ബേബി ആലുവ

കൊച്ചി

December 21, 2020, 9:40 pm

പ്രഖ്യാപനം പൊളിഞ്ഞു; 5ജി ഈ വര്‍ഷമില്ല

Janayugom Online

രാജ്യത്താകമാനം 2020‑ൽ വ്യാവസായികാടിസ്ഥാനത്തിൽ 5ജി എത്തുമെന്ന നരേന്ദ്ര മോഡി സർക്കാരിന്റെ പ്രഖ്യാപനം പൊളിഞ്ഞു. സ്പെക്ട്രം ലേലത്തിൽ 5ജി സേവനത്തിനായുള്ള സ്പെക്ട്രം ഉൾപ്പെടുത്തേണ്ടതില്ലെന്നു കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതാണ് ഈ ദുസ്ഥിതിയിലേക്ക് വിരൽ ചൂണ്ടുന്നത്.

മൊത്തം 3.92 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലം ചെയ്യാനും ഈ ദിവസങ്ങളിൽ അപേക്ഷ ക്ഷണിച്ച് മാര്‍ച്ചിൽ ലേലം നടത്താനും തീരുമാനമെടുത്തപ്പോൾ, അക്കൂട്ടത്തിൽ നിന്ന് 5ജി സേവനത്തിനായുള്ള സ്പെക്ട്രത്തെ വെട്ടുകയായിരുന്നു. എന്നാൽ, 5ജി-ക്കു വേണ്ടതുൾപ്പെടെ മൊത്തം 5.22 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലത്തിനായിരുന്നു കഴിഞ്ഞ മേയിൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ അനുമതി നൽകിയിരുന്നത്.

രണ്ടാം നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ്, 100 ദിവസത്തിനുള്ളിൽ അഞ്ചാം തലമുറ (5 ജി ) പരീക്ഷണം തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായത്. 2020-ൽത്തന്നെ രാജ്യത്താകമാനം 5 ജി എത്തുമെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് അവകാശപ്പെട്ടിരുന്നു. ലോകത്ത് 5 ജി സംവിധാനം നടപ്പിലായിട്ട് ആഴ്ചകൾ മാത്രം പിന്നിട്ട അവസരത്തിലുള്ള മന്ത്രിയുടെ പ്രഖ്യാപനം വെറും വീൺവാക്കാണെന്ന് ആ വേളയിൽത്തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

2017‑ൽ, ഐ ടി മന്ത്രാലയത്തിലെയും ശാസ്ത്ര‑സാങ്കേതിക വകുപ്പിലെയും സെക്രട്ടറിമാരെ ഉൾപ്പെടുത്തി 5 ജി സേവനത്തിനായി ഉന്നതാധികാര സമിതി രൂപവത്കരിച്ചിരുന്നു.

2020‑ൽ ലോക രാജ്യങ്ങളുടെ പ്രഖ്യാപനത്തോടൊപ്പം ഇന്ത്യയും നിൽക്കുമെന്ന് അവകാശപ്പെട്ട് 5 ജി സ്പെക്ട്രം സ്ട്രാറ്റജിയും അവതരിപ്പിച്ചു. ഈ രംഗത്തുള്ള എല്ലാ സേവനദാതാക്കൾക്കും 5 ജി സ്പെക്ട്രം പരീക്ഷണാർത്ഥം അനുവദിക്കാൻ തത്വത്തിൽ തീരുമാനിച്ചതായി കഴിഞ്ഞ വർഷം ഡിസംബറിൽ മന്ത്രി വീണ്ടും അറിയിച്ചു. ഇതിനിടെ, യു എസ്, യുകെ, ചൈന, ജർമ്മനി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ 5 ജി സ്പെക്ട്രത്തിന്റെ വ്യാവസായികാവതരണം നടന്നു കഴിഞ്ഞിരുന്നു.

ഇതര രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 5 ജി സ്പെക്ട്രത്തിന്റെ ഒരു മെഗാഹെർട്സിന് ടെലികോം റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) നിശ്ചയിച്ചിട്ടുള്ള വില താങ്ങാനാവാത്തതാണ് തടസ്സങ്ങൾക്കു മുഖ്യ കാരണം എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഒരു മെഗാഹെർട്സിന് 492 കോടി രൂപയാണ് ട്രായ് നിശ്ചയിച്ചിരിക്കുന്ന വില. കമ്പനികൾ മിനിമം 20 മെഗാഹർട്സ് വാങ്ങണമെന്നാണ് തീരുമാനം. ഒരു കമ്പനിക്ക് 5 ജി സ്പെക്ട്രത്തിന്റെ സുഗമമായ പ്രവർത്തനത്തിന് 100 മെഗാഹെര്‍ട്സ് ആവശ്യമാണെന്നാണ് കണക്കുകൂട്ടൽ. അടിസ്ഥാന വില കുറച്ചേ തീരൂ എന്ന കടുംപിടിത്തം കമ്പനികളുടെ ഭാഗത്തുനിന്നുണ്ട്.

അതേ സമയം, രണ്ടു കമ്പനികൾക്കു പോലും പ്രവർത്തിക്കാൻ ആവശ്യമായ സ്പെക്ട്രം ഇല്ലാത്ത സാഹചര്യത്തിൽ 5 ജി-യെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഭിപ്രായം. അമിതമായ അടിസ്ഥാന വില, അപര്യാപ്തമായ സ്പെക്ട്രം, പുതിയ ബാൻഡുകളുടെ ലഭ്യതയിലെ പരിമിതി തുടങ്ങിയവ മൂലം 5 ജി- യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അവതരണത്തിന് അഞ്ചു വർഷം വരെ വൈകുമെന്നും അവർ പറയുന്നു. 2022‑ൽ മാത്രമേ 5 ജി സബ്സ്ക്രിപ്ഷനുകൾ ഇന്ത്യയിൽ ലഭ്യമാകൂ എന്നാണ് സ്വീഡിഷ് മൊബൈൽ കമ്പനിയായ എറിക്സൺ കണക്കുകൂട്ടുന്നത്.

Eng­lish Sum­ma­ry: No 5G this year

You may like this video also