നിഴല്‍

Web Desk
Posted on September 16, 2018, 7:45 am

ജയകൃഷ്ണന്‍ പൊന്‍മന

കവലയില്‍ തിരക്ക് തീരെ കുറവായിരുന്നു. ആകെയുള്ള ഒരു ചായക്കട ഗോപാലേട്ടന്റേതാണ്. നല്ല വൃത്തിയുള്ള ചായക്കടയാണ്. ഓലമേഞ്ഞ് പലക തറച്ച വെളുത്ത മുറ്റമുള്ള നാടന്‍ ചായക്കട. മുന്നിലൂടെ പതിയെ ഒഴുകുന്ന പുഴ. ദൂരെ മറുകരയില്‍ അകലെ അകലയായി ചെറു വീടുകള്‍. താമസക്കാരധികമില്ലാത്ത, ദ്വീപിന് സമാനമായ ആ കരയില്‍, ഒറ്റയ്ക്ക് താമസിക്കുന്ന ശങ്കരേട്ടന്‍ കടയിലേക്ക് കയറി വന്നു. വെള്ളയില്‍ കറുത്ത കളങ്ങളുള്ള കൈലിയും വെള്ള ബനിയനും ധരിച്ച ശങ്കരേട്ടന്‍ ആരെയും ശ്രദ്ധിക്കാതെ വടക്കോട്ട് നോക്കി കസേരയിലിരുന്നു. ഗോപാലേട്ടന്‍ ഒരു ചായ എടുത്ത് ശങ്കരേട്ടന്റെ മേശപ്പുറത്ത് വച്ചു. ചായ ഊതിക്കുടിച്ചതിന് ശേഷം തോര്‍ത്ത് മുണ്ട് തോളില്‍ ഒന്നു കൂടി ശരിയാക്കി ഇട്ട് കൊണ്ട് ശങ്കരേട്ടന്‍ ഇറങ്ങിപ്പോയി.
ശങ്കരേട്ടന്‍ കാശ് കൊടുക്കാറില്ല. ഗോപാലേട്ടന്റെ അകന്ന ബന്ധുവാണ് അദ്ദേഹം.
കവലയില്‍ നിന്ന് നേരേ വടക്കോട്ട് നോക്കിയാല്‍ കാണുന്നത് ഒരു ഫൈനാര്‍ട്ട്‌സ് കോളേജാണ്. കാമ്പസിലെ കുട്ടികള്‍ പോര്‍ട്രെയിറ്റ് വരച്ച് പരിശീലിക്കുന്നതിന് മോഡലാക്കുന്നത് ശങ്കരേട്ടനെയാണ്. നേരിയ ബ്രൗണ്‍ നിറമുള്ള കണ്ണുകളും വടിവൊത്ത മുഖവുമുള്ള ശങ്കരേട്ടന്‍ ശരിക്കും ആര്‍ട്ടിസ്റ്റിക് മുഖമുള്ള ഒരു സുന്ദരനാണ്. തീക്ഷ്ണമായ കണ്ണുകള്‍ക്ക് മീതെ കട്ടിയുള്ള പുരികം, നെറ്റിത്തടത്തില്‍ നേര്‍ത്ത വരകള്‍, പകുതി നരച്ച താടിയും മീശയും, യോഗാഭ്യാസിയുടെ ശരീരം എല്ലാം ചിത്രം വരയ്ക്കുന്നവരെ ആകര്‍ഷിക്കാന്‍ പോന്നവയാണ്. ഒരു മണിക്കൂര്‍ മോഡലായി ഇരിക്കുന്നതിന് ശങ്കരേട്ടന് രണ്ട് കുപ്പി കള്ള് കുടിക്കുന്നതിനുള്ള പണം നല്‍കണം. അതാണ് വ്യവസ്ഥ.
ശങ്കരേട്ടനായിരുന്നു ആദ്യ പോര്‍ട്രെയിറ്റിന് മോഡല്‍. അതിന് അദ്ദേഹത്തെ ക്ഷണിക്കുന്നതിനാണ് ആദ്യമായി അക്കരയ്ക്ക് പോകുന്നത്. ആ യാത്രയിലാണ് ശങ്കരേട്ടന്റെ അയല്‍ക്കാരിയായ കാര്‍ത്ത്യായനിയമ്മയെ പരിചയപ്പെടുന്നത്. ചിലപ്പോഴൊക്കെ തോന്നും കാര്‍ത്ത്യായനിയമ്മ ശങ്കരേട്ടന്റെ ആരാധികയാണെന്ന്. അവരില്‍ നിന്നാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നത്.
പുഴക്കരയിലുള്ള മണ്ണിന്റെ നിറമുള്ള, തണുത്ത തറയുള്ള, ഇരുള്‍ വീണ മുറികളുള്ള ഒരു ചെറിയ വീട്ടിലാണ് ശങ്കരേട്ടന്‍ താമസിച്ചിരുന്നത്. രാവിലെ മൂന്ന് മണിക്ക് ഉണരും. പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം യോഗ, കുന്നിന്‍ മുകളിലെ ക്ഷേത്രത്തിലേക്ക് നടത്തം, തൊട്ടടുത്ത ചായക്കടയില്‍ നിന്ന് പ്രഭാത ഭക്ഷണം, പത്രം വായന. പിന്നീടുള്ള സമയം അടുത്തുള്ള സ്‌കൂളിനോട് ചേര്‍ന്ന വായനശാലയില്‍. അങ്ങനെ പോകുന്നു ശങ്കരേട്ടന്റെ ജീവിതചര്യകള്‍.
മുകളില്‍ നിന്ന് വീഴുന്ന വെളിച്ചത്തില്‍ നില്‍ക്കുന്ന ചാരനിറമുള്ള മനുഷ്യന്‍. നിഴലും വെളിച്ചവും അതിന്റെ തീക്ഷ്ണതലങ്ങളില്‍ കൂടിക്കലരുന്ന ആ ചിത്രം കുറെക്കാലമായി മനസ്സിലുള്ളതാണ്.
ശങ്കരേട്ടനെത്തന്നെ വീണ്ടും മോഡലാക്കാന്‍ തീരുമാനിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ ലേഖയ്ക്കാണ് ശങ്കരേട്ടനെ കൂടുതലിഷ്ടം. അത് കൊണ്ടാണ് അദ്ദേഹത്തെ അന്വേഷിച്ചുള്ള യാത്രയില്‍ ലേഖയെക്കൂടിക്കൂട്ടിയത്. വഴിയില്‍ കാര്‍ത്ത്യായനിയമ്മയെ കണ്ടു. ശങ്കരേട്ടന് ആരുമില്ലേ എന്ന ലേഖയുടെ ചോദ്യത്തിന് കാര്‍ത്തിയായനിയമ്മ നിസംഗതയോടെ മറുപടി പറഞ്ഞു തുടങ്ങി.
യൗവ്വനത്തില്‍ ശങ്കരേട്ടന്‍ നല്ല സുന്ദരനായിരുന്നു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. ഭാര്യക്ക് അവരുടെ അമ്മാവന്റെ മകനെ കല്യാണം കഴിക്കണമെന്നായിരുന്നു. വിവാഹ ശേഷവും അവര്‍ അയാളെ പ്രണയിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരു ദിവസം അവര്‍ അയാളോടൊപ്പം പോയി. അങ്ങനെ ശങ്കരേട്ടന്‍ തനിച്ചായി താമസം. പിന്നീട് അധികകാലവും ശങ്കരേട്ടനെ ആരും വീടിന് പുറത്ത് കാണാതെയായി.
കോളേജ് വന്നതിന് ശേഷമാണ് ശങ്കരേട്ടന്‍ കവലയിലും കോളേജിനു മുന്നിലും വന്ന് തുടങ്ങിയത്. അങ്ങനെയാണ് ശങ്കരേട്ടന്റെ കല തുളുമ്പുന്ന മുഖം ചിത്രകാരന്‍മാര്‍ കണ്ടെത്തിയത്. ഇപ്പോള്‍ കോളേജിന് മുന്നില്‍ ശങ്കേരട്ടന്റെ ആകാരമുള്ള എട്ട് ശില്‍പ്പങ്ങളുണ്ട്.
ദീര്‍ഘമായി നിശ്വസിച്ച് കൊണ്ട് കാര്‍ത്ത്യായനിയമ്മ കഥ പറഞ്ഞ് നിര്‍ത്തി.
ശങ്കരേട്ടന്റെ വീടെത്തി. നേരിയ ചാറ്റല്‍ മഴ പെയ്യുന്നു. മുറ്റത്ത് നിറയെ ആളുകള്‍. കുനിഞ്ഞ മുഖങ്ങള്‍. നിശബ്ദത. ആള്‍ക്കൂട്ടത്തിനിടയിലൂടെ വന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.
‘രാവിലെയായിരുന്നു. ഹാര്‍ട്ട് അറ്റാക്ക്. കഷ്ടമായിപ്പോയി.’
മുറിക്കുള്ളില്‍ ശങ്കരേട്ടന്‍ തറയില്‍ നിവര്‍ന്ന് കിടക്കുന്നു. കൈ നിറയെ ചായം. ചുറ്റിലും പെയിന്റിംഗുകള്‍. പഴയതും, പുതിയതും, നിറം മങ്ങിയതും, ചായം ഉണങ്ങാത്തതും.
മനോഹരങ്ങളായ നിറക്കൂട്ടുകള്‍, ആശയങ്ങള്‍, വികാരങ്ങള്‍, ഭാവങ്ങള്‍.
പുറത്ത് മഴ തകര്‍ത്ത് പെയ്യുകയാണ്..
ചിത്രങ്ങള്‍ക്ക് നടുവില്‍ കിടക്കുന്ന ശങ്കരേട്ടന്റെ മുഖം കണ്ണുകളില്‍ നിന്ന് മായുന്നില്ല. ജീവിതം മുഴുവന്‍ ചിത്രങ്ങള്‍ വരച്ച്, ചിത്രകാരന്‍മാര്‍ക്ക് മോഡലായി ഇരുന്ന് കൊടുത്ത,് അവര്‍ കൊടുക്കുന്ന കാശ് കൊണ്ട് കള്ള് കുടിച്ച,് ആരാലും ശ്രദ്ധിക്കപ്പെടാതെ, മനസ്സിലാക്കപ്പെടാതെ ഒറ്റപ്പെട്ട് ജീവിച്ച ശങ്കരേട്ടന്റെ ചിത്രങ്ങള്‍ ലോകം കാണണമെന്ന് തോന്നി.
മുറ്റത്ത് പന്തലുയര്‍ന്നു. സാംസാകരിക നായകര്‍ എത്തി, രാഷ്ട്രീയക്കാര്‍ വന്നു, ചാനലുകാരുടെ കുടകള്‍ ഉയര്‍ന്നു, പുറകിലെ മാവ് വെട്ടി, ചന്ദന മുട്ടികള്‍ വന്നു, ചിത ഒരുങ്ങി, ക്യാമറകള്‍ മിഴിതുറന്നു, ഫ്‌ളാഷുകള്‍ തുരു തുരാ മിന്നി.
മഴ വീണ്ടും കനത്തു…
ദൂരെ പുഴയ്ക്കക്കരെ, കോളേജിന് മുന്നില്‍ ശങ്കരേട്ടന്റെ ശില്‍പ്പങ്ങള്‍ മഴ നനഞ്ഞ് നിന്നു. കാറ്റില്‍ ആടിയുലഞ്ഞു. വലിയ ശബ്ദത്തോടെ ഇടിവെട്ടി. മിന്നല്‍പ്പിണരുകളുടെ വെള്ളി വെളിച്ചത്തില്‍ ശങ്കരേട്ടന്റെ ശില്‍പ്പങ്ങള്‍ വന്യമായി തിളങ്ങി.