Monday
18 Feb 2019

‘കണ്ണിലെ അന്‍പിരുന്താല്‍, കല്ലിലേ ദൈവം വരും’

By: Web Desk | Wednesday 7 February 2018 6:18 PM IST

സഭാവലോകനം

രമേശ്ബാബു 

സംഘപരിവാരം ഭാരതത്തില്‍ അധികാരത്തില്‍ പിടിമുറുക്കിയതോടെ രാജ്യത്തിന്റെ പുകള്‍പെറ്റ സഹിഷ്ണുതയ്ക്കും മതേതരത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമാണ് കോട്ടം തട്ടിയിരിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍ ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും പേര്‍ത്തും പേര്‍ത്തും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആക്രമണം അനഭിലഷണീയമായ പ്രവണതകള്‍ ഇവിടെയും ശക്തമാകുന്നുവെന്നതിന്റെ തെളിവായി. എന്നിട്ടും പ്രതിപക്ഷത്തിന് അടിയന്തര പ്രമേയമാക്കാന്‍ കുരീപ്പുഴക്ക് നേരെയുള്ള ആക്രമണം വിഷയമേ ആയില്ല. പാര്‍ലമെന്ററി വിഷയങ്ങളുമായോ സഭയുമായോ യാതൊരു ബന്ധവുമില്ലാത്ത ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടാണ് അവര്‍ പ്രമേയമായി എഴുന്നള്ളിച്ചത്.
സഭയിലില്ലാത്ത കോടിയേരി ബാലകൃഷ്ണന്‍, ഗള്‍ഫില്‍ ബിസിനസ് ചെയ്യുന്ന മകനും അദ്ദേഹത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും- ഇതെങ്ങനെ സഭ പരിഗണിക്കുമെന്ന ചോദ്യത്തിന് പക്ഷേ പ്രതിപക്ഷത്തിന് മറുപടിയില്ല. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നും മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി പണം തട്ടിപ്പ് നടത്തിയെന്നൊക്കെ ആരോപണം ഉയരുമ്പോള്‍ അതൊക്കെയെങ്ങനെ പാര്‍ലമെന്റ് പരിഗണിക്കേണ്ട വിഷയമാകും. അതിന് നിമയപാലകരും കോടതിയുമൊക്കെയുണ്ടല്ലോ എന്ന മുഖ്യമന്ത്രിയുടെ ഔചിത്യപൂര്‍ണമായ സാമാന്യവല്‍ക്കരണമൊന്നും പ്രതിപക്ഷത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ സഭ ബഹിഷ്‌കരിച്ചു.
കേരളത്തിലെ പ്രസിദ്ധനായ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമൊക്കെയായ ഒരു വ്യക്തി ആക്രമിക്കപ്പെടുമ്പോള്‍ അതല്ലേ നിങ്ങള്‍ അടിയന്തര പ്രമേയത്തിന് വിഷയമാക്കേണ്ടതെന്ന മന്ത്രി വി എസ് സുനില്‍കുമാറിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷ നേതാവ് എന്തായാലും കുരീപ്പുഴ ആക്രമിക്കപ്പെട്ടതിനെ അപലപിച്ചു. നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹമായ കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളി നേരിടേണ്ടിവരുന്നത് അങ്ങേയറ്റം ഗുരുതരമായ കാര്യമാണെന്ന് മുല്ലക്കര രത്‌നാകരന്‍ ഉപക്ഷേപം അവതരിപ്പിച്ചപ്പോഴും പ്രതിപക്ഷ നേതാവ് വിയോജിച്ചില്ല.
കേരള ബജറ്റില്‍ ഒന്നുമില്ലായെന്ന് എന്തായാലും ഉമ്മന്‍ചാണ്ടി പറയില്ല. കാത്തിരുന്ന് കാണാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ക്ഷേമ പെന്‍ഷനുകള്‍ ഒന്നിലേറെ വാങ്ങുന്നത് തടയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടുമില്ല. എന്നാല്‍ പെന്‍ഷന്‍ പദ്ധതി വരുമാന പരിധി കടക്കുന്നതായി ആരോപിച്ച് ഓണക്കാലത്ത് ഉമ്മന്‍ചാണ്ടി ഉത്തരവിറക്കിയില്ലേ എന്ന ധനമന്ത്രിയുടെ ചോദ്യത്തിന് ഉമ്മന്‍ചാണ്ടിക്ക് അന്നേരം ഉത്തരമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേന്ദ്രം ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതോടെ കേരളത്തിന്റെ അരിവിഹിതത്തില്‍ വന്ന കുറവ് നികത്തിത്തരാന്‍ കേന്ദ്രത്തോട് യോജിച്ച് പോരാടാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനിച്ചത് സഭാ സമ്മേളനത്തിന്റെ സര്‍ഗാത്മകത വെളിപ്പെടുത്തുന്നതായി. അതിനിടയില്‍ ഉമ്മന്‍ചാണ്ടിക്ക് ‘ഓഖി’ നാവുപിഴയാല്‍ ‘രാഖി’യുമായി.
ശ്രീനാരായണ ഗുരുവിന്റെ ദീര്‍ഘവീക്ഷണത്തോടെയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന അഭിപ്രായമാണ് സി കെ രവീന്ദ്രന്. ‘കേരളം ലോകത്തിന് സംഭാവന ചെയ്ത നവോത്ഥാന നായകന്‍ ശ്രീനാരായണഗുരു അധഃകൃതരുടെ ഉന്നമനത്തിനായി ആദ്യം അവര്‍ക്കായി അമ്പലങ്ങളുണ്ടാക്കി. അങ്ങനെ അവരെ വൃത്തിയും വെടിപ്പും ശീലിപ്പിച്ചു. പിന്നെ ഗുരു പറഞ്ഞത് നിങ്ങള്‍ക്കിനി അമ്പലമല്ല വിദ്യാലയങ്ങളാണ് വേണ്ടതെന്നായിരുന്നു. വിദ്യാലയങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ ഗുരു പറഞ്ഞു ഇനി കൃഷിപാഠങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും പ്രാമുഖ്യം നല്‍കണമെന്ന്. ഗുരുവിന്റെ ദീര്‍ഘവീക്ഷണം പോലെയാണ് സംസ്ഥാന ബജറ്റും.’
മണ്ണിനും മനുഷ്യനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ ആലങ്കാരികമായി ചേര്‍ത്ത കവിതാ ഉദ്ധരണികളെ പെണ്ണെഴുത്തുകള്‍ എന്നൊക്കെ മാധ്യമങ്ങള്‍ ആവിഷ്‌കരിച്ചത് മോശമായെന്നാണ് വി അബ്ദുറഹ്മാന്റെ പക്ഷം.
മഹാന്‍മാരുടെ ജീവചരിത്രം ആ കാലഘട്ടത്തിന്റെ സാമൂഹിക ചരിത്രവുമാണ്. ജീവചരിത്രങ്ങളുടെ മുക്കുംമൂലയും വായിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ചാമ്പ്യന്‍മാരാകുകയാണ് വി ടി ബല്‍റാമിനെപോലുള്ള കുട്ടി കോണ്‍ഗ്രസുകാരെന്നൊരു കൊട്ടുകൊടുക്കാന്‍ ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ കെ ആന്‍സലന്‍ മറന്നില്ല.
രമേശ് ചെന്നിത്തലയെ അടിയന്തരമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലാണ് നിയമിക്കേണ്ടതെന്നാണ് എ എം ഷംസീറിന്റെ നിഗമനം. കാരണം ‘പടയൊരുക്കം’ ജാഥ ആരംഭിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ കൊടുങ്കാറ്റാകുമെന്ന്. രമേശ് ചെന്നിത്തല പറഞ്ഞപോലെ ഓഖിയായി കൊടുങ്കാറ്റുമെത്തി. പടയൊരുക്കം വേദി കാറ്റെടുക്കുകയും ചെയ്തു.
ശബരീനാഥന് ബജറ്റ് വായിച്ചപ്പോള്‍ അതൊരു മെഗാ സീരീസായാണ് അനുഭവപ്പെട്ടെങ്കില്‍ പ്രൊഫ. എന്‍ ജയരാജന് സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ശ്രദ്ധേയമായ പദ്ധതികളുടെ ആവിഷ്‌കാരമാണ്. പദ്ധതികളുടെ നിര്‍വഹണ ചെലവിലേക്കായി എംഎല്‍എ ഫണ്ട് വര്‍ധിപ്പിക്കണമെന്നാരു നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തിന്റെ ജനകീയതയാണ് ജി എസ് ജയലാല്‍ ബജറ്റില്‍ ദര്‍ശിച്ചതെങ്കില്‍ ഇടതുപക്ഷ നയങ്ങളുടെ ദര്‍ശനരേഖയും മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് ബദലുമാണ് സി ദിവാകരന് സംസ്ഥാന ബജറ്റ്. സി ദിവാകരന്റെ അഭിപ്രായത്തില്‍ പ്രൊഫ. എന്‍ ജയരാജിനെപോലെ പ്രതിപക്ഷത്ത് വിവരമുള്ളവര്‍ ബജറ്റിനേയും നയങ്ങളേയും പ്രശംസിക്കുമ്പോള്‍ മറ്റുള്ളവര്‍ വെറുതെ കുറ്റം പറയുകയാണ്. പ്രതിപക്ഷത്തിന്റെ ഈ പ്രതിലോമ നിലപാടിന് യു ആര്‍ പ്രദീപ് കണ്ണദാസന്റെ വരികളിലൂടെ ശരിയായ മറുപടി നല്‍കുന്നുണ്ട്.
കണ്ണിലെ അന്‍പിരുന്താന്‍, കല്ലിലെ ദൈവം വരും- അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മാറ്റിവച്ചാല്‍ സര്‍ക്കാര്‍ നയത്തിലെ മേന്‍മകള്‍ കണ്ടെത്താന്‍ പ്രതിപക്ഷത്തിനും കഴിയുമെന്ന് വിവക്ഷ.