Friday
06 Dec 2019

നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും

By: Web Desk | Monday 28 October 2019 8:31 AM IST


തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് ആരംഭിക്കും. ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുശേഷമാണ്‌ സഭ ചേരുന്നത്‌. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി കെ പ്രശാന്ത്‌ (വട്ടിയൂർക്കാവ്‌), കെ യു ജനീഷ്‌കുമാർ (കോന്നി), ഷാനിമോൾ ഉസ്‌മാൻ (അരൂർ), ടി ജെ വിനോദ്‌ (എറണാകുളം), എം സി ഖമറുദീൻ (മഞ്ചേശ്വരം)എന്നിവരുടെ സത്യപ്രതിജ്‌ഞ രാവിലെ പത്തിന്‌ നടക്കും.
പതിനാറ് ഓർഡിനൻസുകൾക്കുപകരം ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളുമായിരിക്കും സഭയുടെ പരിഗണനയ്‌ക്ക്‌ വരിക. 2019ലെ കേരള വെറ്ററിനറിയും ജന്തു ശാസ്ത്രങ്ങൾ സർവകലാശാല (ഭേദഗതി) ബിൽ, 2019ലെ കേരള അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവ സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം ഇന്ന് സഭ പരിഗണിക്കും. 2019ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കൽ സയൻസസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബിൽ, 2019ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ എന്നിവ 29ന് പരിഗണിക്കും.2019-–-20ലെ ബജറ്റിലെ ഉപധനാഭ്യർഥനകളുടെ സമർപ്പണം 29നും അതിലുള്ള ചർച്ചയും വോട്ടെടുപ്പും നവംബർ അഞ്ചിനും നടക്കും. മഹാത്മാഗാന്ധിയുടെ 150–-ാം ജന്മവാർഷികത്തോട്‌ അനുബന്ധിച്ച്‌ നിയമസഭയിൽ പ്രത്യേക അനുസ്‌മരണ സമ്മേളനം നവംബർ ഒന്നിന് നടത്തും. 19 ദിവസം നീളുന്ന സമ്മേളനം നവംബർ 21ന് അവസാനിക്കും.

Related News