മൗനമാചരിച്ചാല്‍ ഗോഡ്‌സെയ്ക്ക് വല്ലതും തോന്നിയാലോ

Web Desk
Posted on January 31, 2018, 7:47 pm

നിയമസഭാവലോകനം 

ജി ബാബുരാജ്‌

മോഡിക്കും അമിത്ഷായ്ക്കുമൊന്നും ഇല്ലാത്തത്ര തിരക്കാണ് നേമത്തെ നമ്മുടെ രാജഗോപാല്‍ജിക്ക്. സഭയിലേയ്ക്കുള്ള വരവുംപോക്കും കണ്ടാല്‍ എടുത്താല്‍ പൊങ്ങാത്തവിധം ചുമതലകളുമായാണ് നടപ്പെന്ന് തോന്നും. സഭയിലുള്ളവര്‍ വിചാരിക്കും സംഘടനാ ചുമതലകളുടെ തിരക്കാണെന്ന്. സംഘികള്‍ വിചാരിക്കുന്നതാവട്ടെ നേരെ തിരിച്ചും. എന്തായാലും ജയിച്ചുകയറിയ നാള്‍ മുതല്‍ നേമം മെമ്പര്‍ അങ്ങനെയാണ്. ഒരുകെട്ട് കടലാസുകളുമായി വരുന്നതും കാണാം. സഭയാകെ വീക്ഷിച്ചശേഷം അല്‍പസമയത്തിനുശേഷം പോകുന്നതും കാണാം. ഇന്നലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ സഭയൊന്നടങ്കം മൗനം ആചരിച്ചവേളയിലും രാജഗോപാലിന്റെ കസേര ഒഴിഞ്ഞുതന്നെ കിടന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സിപിഐ അംഗം എല്‍ദോ എബ്രഹാം ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഗാന്ധിഘാതകനായ ഗോഡ്‌സെയോടുള്ള സംഘികളുടെ കൂറ് സഭയുടെ ശ്രദ്ധയില്‍ വന്നത്. 1857 മുതല്‍ ഒമ്പത് ദശാബ്ദം നീണ്ടുനിന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞവരോടുള്ള ആദരസൂചകമായി ഒരു നിമിഷത്തെ മൗനാചരണത്തിനുപോലും തയ്യാറാവാതെ ബിജെപി അംഗം സഭയില്‍ നിന്ന് വിട്ടുനിന്നത് ഗോഡ്‌സെയോടുള്ള കൂറുകൊണ്ടല്ലെങ്കില്‍ പിന്നെന്തുകൊണ്ടാണെന്നാണ് എല്‍ദോ ചോദിച്ചത്. പ്രസംഗത്തെ ഭരണപക്ഷം ഡസ്‌കിലടിച്ച് പ്രോത്സാഹിപ്പിച്ചപ്പോള്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂരുമടക്കമുള്ള പ്രതിപക്ഷ നിരയും ശാന്തരായി കേട്ടിരുന്നു.
ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ ചെറുക്കാന്‍ മൃദുഹിന്ദുത്വലൈന്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുന്നതെന്തിനെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎമ്മിലെ കെ സുരേഷ് കുറുപ്പ് ചോദിച്ചത്. ലീഗ് നേതാവായിരുന്ന ഗുലാം മുഹമ്മദ് ബനാത്ത് വാല ലോക്‌സഭയില്‍ കൊണ്ടുവന്ന ഒരു സ്വകാര്യ ബില്‍ പേരുമാറ്റി മുസ്‌ലിം വനിതാ ബില്ലായി അവതരിപ്പിച്ചവരല്ലേ നിങ്ങളെന്ന് കോണ്‍ഗ്രസിനെ ചൂണ്ടി കുറുപ്പ് ചോദിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും കെഎന്‍എ ഖാദറും വി കെ ഇബ്രാഹിംകുഞ്ഞും ഷംസുദീനുമടക്കമുള്ള ലീഗ് അംഗങ്ങളുടെ നിശബ്ദതയും ശ്രദ്ധേയമായി.
കോണ്‍ഗ്രസ് ഒരുകാലത്ത് നല്ലൊരു പാര്‍ട്ടിയായിരുന്നു എന്നതില്‍ ജനതാദളിലെ സി കെ നാണുവിന് തെല്ലുമില്ല സംശയം. പക്ഷേ ഇന്നെന്താ സ്ഥിതി. കോണ്‍ഗ്രസിന് ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് രാജ്യത്ത് ഒരാളും വിശ്വസിക്കുന്നില്ലെന്നാണ് നാണു പറയുന്നത്. അവിടെ തലപ്പത്ത് കുടുംബവാഴ്ചയാണ് നടക്കുന്നതെന്നാണ് ആരോപിച്ചത്. കേട്ടപാടേ പ്രതിപക്ഷ നിരയില്‍ നിന്ന് തുടരെ ചോദ്യങ്ങളുയര്‍ന്നു. സ്പീക്കര്‍ അവര്‍ക്ക് മൈക്ക് അനുവദിക്കാതിരുന്നതിനാല്‍ ദേവഗൗഡയെന്നും മറ്റും അവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നതേ കേള്‍ക്കാനായുള്ളൂ. സി കെ നാണുവും അത് കേട്ടതുകൊണ്ടാവും സ്വിച്ചിട്ടതുപോലെ പ്രസംഗം നിര്‍ത്തി അദ്ദേഹം സീറ്റിലിരുന്നു.
ഗവര്‍ണറുടെ നയപ്രഖ്യാപനം വീട്ടില്‍ കൊണ്ടുപോയി രണ്ടുവട്ടം വായിച്ചിട്ടും ഒന്നും മനസിലായില്ലെന്നാണ് പി സി ജോര്‍ജ് പറയുന്നത്. അദ്ദേഹം ആഴത്തില്‍ പരതിയിട്ടും നയം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലത്രെ. പക്ഷേ ഒരു കാര്യത്തില്‍ പി സി ഭരണപക്ഷത്തെ അനുമോദിച്ചു. ”ഇങ്ങനെയൊരു നന്ദിപ്രമേയം അവതരിപ്പിക്കാന്‍ സിപിഐയിലെ മുല്ലക്കര രത്‌നാകരനെതന്നെ നിയോഗിച്ചത് നന്നായി. ഇതിനകത്ത് കാര്യങ്ങള്‍ ഒന്നുമില്ലെങ്കില്‍പ്പോലും പൊലിപ്പിച്ച് പറഞ്ഞ് ആളുകളെ കോള്‍മയിര്‍ കൊള്ളിക്കാന്‍ മുല്ലക്കരയെപ്പോലെ പ്രാപ്തന്‍ സഭയില്‍ വേറെയാരുമില്ല.” പ്രസംഗിച്ച് കത്തിക്കയറുന്നതിനിടെ പി സി ജോര്‍ജ് സ്വയം വെട്ടിലാവുകയും ചെയ്തു. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് അഴിമതിക്കേസില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെ വെച്ചെന്നായിരുന്നു ആരോപണം. അങ്ങനെയൊരാളെ വച്ചിട്ടില്ലെന്നും അതാരെന്ന് പറയണമെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ചോദിച്ചപ്പോള്‍ ജോര്‍ജ് വിഷയം മാറ്റി തടിതപ്പി.
ബജറ്റ് ചര്‍ച്ചയായാലും ഗവര്‍ണറുടെ നയപ്രഖ്യാപനമായാലും സഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റാല്‍ പ്രൊഫ. കെ യു അരുണന്‍ പഴയ മലയാളം പ്രൊഫസറെപ്പോലെയാവും. പ്രസംഗം തുടങ്ങുമ്പോള്‍തന്നെ അദ്ദേഹം പൊടുന്നനെ എംടിയുടെയും മലയാറ്റൂറിന്റെയുമൊക്കെ കൃതികളിലേയ്ക്ക് പോകും. ഇന്നലെയും ആ സ്ഥിതിക്ക് മാറ്റമുണ്ടായില്ല. നാടിനെ ഗ്രസിക്കുന്ന വര്‍ഗീയതയെക്കുറിച്ച് പറഞ്ഞപ്പോള്‍ അരുണന്‍ മാസ്റ്ററുടെ കൂട്ടിനെത്തിയത് ‘അസുരവിത്തി‘ലെ ഗോവിന്ദന്‍കുട്ടിയാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം വിവരിച്ചുതുടങ്ങിയ അദ്ദേഹം പിന്നീട് കുറേനേരം ചുറ്റിത്തിരിഞ്ഞത് മലയാറ്റൂരിന്റെ ‘വേരുകളി‘ലായിരുന്നു. അതിനിടെ തനിക്കനുവദിച്ച ഏട്ട് മിനിട്ട് കഴിഞ്ഞ് ബെല്ല് മുങ്ങിയപ്പോള്‍ താന്‍ പറയാന്‍ തുടങ്ങിയതല്ലേയുള്ളൂ എന്ന മട്ടില്‍ അദ്ദേഹം കൈമലര്‍ത്തി.
ഔഷധവീര്യമുള്ള രസായനമുണ്ടാക്കാന്‍ കരിങ്കുരങ്ങുകളെ വേട്ടയാടുന്നതുപോലെ മാണിഗ്രൂപ്പിനെ ചിറ്റിലും നിന്ന് പലരും വേട്ടയാടുകയാണെന്നാണ് ഡോ. എന്‍ ജയരാജിന്റെ പരാതി. ”ഞങ്ങളുടേത് ഒരു പാവം പാര്‍ട്ടി, വെറുതെ വേട്ടയാടി ഉപദ്രവിക്കല്ലേ” എന്നായിരുന്നു ജയരാജിന്റെ പരിദേവനം. അതിനിടെ ഭരണപക്ഷത്തുനിന്നൊരു ചോദ്യം. ബസ്സ്റ്റാന്റിലെ ഫോട്ടോയില്‍ കാണുന്ന കരിങ്കുരങ്ങിനെപ്പോലെയാണോ മാണിഗ്രൂപ്പ്? അമളി പിണഞ്ഞ ജയരാജ് ഉടന്‍ തിരുത്തി. ഔഷധവീര്യങ്ങളൊന്നുമില്ലാത്ത പാവങ്ങളെന്നേ അര്‍ഥമാക്കിയുള്ളൂ എന്നായി അദ്ദേഹം.
തൊട്ടടുത്ത സീറ്റിലിരുന്ന പഴയ സഹപ്രവര്‍ത്തകന്‍ പി സി ജോര്‍ജിനോട് ഒരഭ്യര്‍ഥനയും ജയരാജ് നടത്തി. ”അങ്ങ് പൂഞ്ഞാറിലെ പുലിയായിരിക്കാം. പക്ഷേ കാഞ്ഞിരപ്പള്ളിയില്‍ വന്ന് ഇടയ്ക്കിടെ എന്നെ വിരട്ടാന്‍ നില്‍ക്കരുത്.” ഇനി ഒരു ഇലക്ഷന്‍ നടന്നാല്‍ മാണിഗ്രൂപ്പ് തകര്‍ന്നടിയുമെന്ന പ്രവചനം നടത്തിയാണ് ജോര്‍ജ് അതിന് മറുപടി നല്‍കിയത്.
അരുണന്‍ മാസ്റ്ററെപ്പോലെ പുരുഷന്‍ കടലുണ്ടിയും എം ടി കൃതികളിലൂടെയുള്ള സഞ്ചാരം മുടക്കിയില്ല. ‘മഞ്ഞി‘ല്‍ വിമല ടീച്ചര്‍ കാമുകനെ കാത്തിരുന്നതുപോലെ ഒരു നല്ലകാലം കാത്തിരുന്ന മലയാളികള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ നെഞ്ചോടുചേര്‍ത്ത് സ്‌നേഹിക്കുകയാണെന്നാണ് പുരുഷന്‍ കടലുണ്ടിയുടെ പക്ഷം.
തന്റെ പ്രസംഗത്തിനിടെ ഇടപെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉരുളയ്ക്കുപ്പേരിപോലെയായിരുന്നു ഇ എസ് ബിജിമോളുടെ മറുപടി. ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ ഐക്യം ഇല്ലല്ലോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. രണ്ട് കക്ഷികളാവുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുമെന്നും മുന്നണിയില്‍ തങ്ങളത് ചര്‍ച്ചചെയ്യുമെന്നും ബിജിമോള്‍ പറഞ്ഞിട്ടും തിരുവഞ്ചൂര്‍ വിടാന്‍ ഭാവമില്ലായിരുന്നു. ”എന്റെ തിരുവഞ്ചൂരേ, അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന കാലത്ത് അങ്ങ് അത് തുറന്നുപറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങ് സോളാര്‍ കേസില്‍ പ്രതിയാവില്ലായിരുന്നല്ലോ” എന്ന ബിജിമോളുടെ പ്രയോഗം കുറിക്കുകൊണ്ടു. ഏത് തമ്പുരാന്‍ വിചാരിച്ചാലും തന്നെ പ്രതിയാക്കാനാവില്ലെന്നുപറഞ്ഞ് തിരുവഞ്ചൂര്‍ ഉടന്‍ സീറ്റിലിരുന്നു.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങുന്നത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നേരത്തേ സഭവിട്ടിറങ്ങി. കൊച്ചിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ യുവാവിന്റെ രക്ഷയ്‌ക്കെത്തിയ അഭിഭാഷകയെയും മകളെയും സഭ അനുമോദിച്ചു. ഹൈബി ഈഡനാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.