December 3, 2023 Sunday

Related news

November 26, 2023
November 22, 2023
November 7, 2023
November 4, 2023
November 3, 2023
October 28, 2023
October 27, 2023
October 11, 2023
October 10, 2023
October 7, 2023

ലൈംഗികാധിക്ഷേപത്തിന് നടപടിയില്ല; ലീഗില്‍ പ്രതിസന്ധി; നേതാക്കളെ തള്ളി ഫാത്തിമ തഹ്‌ലിയ

കെ കെ ജയേഷ്
കോഴിക്കോട്
August 18, 2021 11:05 pm

ലൈംഗികാധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പരാതിപ്പെട്ട വിദ്യാര്‍ത്ഥിനി വിഭാഗത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെതിരെ എംഎസ്എഫിലും ലീഗിലും പ്രതിഷേധം ശക്തമായി. സ്ത്രീവിരുദ്ധ നിലപാടിനെതിരെ വന്‍ പ്രതിഷേധ ശബ്ദങ്ങൾ രൂപപ്പെട്ടതോടെ വലിയ പ്രതിസന്ധിയാണ് മുസ്‌ലിം ലീഗ് നേരിടുന്നത്.

ലൈംഗികാധിക്ഷേപം നടത്തിയ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടും ഹരിത നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചും എംഎസ്എഫിന്റെ 11 ജില്ലാ കമ്മിറ്റികൾ ലീഗ് നേതൃത്വത്തിന് നല്കിയ കത്തുകള്‍ സമ്മർദ്ദത്തിലൂടെ പിൻവലിപ്പിക്കാനാണ് നീക്കം. ചില കമ്മിറ്റികൾ നിലപാട് മാറ്റിയത് ഈ സമ്മർദ്ദത്തിന്റെ ഫലമായാണ്. ഹരിതയെ പിന്തുണയ്ക്കുന്ന നിലപാട് തിരുത്തണമെന്ന് കത്തയച്ച ജില്ലാ കമ്മിറ്റികളോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ഇതേസമയം പി കെ നവാസിനെതിരെയുള്ള കത്ത് കിട്ടിയിട്ടില്ലെന്നും ഹരിതക്കെതിരായ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും അച്ചടക്കത്തിനാണ് പ്രാധാന്യമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം വ്യക്തമാക്കി. കത്തയച്ചത് ശരിവച്ച് ഹരിത സ്ഥാപക ജനറല്‍ സെക്രട്ടറി ഫാത്തിമ തഹ്‌ലിയയും രംഗത്തെത്തി. എംഎസ്എഫ് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവയ്ക്കുകയും ചെയ്തു.

ഹരിത വിഷയത്തിൽ മുസ്‌ലിം ലീഗിൽ ഏകാഭിപ്രായമില്ലെന്ന് വ്യക്തമാക്കുന്നതാണ് എം കെ മുനീറിന്റെ പ്രതികരണം. ഹരിതയെ മരവിപ്പിച്ച ലീഗ് നടപടി ചർച്ചകളുടെ വാതിൽ അടയ്ക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. താത്ക്കാലികമായാണ് ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ചതെന്നും ഏതു സമയത്തും അത് വീണ്ടും തുറക്കാൻ കഴിയുമെന്നുമുള്ള മുനീറിന്റെ പ്രതികരണം ഹരിതയ്ക്കുള്ള പിന്തുണയാണ്.

പെൺകുട്ടികളെ അപമാനിച്ചവർക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ഹരിത എന്ന സംഘടന ആവശ്യമില്ലെന്നും നിലപാട് സ്വീകരിച്ചതിൽ വനിതാ ലീഗിലും പ്രതിഷേധം ശക്തമാണ്.

ഹരിതയ്ക്കെതിരായി നടപടി സ്വീകരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ഹരിത നേതാക്കളെ കൂടുതൽ മോശമായി ചിത്രീകരിക്കുകയാണ് പി കെ നവാസിനെ അനുകൂലിക്കുന്നവർ. ലൈംഗികാധിക്ഷേപ വിഷയത്തിൽ പരാതി നൽകിയവർക്കെതിരെ നടപടിയുണ്ടായത് തങ്ങളുടെ വിജയമായാണ് ഇവർ ചിത്രീകരിക്കുന്നത്.

നേതാക്കളെ തള്ളി ഫാത്തിമ തഹ്‌ലിയ

 

ലീഗ് നേതാക്കളുടെ വാദങ്ങളെ തള്ളി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റും ഹരിതയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ഫാത്തിമ തഹ്‌ലിയ രംഗത്തെത്തി. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന തെറ്റാണ്. തങ്ങളോട് ഐക്യപ്പെട്ടാണ് 11 ജില്ലാ കമ്മിറ്റികൾ നേതൃത്വത്തിന് കത്ത് നൽകിയത്. നിരവധി നേതാക്കൾ തങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പാർട്ടി നേതൃത്വം നടപടിയെടുക്കാത്തതിനാലാണ് വനിതാ കമ്മിഷന് പരാതി നൽകിയത്. പരാതി നൽകിയ നേതാക്കളെയും തന്നെയും സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ഇത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതായും അവർ വ്യക്തമാക്കി.

ലീഗ് നടപടിയെ അനുകൂലിച്ച് വനിതാ ലീഗ്

 

ഹരിതയെ മരവിപ്പിച്ച ലീഗ് നടപടിയെ അനുകൂലിച്ച് വനിതാ ലീഗ്. ഹരിത മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയല്ല. ക്യാമ്പസിന് പുറത്ത് വനിതാ ലീഗുണ്ട്. ഹരിത എന്ന സംഘടന വേണമോയെന്ന് ആലോചിക്കണമെന്നും പെൺകുട്ടികൾ ലീഗിന്റെ ചട്ടക്കൂടിൽ പ്രവർത്തിക്കണമെന്നും വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൂടുതല്‍പേര്‍ രാജിക്ക്

 

സ്ത്രീവിരുദ്ധരെ സംരക്ഷിക്കുകയും പരാതി നൽകിയ പെൺകുട്ടികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന നെറികെട്ട നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ലീഗിലും എംഎസ്എഫിലും ഉയരുന്നത്.

ന്യായമായ പരാതിയിൽ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് എംഎസ് എഫ് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവച്ചത്. ക്യാമ്പസിലെ വിദ്യാർത്ഥികളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ പ്രയാസമുണ്ടെന്നാണ് ഭാരവാഹികൾ വ്യക്തമാക്കുന്നത്. എംഎസ്എഫ് സീനിയർ വൈസ് പ്രസിഡന്റ് എ പി അബ്ദുസമദ് രാജിവച്ചതിന് പിന്നാലെ കൂടുതൽ ജില്ലാ ‑സംസ്ഥാന നേതാക്കളും രാജിക്കൊരുങ്ങുകയാണ്.

Eng­lish Sum­ma­ry: No action for sex­u­al harass­ment; Cri­sis in the league; Fati­ma Tahliya rejects leaders

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.