ആധാര്‍ ഇല്ല: മുൻ സൈനികന്റെ പെന്‍ഷന്‍ നിർത്തി

Web Desk
Posted on March 03, 2018, 10:50 am

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ 95 വയസുള്ള മുന്‍ സൈനികന്റെ പെന്‍ഷന്‍ നിര്‍ത്തിയതായി പരാതി. വ്യോമസേനയില്‍ നിന്നു വിരമിച്ച സൈനികനാണ് ആധാര്‍ സമര്‍പ്പിക്കാത്തതിന്റെ പേരില്‍ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

സൈനികന്റെ മകനും നോയ്ഡയില്‍ ബിസിനസുകാരനുമായ അനില്‍ ഭാസിനാണ് പിതാവിന്റെ അവസ്ഥ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആധാര്‍ നിര്‍ബന്ധമാക്കണോ എന്ന കാര്യത്തില്‍ സുപ്രീം കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്ത സാഹചര്യത്തിലും 95 വയസുള്ള ഒരു മുന്‍ സൈനികനോട് ആധാര്‍ ലഭ്യമാക്കിയെങ്കില്‍ മാത്രമേ പെന്‍ഷന്‍ നല്‍കൂ എന്നു പറയുന്നതിലും സീനിയര്‍ സിറ്റിസണിനെ പോലും ഇക്കാര്യത്തില്‍ ഒഴിവാക്കാത്തതിലും നിരവധി പേര്‍ ഈ പോസ്റ്റിനു കീഴില്‍ അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്.

എന്നാല്‍ എന്തുകൊണ്ട് പിതാവിന് ആധാര്‍ എടുത്തു നല്‍കാന്‍ അനില്‍ ഭാസിന്‍ തയാറായില്ല എന്നതാണ് ചിലരുടെ ചോദ്യം. അതിനു മറുപടിയായി ഇക്കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുത്തിട്ടു മാത്രമേ ആധാര്‍ സമര്‍പ്പിക്കാന്‍ കഴിയൂ എന്ന മറുപടിയാണ് ചിലര്‍ നല്‍കുന്നത്.

അവശ്യസേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുമ്പോഴും മിക്ക സേവനങ്ങള്‍ക്കും സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത. സുപ്രീം കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടുമൊക്കെ മാര്‍ച്ച് 31‑ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം തുടരെ തുടരെ ഉണ്ടാകുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയെ അറിയിച്ചത് മാര്‍ച്ച് 31 വരെ ഇക്കാര്യത്തില്‍ സമയം നല്‍കും എന്നാണ്. എന്നാല്‍ ആധാര്‍ നിര്‍ബന്ധമാക്കണമോ എന്ന വിഷയത്തില്‍ സുപ്രീം കോടതി ഇതുവരെ അന്തിമ വിധി പുറപ്പെടുവിച്ചിട്ടുമില്ല.