Web Desk

June 11, 2021, 5:24 pm

യുഡിഎഫില്‍ തുടരുന്നതിന് അണികള്‍ക്ക് ആശങ്കയുണ്ടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍; ‘ആര്‍എസ്പി മുന്നണി മാറ്റത്തിനൊരുങ്ങിയിരുന്നു’

Janayugom Online

ആര്‍എസ്പിയുടെ അണികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വിടണമെന്ന കാര്യത്തില്‍ മാനസീകമായി തീരുമാനമെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നു. പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിയേറ്റ് അംഗവും, കൊല്ലം എംപിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കി അഭിമുഖത്തിലാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. ആര്‍എസ്പി യുഡിഎഫില്‍ തുടരുന്നത് അണികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് എന്‍കെ പ്രേമചന്ദ്രന്‍. എന്നാല്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ളത് കൊണ്ട് സംസ്ഥാന പാര്‍ട്ടിയെന്ന നിലക്കുള്ള അംഗീകാരം നിലനിര്‍ത്താന്‍ കഴിയുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. മുന്നണിമാറ്റം എന്ന ചര്‍ച്ച പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നുവെന്നും എന്‍കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി.‘തുടര്‍ച്ചയായ രണ്ടാം തവണയും നിയമയഭയില്‍ പ്രാതിനിധ്യമില്ലാത്ത യുഡിഎഫില്‍ തുടരുന്നത് അണികളില്‍ വലിയ തോതില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 

എന്നാല്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ളത് കൊണ്ട് സംസ്ഥാന പാര്‍ട്ടിയെന്ന നിലക്കുള്ള അംഗീകാരം നിലനിര്‍ത്താന്‍ കഴിയും. എങ്കില്‍ പോലും നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതിന്റെ പേരില്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് പോലും പരിഗണന ലഭിക്കാത്ത പ്രശ്‌നമുണ്ട്.’എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്തതിനാല്‍ കൃഷിഭവന്‍, ആശുപത്രി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. ഇതു പ്രാദേശിക തലങ്ങളില്‍ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പറയുന്നു. യുഡിഎഫില്‍ ആകെയുണ്ടായിരുന്ന കെട്ടുറപ്പിന്റേയും സംഘടനാ സംവിധാനത്തിന്റെയും ഭാഗമാണ് ഇപ്പോഴത്തെ തോല്‍വിയെന്നും പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംഘടനാപരമായ പുനഃരുജ്ജീവനത്തിലൂടെ മാത്രമെ കോണ്‍ഗ്രസിലെ യുഡിഎഫിന് തിരിച്ചുവരവിന് സാധിക്കുകയുള്ളൂവെന്നും അതിന് കെപിസിപി, പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ വന്ന മാറ്റം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. 

മുന്നണിമാറ്റം എന്ന ചര്‍ച്ച ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെപിസിസി, പ്രതിപക്ഷ നേതാവ് ചര്‍ച്ചയിലും ഗ്രൂപ്പ് വിയോജിപ്പുകള്‍ ഉയര്‍ന്നതോടെയാണിത്. എന്നാല്‍ കെട്ടുറപ്പും ഐക്യവുമുള്ള സംഘടനാ സംവിധാനത്തിലേക്ക് യുഡിഎഫ് വന്നാല്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങളെല്ലാം അപ്രസക്തമാവുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി.കോണ്‍ഗ്രസില്‍ പലപ്പോഴും ഗ്രൂപ്പ് താല്‍പര്യങ്ങളാണ് മുഴച്ച് നില്‍ക്കുന്നത്. അത് അവര്‍ തിരിച്ചറിയാത്ത കാര്യമല്ല. പക്ഷെ അത് പരഹരിക്കാന്‍ പലപ്പോഴും കഴിയുന്നില്ല എന്നിടത്താണ് പ്രശ്നം. ഇതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാര്‍ട്ടിക്ക് പ്രഥമ പരിഗണന നഷ്ടപ്പെടുന്നിടത്തോളും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ വളര്‍ന്നെന്നും എന്‍ കെ പ്രേമചമന്ദ്രന്‍ പറയുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയെ ശക്തമായി നില്‍ക്കുന്നതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. നേതാക്കളും പ്രവര്‍ത്തകരും ഗ്രൂപ്പ് മാറുകയല്ലാത്തെ എല്‍ഡിഎഫിലേക്കോ മറ്റൊരു പാര്‍ട്ടിയിലേക്കോ പോവുമായിരുന്നില്ല. 

എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റൊരു ഗ്രൂപ്പിലേക്കല്ല പോവുന്നത്. ഗ്രൂപ്പില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അവര്‍ നേരേ പോവുന്നത് മറ്റൊരു പാര്‍ട്ടിയിലേക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസും യുഡിഎഫും മികച്ച സ്ഥാനാര്‍ത്ഥി പട്ടിക തന്നെയായിരുന്നു പുറത്തിറക്കിയത്. എന്നാല്‍ അത് വളരെ വൈകിപ്പോയി. പത്ത് ദിവസത്തിലേറെ നീണ്ട ചര്‍ച്ചയാണ് ഡല്‍ഹിയില്‍ നടന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസില്‍ ഉണ്ടാവുന്ന സംഘടനാ പ്രശ്നങ്ങള്‍ വളരെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതി വിശേഷം പലപ്പോഴും ഉണ്ടാവുന്നു. പഴയ സാഹചര്യം മാറിയെന്നത് മനസ്സിലാക്കേണ്ടതുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും പ്രചരണവുമൊക്കെ കഴിഞ്ഞിട്ടും നാല് സ്ഥാനാര്‍ത്ഥികളെ മാറ്റി പ്രഖ്യാപിക്കുകയും അവരെ വിജയിപ്പിക്കുകയും ചെയ്ത കഥയൊക്കെ ചില കോണ്‍ഗ്രസുകാര്‍ ഓര്‍മ്മിപ്പിക്കാറുണ്ട്. എന്നാല്‍ അക്കാലമൊക്കെ പോയി. 

ഇന്ന് കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടികളോടാണ് യുഡിഎഫ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തെ വിഭാഗീയതയും ഗ്രൂപ്പിസവും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫിന്‍റെ കാര്യത്തില്‍ അത് സംഭവിച്ചു. മത്സരിക്കാന്‍ അവസരങ്ങള്‍ ലഭിക്കാത്ത വലിയൊരു വിഭാഗം കോണ്‍ഗ്രസിലുണ്ട്. അവരെയൊക്കെ നേരത്തെ തന്നെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് കൊണ്ടുപോവാന്‍ രണ്ട് ഗ്രൂപ്പുകളായി നില്‍ക്കുമ്പോള്‍ കഴിയില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസില്‍ മാത്രമല്ല മുന്നണി സംവിധാനത്തിലും കുറേക്കൂടി മാറ്റങ്ങള്‍ വേണ്ടതുണ്ട്. ഇടതുമുന്നണിയില്‍ ആണെങ്കില്‍ ഒരു പരിപാടി വന്നാല്‍ അധ്യക്ഷന്‍ ഘടകക്ഷിയും ഉദ്ഘാടകന്‍ സിപിഎമ്മും ആവും. മാത്രവമല്ല സംസാരിക്കാന്‍ എല്ലാ കക്ഷി നേതാക്കളും അവസരം നല്‍കും. എന്നാല്‍ യുഡിഎഫില്‍ അങ്ങനെയല്ല. കോണ്‍ഗ്രസിലെ പത്ത് പേരും മുസ്ലിം ലീഗും സംസാരിച്ച് കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അവസരമില്ല. ഈ ശൈലി മാറണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നു. 

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് നല്‍കിയ സീറ്റില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് പരാജയപ്പെടുത്തിയിരുന്നു. അന്നു മുതല്‍ അണികള്‍ മുന്നണി വിടണമെന്ന നിലപാടിലായിരുന്നു. പിന്നീട് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ കൂടിയ ആര്‍എസ്പി ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പോലും മുന്നണി വിടണമന്നാവശ്യം ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ നിന്നു പോലും ഉണ്ടായി. കൊല്ലം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അണികളുടെ വിമര്‍ശനത്തിനു മുന്നില്‍ മറുപടി നല്‍കാന്‍ കഴിയാതെ നേതാക്കള്‍ വിഷമിച്ച അവസ്ഥയുണ്ടായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രേമചന്ദ്രന്‍റെ അഭിപ്രായങ്ങള്‍ക്കു ഏറെ പ്രാധാന്യം ഏറുന്നു.

ENGLISH SUMMARY:NK Prema­chan­dran said that par­ty mem­bers are wor­ried about to stay in udf
You may also like this video