്‌ളോര്‍ ബസ്സുകള്‍; വൈദ്യുത ബസ്സുകള്‍ ലാഭകരമല്ല

Web Desk
Posted on June 17, 2019, 4:26 pm

തിരുവനന്തപുരം: ജൂണ്‍ ആറിലെ കണക്കനുസരിച്ച് 196 ലോഫ്‌ളോര്‍ ബസ്സുകള്‍ അറ്റകുറ്റപ്പണിക്കള്‍ക്കായി കട്ടപ്പുറത്താണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക പരാധീനകള്‍ മൂലം കുടിശ്ശിക നല്‍കാന്‍ കഴിയാത്തത് പുറത്തിറക്കാന്‍ തടസ്സമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് പത്ത് വൈദ്യുത ബസ്സുകള്‍ ഉണ്ടെന്നും ഇവ ലാഭകരമല്ലെന്നും കെഎസ് ശബരീനാഥിനെയും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്ന തുകയും കെഎസ്ആര്‍ടിസിയുടെ വരുമാനവും ഉപയോഗിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ശബരിമല സര്‍വീസില്‍ നിന്ന് ലഭിച്ച വരുമാനം ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി സ്വന്തം വരുമാനം ഉപയോഗിച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു. ഹൈസ്പീഡ് ഡീസല്‍ ഓയിലിന്റെ നികുതി കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാത്തതിനാല്‍ കെഎസ്ആര്‍ടിസിയ്ക്ക് സൗജന്യ നികുതി നിരക്കിലോ കുറഞ്ഞ നിരക്കിലോ ഡീസല്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ല. ബിപിസിഎല്‍ കര്‍ണ്ണാടക ആര്‍ടിസിയ്ക്ക് കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുന്ന ഇന്ധനം കെഎസ്ആര്‍ടിസിയ്ക്ക് ലഭിക്കുന്നതിന് വേണ്ടി ഐഒസിയുമായി ചര്‍ച്ച നടത്തി. അതുപ്രകാരം കിലോ ലിറ്ററിന് 1700 രൂപ വിലക്കുറവിലും 45 ദിവസത്തെ ഇന്ധനം ക്രഡിറ്റിലും നല്‍കുന്നതിനും ധാരണയായിട്ടുണ്ട്.