‘ന്നാ തൊടങ്ങാല്ലേ’

Web Desk
Posted on June 09, 2019, 9:46 am

സുനിത ഗണേഷ്

ഈ വെള്ളപൂശിയ ചുവരിനുള്ളില്‍
നിന്ന് സുഹൃത്തേ,
എനിക്ക് നിന്നോട് പറയുവാന്‍ ഒന്നുമില്ല.
വെറുതെ തുറന്നിട്ട ജാലകപ്പാളികളിലൂടെ
ദൃഷ്ടി പായിച്ചു,
കൈപ്പേച്ചിയിലൂടെ
ദീര്‍ഘനിശ്വാസമെടുക്കാന്‍
ഞാന്‍ ആളല്ല.
എന്റെ സമ്മര്‍ദ്ദിത മനോമുകുളങ്ങളില്‍
സുഗന്ധലേപനം പുരട്ടി,
പുഷ്പിപ്പിക്കാന്‍ നിന്നെ ഞാന്‍
ഏല്പിച്ചിട്ടില്ല.
പൂക്കാത്ത മൊട്ടുകളില്‍ ആഞ്ഞിടിച്ചു
തുറപ്പിക്കാന്‍,
കണ്ണു ചുവപ്പിച്ചു ആക്രോശിക്കാന്‍,
അല്ലെങ്കില്‍
സമരസപ്പെടുത്തി
വിടര്‍ത്തിയെടുക്കാന്‍
നീ ശ്രമിക്കേണ്ടതില്ല.
എന്റെ നീലഞരമ്പുകളെ
തോണ്ടിയെടുത്തു ചാക്കിലാക്കി,
വില്‍പനക്ക് വെക്കാന്‍
സ്വപ്‌നം കാണേണ്ടതില്ല.

എനിക്ക് ചിലതു പറയാനുണ്ട്,
കേള്‍ക്കണം നീ…
നേര്‍ത്ത തണുപ്പുള്ള
ആല്‍ത്തറയില്‍ വെച്ച്,
നീയും ഞാനും
പുകയൂതി ആകാശത്തേക്ക് തള്ളി,
ഇത്തവണ
ഭരണത്തിലേക്കാരു കേറുമെന്നോ;

നനഞ്ഞ മണലുള്ള
പുഴക്കരയിലെ പാറമേലിരുന്ന്
ഒരു ഫുള്ളകത്താക്കി,
കൊള്ളപ്പലിശക്കാരന്‍, തള്ളുവിരുതന്‍,
വയറന്റെ ജീപ്പ്
പാലത്തിന്റെ മോളീന്നു താഴേക്കു
ചാടുന്ന സിനിമ ഫ്രെയിമിനെക്കുറിച്ചോ;

അല്ലെങ്കില്‍,
കൊയ്‌തെടുത്ത പാടത്തെ
വിളളലിലൂടെ മണ്ടിച്ചാടുന്ന
ഞണ്ടുകളെ
വിരലോണ്ട് തോണ്ടിയെടുത്ത്,
വട്ടം കറക്കി,
രാജ്യപുരോഗതിക്കു വേണ്ടി
കര്‍ഷകര്‍
ചെയ്യേണ്ടതെന്ത് എന്നതിനെക്കുറിച്ചോ;

അതുമല്ലെങ്കില്‍,
ചുമ്മാ
നമ്മുടെ കവലയിലെ
ചാ(രാ)യപ്പീടികയില്‍ ചെന്നിരുന്നു,
ചെറുവിരല്‍
ചെവിയിലിട്ടു ചുരണ്ടി, മണപ്പിച്ച്,
ബൈക്കില്‍ പോണ
മറിയാമ്മയെയും,
ബസോടിക്കണ പാത്തുമ്മയെയും,
ഇറച്ചി വെട്ടുന്ന തുളസിയേയും,
പറ്റി
വര്‍ത്തമാനപത്രത്തില്‍ വന്ന
കഥ വായിച്ച്
ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പെങ്കിലും
നടത്താം.
അപ്പൊ സുഹൃത്തേ,
ന്നാ തൊടങ്ങാല്ലേ!!!