July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കോംട്രസ്റ്റ് ഏറ്റെടുത്തുകൊണ്ടുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും നടപടിയില്ല: തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി

Janayugom Webdesk
February 1, 2021

കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി അടച്ചുപൂട്ടിയതിന്റെ 13-ാം വാർഷികദിനത്തിൽ കോംട്രസ്റ്റിന് സമീപത്ത് സംയുക്ത സമംരസമിതി നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി. സമരം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജനയുഗം പത്രാധിപരുമായ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സംഘടിത വ്യവസായമായി തുടക്കംകുറിച്ച കോംട്രസ്റ്റ് വീവിങ് ഫാക്ടറി ചരിത്ര പ്രധാനമായ സ്ഥാപനമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടത് കേവലം തൊഴിലാളികളുടെ മാത്രം പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ബെക്കിംഗ്ഹാം കൊട്ടാരത്തിലേക്കുൾപ്പെടെ ബ്രിട്ടീഷുകാർ അവർക്ക് ആവശ്യമായ തുണിത്തരങ്ങൾ വാങ്ങിയിരുന്നത് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയിൽ നിന്നുമായിരുന്നുവെന്ന് ചരിത്രരേഖകൾ ചൂണ്ടിക്കാട്ടുന്നു. ഇവിടെനിന്നും നെയ്ത്ത് പഠിച്ചവരാണ് പിന്നീട് സംസ്ഥാനത്തിന്റെ പലസ്ഥലത്തും നെയ്ത്ത് വ്യവസായങ്ങൾ ആരംഭിച്ചത്.

കോഴിക്കോട് നഗരത്തിലെ ഈ പൈതൃകസ്ഥാപനം സംരക്ഷിക്കപ്പെടേണ്ടത് ചരിത്രത്തോടും സംസ്കാരത്തോടുമുള്ള പ്രതിബദ്ധതയാണ്. അതാണ് പുരാവസ്തുവകുപ്പും വ്യക്തമാക്കിയിട്ടുള്ളത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടും ഫാക്ടറി തുറക്കാൻ കഴിയാത്തത് എന്തെന്ന് പരിശോധിക്കപ്പെടണം. തൊഴിലാളികളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാവണം നടപടി. സ്ഥാപനത്തിന്റെ ശോചനീയാവസ്ഥയും 12 വർഷമായി തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതവും കണക്കിലെടുത്ത് അടിയന്തര പ്രാധാന്യം നൽകി പ്രാബല്യത്തിൽ വന്ന നിയമം നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാവണം. കഴിഞ്ഞ 12 വർഷക്കാലമായി സമരരംഗത്തുള്ള തൊഴിലാളികളുടെ ഇച്ഛാശക്തി പ്രശംസനീയമാണെന്നും തൊഴിലാളി സമരം വിജയംവരിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരസമിതി ചെയർമാൻ കെ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എം മുഹമ്മദ് ബഷീർ, പി എസ് ജയപ്രകാശ് കുമാർ, കെ പി സഹദേവൻ, എലനോറ നല്ലു ഇ സി എന്നിവർ സംസാരിച്ചു. പി ശിവപ്രകാശ് സ്വാഗതവും, എം ഷാജി ജോസ് നന്ദിയും പറഞ്ഞു. എ ബാലചന്ദ്രൻ, പി സജീവ് എന്നിവർ നേത്യത്വം നൽകി.

2010 ൽ എൽ ഡി എഫ് സർക്കാർ സ്ഥാപനം ഏറ്റെടുക്കാൻ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി അയക്കാനായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. 2012 ൽ നിയമസഭ ഐക്യകണ്ഠേന ഫാക്ടറി ഏറ്റെടുത്തുകൊണ്ടുള്ള ബില്ല് പാസ്സാക്കിയിരുന്നു. എന്നാൽ യു ഡി എഫ് ഭരണകാലത്ത് ബില്ലിന് അംഗീകാരം ലഭിച്ചില്ല. പിന്നീട് കേരള ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നുള്ള ഇടപെടലിലാണ് 2018 ഫെബ്രുവരി ഒന്നിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. എന്നാൽ ഇതിനു ശേഷം മൂന്നു വർഷം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല.

തൊഴിലാളികൾ മാസങ്ങളോളം തിരുവനന്തപുരം കെ എസ് ഐ ഡി സി ഓഫീസിന് മുന്നിൽ സമരം നടത്തിയെങ്കിലും നടപടിയുണ്ടായില്ല. സ്ഥാപനം ഏറ്റെടുക്കൽ നടപടികൾ എവിടെയും എത്താത്ത സ്ഥിതിയാണുള്ളത്. ജീവിക്കാൻ വഴിയില്ലാതെ പട്ടിണിയിലാണ് കോംട്രസ്റ്റ് തൊഴിലാളികൾ. ചിലർ ഇതിനകം മരണപ്പെട്ടുകഴിഞ്ഞു. പലരുടെയും വിരമിക്കൽ പ്രായവും കഴിഞ്ഞു. സ്ഥാപനമാവട്ടെ പൂർണ്ണമായും തകർന്നുകൊണ്ടിരിക്കുന്ന അവസ്ഥയുമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സമരം ആരംഭിക്കാൻ തൊഴിലാളികൾ തീരുമാനിച്ചത്.

ENGLISH SUMMARY: No action after three years of Pres­i­den­t’s approval of Comtrust takeover bill: Work­ers protest

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.