കെ രംഗനാഥ്

 ദുബായ്

April 05, 2020, 9:07 pm

പ്രവാസികളെ പടിക്ക് പുറത്താക്കി ഇന്ത്യ; ഗള്‍ഫ് വിമാനസര്‍വീസുകള്‍ക്ക് പ്രവേശനവിലക്ക്

Janayugom Online

യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കൊറോണ ലോക്ഡൗണിന്റെ മറവില്‍ പ്രവേശനവിലക്ക്. അടിയന്തരാവശ്യങ്ങള്‍‌ക്ക് നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്ന ആയിരങ്ങളെ പ്രത്യേക വിമാനങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ നടപടിക്രമങ്ങളനുസരിച്ച് ഇന്ത്യയിലെത്തിക്കാമെന്ന് ഗള്‍ഫ് വിമാനക്കമ്പനികള്‍ കാട്ടിയ ഔദാര്യമാണ് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത്. തിരുവനന്തപുരവും നെടുമ്പാശേരി ഉള്‍പ്പെടെയുള്ള ഏഴ് ഇന്ത്യന്‍ നഗരങ്ങളിലേക്കും ലണ്ടന്‍, പാരീസ്, ബ്രസല്‍സ്, സൂറിച്ച് എന്നീ മറ്റ് വിദേശ നഗരങ്ങളിലേയ്ക്കും തിങ്കളാഴ്ച മുതല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ദുബായുടെ എമിറേറ്റ്സ്, അബുദാബിയുടെ എത്തിഹാദ് എന്നീ വിമാനകമ്പനികള്‍ അറിയിച്ചിരുന്നു.

എന്നാല്‍ തിങ്കളാഴ്ച തുടങ്ങുന്ന പ്രത്യേക സര്‍വീസുകളുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങളുടെ പേരുകളില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇന്ത്യയുടെ അനുമതി ലഭിക്കാത്തതിനാലാണ് നെടുമ്പാശേരിയും തിരുവനന്തപുരവും അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കാത്തതെന്ന് എമിറേറ്റ്സ്, എത്തിഹാദ് അധികൃതര്‍ അറിയിച്ചു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, അത്യാസന്ന രോഗാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ പരിചരണം, കൊറോണയല്ലാതെയുള്ള മറ്റു രോഗങ്ങള്‍ക്കുള്ള ഇന്ത്യയിലെ തുടര്‍ ചികിത്സ എന്നിവയ്ക്കു വേണ്ടി നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിനു പ്രവാസികളാണുള്ളത്. കൊറോണ രോഗികളല്ലാത്തവരായ യാത്രക്കാര്‍ ഇന്ത്യയിലെത്തിയാല്‍ ക്വാറന്റെെനില്‍ കഴിയാമെന്ന് സമ്മതപത്രം വരെ നല്കി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഗള്‍ഫ് വിമാനങ്ങള്‍ക്ക് ഇന്ത്യയുടെ പ്രവേശന വിലക്ക്.

അടിയന്തര സ്വഭാവമുള്ള യാത്രക്കാരെ നാട്ടിലെത്തിക്കുന്ന വിമാനങ്ങളും അവയില്‍ യാത്ര ചെയ്യുന്നവരേയും വെെറസ് വിമുക്തമാക്കിയായിരിക്കും സര്‍വീസ് നടത്തുന്നതെന്ന് ഗള്‍ഫ് വിമാനകമ്പനികള്‍ ഉറപ്പുവരുത്തിയിരുന്നു. യാത്രക്കാരുടെ അകലം പാലിച്ച് സര്‍വീസ് നടത്തുന്നതിനൊപ്പം യാത്രക്കാര്‍ക്ക് ഭക്ഷണം നല്കുന്നതില്‍ പോലും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്. യാത്രക്കാര്‍ക്ക് വായിക്കാന്‍ പത്ര‑മാസികകള്‍ പോലും നല്കില്ല. മൂന്നിലൊന്ന് യാത്രക്കാര്‍ പോലുമില്ലാതെ നടത്തുന്ന സര്‍വീസുകള്‍ യാത്രക്കാരില്ലാതെയാണ് ഗള്‍ഫിലേക്ക് തിരിച്ചുപറക്കുന്നത്. നഷ്ടം സഹിച്ചും കൊറോണ പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും നടത്തുന്ന ഈ സര്‍വീസുകള്‍ക്ക് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചതില്‍ പ്രവാസികളില്‍ വ്യാപകമായ രോഷമാണുയരുന്നത്.

you may also like this video;