March 31, 2023 Friday

നിസാമുദ്ദീന്‍ കോവിഡ് കേന്ദ്രം

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 31, 2020 9:47 pm

നിസാമുദ്ദീന്‍ പള്ളിയിലെ തബ്‌ലീഗ് മര്‍ക്കസിലെ സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പതു പേര്‍ മരിച്ചു. മാര്‍ച്ച് 17,18,19 തിയതികളില്‍ തബ്‌ലീഗ് മര്‍ക്കസിലെ അന്താരാഷ്ട കൂടിയാലോചനാ യോഗ (ഷൂറ)ത്തില്‍ 2,500 പേരോളമാണ് പങ്കെടുത്തത്. തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളായിരുന്നു ഇക്കുറി നേതൃത്വം നല്‍കിയത്. നേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങളില്‍ നിന്നും അധികം പേര്‍ പങ്കെടുക്കുമ്പോള്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളിൽ നിന്നും യോഗത്തിന് ആളുകളെത്തും. യോഗത്തില്‍ പങ്കെടുത്ത 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ ഒമ്പതു പേര്‍ മരിക്കുകയും ചെയ്തതോടെ നിസാമുദ്ദീന്‍ കോവിഡ് കേന്ദ്രമായി മാറി.

ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മലേഷ്യ, സൗദി അറേബ്യ, ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നായി നൂറോളം വിദേശികളാണ് പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളത്. ലോക്ഡൗണിനിടയിലും ഇത്തരമൊരു യോഗം സംഘടിപ്പിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തു.

ലോക്ഡൗണിന്റെ കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. നിസാമുദ്ദീന്‍ പൊലീസ് സ്‌റ്റേഷന്റെ തൊട്ടുപുറകിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. അതേസമയം യോഗം സംഘടിപ്പിച്ചപ്പോള്‍ ഇത്തരമൊരു ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ലെന്ന് യോഗവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എഴുന്നൂറോളം പേരെ ഈ പ്രദേശത്ത് ക്വാറന്റൈന്‍ ചെയ്തിരുന്നു. എന്നാല്‍ സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ പൊലീസ് ഈ പ്രദേശം ഒഴിപ്പിച്ചു. ഇതില്‍ 200 ലധികം പേരെ വിവിധ ആശുപത്രികളിലേക്കു നീക്കി. പങ്കെടുത്തവരിൽ 300 പേര്‍ക്കെങ്കിലും രോഗബാധ ഉണ്ടായതായാണ് സംശയിക്കുന്നത്. പ്രദേശം പൂര്‍ണ്ണമായും അടച്ച പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.