Janayugom Online
thiranottam

നിയമസഭാ സമ്മേളനത്തിന് കയ്യാങ്കളിയോടെ ഒടുക്കം

Web Desk
Posted on December 13, 2018, 10:38 pm

തുടക്കം സമാധാനപരമായിരുന്നെങ്കിലും ഒടുക്കം ബഹളത്തിലായി. നിയമസഭയില്‍ കയ്യാങ്കളിക്ക് പ്രതിപക്ഷം മുതിര്‍ന്നു. വനിതാമതില്‍ വര്‍ഗീയ മതിലാണെന്ന പ്രതിപക്ഷ ഉപനേതാവിന്റെ പരാമര്‍ശമാണ് നീണ്ടുനിന്ന ബഹളത്തിനും സഭാനടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനും ഒടുവില്‍ ഭരണ‑പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിനും കയ്യേറ്റത്തിന്റെ വക്കോളമെത്തിയ സംഭവങ്ങള്‍ക്കും ഇടയാക്കിയത്.
വനിതാമതിലിനെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് തുടക്കത്തില്‍ തന്നെ സഭ പ്രക്ഷുബ്ധമാക്കി. വര്‍ഗീയമതില്‍ എന്ന പ്രമേയ നോട്ടീസിലെ പ്രയോഗം ഭരണഘടനാ വിരുദ്ധമാണെന്ന് നിയമമന്ത്രി എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. ചട്ടപ്രകാരം ഇത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമമന്ത്രി ചൂണ്ടിക്കാട്ടിയ കാര്യം പ്രഥമദൃഷ്ട്യാ ശരിയാണെങ്കിലും പ്രമേയനോട്ടീസിന് താന്‍ അനുമതി നല്‍കുകയാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അടിയന്തരപ്രമേയ നോട്ടീസിന് വിശദീകരണം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാമതില്‍ കേരളീയ പൊതുസമൂഹത്തിന്റെ അഭിമാനമതിലായി മാറുമെന്ന് പറഞ്ഞു. കേരളം ഒന്നായി നില്‍ക്കണമെന്നാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത്. വനിതാമതിലിന്റെ പൂര്‍ത്തീകരണത്തിന് ഒരു പൈസ പോലും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ചിലവിടില്ല. ചരിത്രസംഭവങ്ങളെ തള്ളിപ്പറയുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയപ്പെടുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടി പ്രസംഗം തുടങ്ങിയ ഡോ. എം കെ മുനീര്‍ വനിതാമതില്‍ വര്‍ഗീയമതിലാണെന്ന് പറഞ്ഞതോടെ സഭ പ്രക്ഷുബ്ധമായി. പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവുമായി ഭരണകക്ഷി അംഗങ്ങള്‍ രംഗത്തെത്തി. ‘പ്രസ്താവന പിന്‍വലിക്കുന്നില്ല, ഉറച്ചുനില്‍ക്കുന്നു’ എന്ന നിലപാടാണ് മുനീര്‍ സ്വീകരിച്ചത്. വസ്തുതകളുടെ പിന്‍ബലത്തിലല്ലാതെ പ്രസ്താവന നടത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പലവട്ടം പറഞ്ഞിട്ടും തന്റെ പ്രസ്താവന പിന്‍വലിക്കാന്‍ മുനീര്‍ ഒരുക്കമായില്ല.
സ്ത്രീകളെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നത് അവരെ അപമാനിക്കലാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഡോ. മുനീര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവുമായി ഭരണകക്ഷി അംഗങ്ങള്‍ നടുത്തളത്തിലെത്തി മുദ്രാവാക്യം മുഴക്കി. എന്നാല്‍ തന്റെ പ്രസ്താവന പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്ന നിലപാടില്‍ മുനീര്‍ ഉറച്ചുനിന്നതോടെ, ബഹളം തുടരവേ 10.40ന് സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി.
11.15ന് സഭ വീണ്ടും പുനരാരംഭിച്ചപ്പോള്‍ മുനീര്‍ തന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന അഭ്യര്‍ഥന സ്പീക്കര്‍ മുന്നോട്ടുവച്ചു. മുനീര്‍ അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഭരണകക്ഷി അംഗങ്ങള്‍ക്കുനേരെ ഭീഷണി മുഴക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കും ഭരണകക്ഷി അംഗങ്ങള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കാനാണ് മുനീറും പ്രതിപക്ഷാംഗങ്ങളും നിരന്തരം ശ്രമിച്ചത്.
മുനീര്‍ തന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിയാന്‍ ഭരണപക്ഷാംഗങ്ങള്‍ തയാറായില്ല. മുനീര്‍ പ്രസംഗം അവസാനിപ്പിക്കാതെ വന്നപ്പോള്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച് മറ്റ് നടപടികളിലേക്ക് സ്പീക്കര്‍ കടന്നു. സഭ ബഹിഷ്‌കരിച്ച് പുറത്തേക്കിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ ഭരണകക്ഷി അംഗങ്ങളുമായി ഏറ്റുമുട്ടാന്‍ രംഗത്തുവന്നു. അസഭ്യം പറഞ്ഞ് ഭരണകക്ഷി അംഗങ്ങളുടെ അടുത്തേക്ക് അവര്‍ ഓടിയടുത്തു. എ പി അനില്‍കുമാര്‍, കെ എം ഷാജി, അന്‍വര്‍ സാദത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ കയ്യേറ്റത്തിനായി ഓടി അടുത്തു. ‘തിരിച്ചടിക്കും കട്ടായം’ എന്ന മുദ്രാവാക്യവും അവര്‍ മുഴക്കി. പ്രതിപക്ഷാംഗങ്ങളുടെ നടപടി കയ്യേറ്റത്തിന്റെ വക്കിലെത്തി. ഒടുവില്‍ പ്രതിപക്ഷ നേതാവ് എത്തിയാണ് അംഗങ്ങളെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയത്. അപ്പോഴും പ്രതിപക്ഷാംഗങ്ങള്‍ ആക്രോശം തുടരുകയായിരുന്നു. ഭരണകക്ഷി അംഗങ്ങള്‍ സ്വീകരിച്ച സംയമനമാണ് കൂട്ടത്തല്ലില്‍ നിന്ന് ഒഴിവാക്കിയത്.
പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനുശേഷം സഭാനടപടികള്‍ പൂര്‍ത്തിയാക്കി 11.46ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രണ്ടുവട്ടം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേളയില്‍ ആദ്യ പത്തുമിനിട്ട് സമയം സീറ്റില്‍ എണീറ്റുനിന്ന് മുദ്രാവാക്യം മുഴക്കിയ ശേഷം ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയായിരുന്നു. അടിയന്തര പ്രമേയ നോട്ടീസിന് ബഹളത്തിനിടയില്‍ അവതരണാനുമതി നിഷേധിച്ചപ്പോഴായിരുന്നു രണ്ടാമത്തെ ബഹിഷ്‌കരണം.